'മകനെ കുറിച്ചോർത്ത് അഭിമാനം'; ഹോട്ടൽ മുറിയിലെത്തി നിതീഷ് കുമാർ റെഡ്ഡിയെ വാരിപ്പുണർന്ന് കുടുംബം; വൈകാരിക നിമിഷങ്ങൾ പങ്ക്‌വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; അര്‍ധ സെഞ്ച്വറി ആഘോഷം പുഷ്‌പ സ്റ്റൈലിലെങ്കിൽ, സെഞ്ച്വറി ബാഹുബലിയായി; ട്രെൻഡിംഗായി സെലിബ്രേഷനും

Update: 2024-12-28 11:58 GMT

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ദിനം താരമായിരിക്കുകയാണ് 21കാരനായ നിതീഷ് കുമാർ റെഡ്ഡി. മെൽബണിൽ കന്നി സെഞ്ച്വറി നേടി ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റാനും യുവ താരത്തിനായി. സെഞ്ച്വറി തികച്ച ശേഷം ബാറ്റുയർത്തി കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ കണ്ണീരോടെ അദ്ദേഹത്തിന്റെ പിതാവ് മുത്തിയാല റെഡ്ഡിയും പവലിയനിൽ ഉണ്ടായിരുന്നു. വൈകാരികമായ നിമിഷങ്ങളായിരുന്നു മെൽബൺ ക്രിക്കറ്റ് മൈതാനത്ത് അരങ്ങേറിയത്.

ഇപ്പോഴിതാ ഹോട്ടൽ മുറിയിൽ താരത്തെ സന്ദർശിക്കാനെത്തിയ കുടുംബത്തിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സമൂഹ മാധ്യമങ്ങളിൽ സഹോദരിയും അമ്മയും പിതാവും താരത്തെ നിറകണ്ണുകളോടെ പുണരുന്ന ദൃശ്യങ്ങൾ ചർച്ചയാവുകയാണ്. മകനെ കുറിച്ചോർത്ത് അഭിമാനമാണ്, വളരെയധികം പ്രതിസന്ധികൾ മറികടന്നാണ് ഇവിടെയെത്താനായത് ഇന്ത്യൻ ക്രിക്കറ് ടീമിനോട് നന്ദിയുണ്ടെന്നും വിഡിയോയിൽ പിതാവ് പറയുന്നു.

ഇതിനിടെ ഫോളോ ഓണില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ച നിതീഷിന്റെ സെഞ്ച്വറി സെലിബ്രേഷൻ സോഷ്യല്‍ മീഡിയയിൽ ട്രെൻഡിംഗായി. അര്‍ധ സെഞ്ച്വറി നേട്ടം 'പുഷ്പ സ്റ്റൈലി'ല്‍ ആഘോഷിച്ച നിതീഷ് സെഞ്ച്വറി നേടിയപ്പോള്‍ 'ബാഹുബലി സ്‌റ്റൈലി'ലാണ് സെലിബ്രേഷന്‍ നടത്തിയത്. 81 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് നിതീഷ് റെഡ്ഡി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് പുഷ്പ സ്‌റ്റൈലില്‍ ബാറ്റുകൊണ്ട് നിതീഷ് സെലിബ്രേഷന്‍ നടത്തിയത്.

അര്‍ധ സെഞ്ച്വറിക്ക് ശേഷവും നിതീഷ് ആത്മവിശ്വാസത്തോടെയാണ് ബാറ്റുവീശിയത്. സ്‌കോട്ട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തിയായിരുന്നു താരം സെഞ്ച്വറി കുറിച്ചത്. 171 പന്തിൽ 10 ബൗണ്ടറിയുടെയും ഒരു സിക്സിന്റെ അകമ്പടിയോടെയായിരുന്നു കന്നി സെഞ്ച്വറി. പിന്നാലെ 'ബാഹുബലി സ്റ്റൈലി'ല്‍ നിതീഷ് തന്റെ നേട്ടം ആഘോഷിച്ചു. ബാറ്റ് മണ്ണില്‍ കുത്തിനിര്‍ത്തി ഹെല്‍മെറ്റ് അതിന് മുകളില്‍ വെച്ച് മുട്ടുകുത്തി നിന്ന് കൈമുകളിലേക്ക് ഉയര്‍ത്തുകയാണ് നിതീഷ് ചെയ്തത്. പ്രഭാസ് നായകനായ ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന സിനിമയില്‍ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തെ അനുസ്മരിക്കുന്നതായിരുന്നു സെലിബ്രേഷൻ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ഈ പരമ്പരയിലുടനീളം മികച്ച ഫോമിലാണ് നിതീഷ് ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലടക്കം നാലു തവണ ഇന്ത്യയുടെ ടോപ് സ്കോററായ നിതീഷ് പരമ്പരയിലെ റണ്‍വേട്ടയിലും ഇന്ത്യയുടെ ടോപ് സ്കോററാണിപ്പോള്‍. യശസ്വി ജയ്സ്വാളിനെയും വിരാട് കോലിയെയും രോഹിത് ശര്‍മയെയും സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും പോലുള്ള മുന്‍നിര ബാറ്റര്‍മാരെ മറികടന്നാണ് ഇന്ത്യക്കായി എട്ടാമനായി ക്രീസിലെത്തുന്ന നിതീഷ് പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമനായത്.

ഓസ്ട്രേലിയയില്‍ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമാണ് നിതീഷ് കുമാര്‍ റെഡ്ഡി. സച്ചിനും(18 വയസ്) റിഷഭ് പന്തും(21 വയസ്) എന്നിവരാണ് നിതീഷിന് മുന്നിലുള്ളത്.ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്.

Tags:    

Similar News