മകന് ക്രിക്കറ്റ് കോച്ചിങ് സൗകര്യമില്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ബിസിനസ് തകര്‍ന്നപ്പോള്‍ എല്ലാവരാലും പരിഹസിക്കപ്പെട്ടു; കയ്യില്‍ പണമില്ലാതെ അന്ന് അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ മനസില്‍ കുറിച്ചിട്ടു; സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് നിതീഷ് നല്‍കിയത് എക്കാലവും ഓര്‍മിക്കുന്ന ബോക്‌സിംഗ് ഡേ സമ്മാനം
പിതാവിന് നിതീഷ് നല്‍കിയത് എക്കാലവും ഓര്‍മിക്കുന്ന ബോക്‌സിംഗ് ഡേ സമ്മാനം
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ സ്‌കോട് ബോളണ്ടിന്റെ പന്ത് ലോഫ്റ്റഡ് ഷോട്ടിലൂടെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തി നിതീഷ് കമാര്‍ റെഡ്ഡി എന്ന 21കാരന്‍ സെഞ്ചുറി ആഘോഷിക്കുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്കൊപ്പമിരുന്ന് കളികണ്ട പിതാവ് മുത്യാല റെഡ്ഡിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മകന്‍ മെല്‍ബണിലെ 60000ത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് സെഞ്ചുറി വ്യത്യസ്തമായി ആഘോഷിച്ചപ്പോള്‍ ആ പിതാവ് കൈകള്‍ രണ്ടും ആകാശത്തേക്ക് ഉയര്‍ത്തി ഒരു നിമിഷം, പിന്നെ ഒപ്പമുള്ളവരോട് ആഹ്ലാദം പങ്കിട്ടു. മകന് ക്രിക്കറ്റര്‍ ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആഗ്രഹ സഫലീകരണത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച അച്ഛനുള്ള ഏറ്റവും വലിയ ബോക്‌സിംഗ് ഡേ സമ്മാനമായി മാറുകയായിരുന്നു ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ ആ സെഞ്ചുറി.
ആദ്യ മൂന്ന് ടെസ്റ്റിലും എട്ടാമനായി ഇറങ്ങിയിട്ടും മൂന്ന് തവണയും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന നിതീഷ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തിരുന്നു. മെല്‍ബണിലും എട്ടാമനായി തന്നെയാണ് നിതീഷ് ക്രീസിലെത്തിയത്. അപ്പോള്‍ 191-6 എന്ന സ്‌കോറില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയിലായിരുന്നു. എന്നാല്‍ മെല്‍ബണ്‍ പിന്നീട് കണ്ടത് നിതീഷിലൂടെയും വാഷിംഗ്ടണ്‍ സുന്ദറിലൂടെയും ഇന്ത്യയുടെ ഉയിര്‍പ്പായിരുന്നു.
പാറ്റ് കമിന്‍സിന്റെയും സ്‌കോട് ബോളണ്ടിന്റെയും കൃത്യതയ്ക്കും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീയുണ്ടകള്‍ക്കും നേഥന്‍ ലിയോണിന്റെ കൗശലത്തിനും നിതീഷിനെ തളര്‍ത്താനായില്ല. ഇതിനിടെ രണ്ടാം ന്യൂബോളെടുത്ത് ഓസീസ് അവസാന അയുധവും പുറത്തെടുത്തിട്ടും നിതീഷില്‍ നിന്ന് ഒരു മോശം ഷോട്ടുപോലും ഉണ്ടായില്ല. ഒപ്പം പാറപോലെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസിലുറച്ചതോടെ ഓസീസിന്റെ പ്രതീക്ഷയറ്റു. ഒടുവില്‍ സെഞ്ചുറികരികില്‍ സുന്ദറും പിന്നാലെ ബുമ്രയും വീണപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന പിതാവ് മുത്യാല റെഡ്ഡിയെ കണ്ണീരണയിച്ച് നിതീഷ് ആ ലോഫറ്റഡ് ഡ്രൈവ് പറത്തി മാന്ത്രിക സംഖ്യയിലെത്തി.
എട്ടുവര്‍ഷം മുമ്പ് 2016ല്‍ 13കാരനായ നിതീഷിന്റെ ക്രിക്കറ്റ് കരിയറിനുവേണ്ടി 25 വര്‍ഷത്തെ സര്‍വീസ് ബാക്കിയിരിക്കെ ഹിന്ദുസ്ഥാന്‍ സിങ്കിലെ ജോലി പോലും ഉപേക്ഷിച്ച് കൂടെ നിന്ന മുത്യാല റെഡ്ഡി കണ്ട സ്വപ്നം ഒടുവില്‍ മെല്‍ബണില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നിതീഷ് മെല്‍ബണില്‍ നേടിയ സെഞ്ചുറിപോലെതന്നെ അത് അത്ര എളുപ്പമായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളും ഭക്ഷണമില്ലാത്ത ദിനങ്ങളും ഒത്തുതീര്‍പ്പുകളുമെല്ലാം ഈ നേട്ടത്തിലേക്കുള്ള പാതയില്‍ നിതീഷിനും മുത്യാല റെഡ്ഡിക്കും മുന്നില്‍ അപ്രതീക്ഷിത ബൗണ്‍സറുകളൊരുക്കിയിരുന്നു.
ചെറുപ്പത്തില്‍ ക്രിക്കറ്റ് പരിശീലനത്തെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് നിതീഷ് തന്നെ പറയുന്നു. നേരംപോക്കിനുവേണ്ടി മാത്രമായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ മകന്റെ കരിയറിനുവേണ്ടി ജോലി പോലും വേണ്ടെന്നുവെച്ച പിതാവ് സാമ്പത്തിക പ്രതിസന്ധി കാരണം ഒരിക്കല്‍ കരയുന്നത് കണ്ടപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. എനിക്ക് വേണ്ടി ഇത്രയും ത്യാഗങ്ങള്‍ സഹിക്കുന്ന പിതാവിനെ ഇനി കരയിക്കില്ലെന്ന് ഞാനുറപ്പിച്ചു. ജോലി ഉപേക്ഷിച്ച് മകന്റെ കൂടെ കളിച്ചുനടക്കുന്ന മുത്യാല റെഡ്ഡിയുടെ ഭ്രാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോഴും ആ അച്ഛന്‍ മകന്റെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു.
അമ്മ മാനസയുടെ പിന്തുണയും നിതീഷിന്റെ കരിയറിനെ രൂപപ്പെടുത്തുന്നതില്‍ മുത്യാലക്ക് സഹായകരമായി. ക്രിക്കറ്റിനെ ഗൗരവമായി കണ്ട് കഠിനപരിശീലനം തുടങ്ങിയ നിതീഷിനെയുകൊണ്ട് പുലര്‍ച്ചെ മുതല്‍ വൈകിട്ടുവരെ പരീശിലനത്തിന് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും പരിശീലനം തീരുവോളം കാവല്‍ നില്‍ക്കുന്നതുമെല്ലാം മുത്യാലലയായിരുന്നു. കുര്‍നൂലിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ താരമായി വളര്‍ന്ന നിതീഷ് പിന്നീട് ഐപിഎല്ലില്‍ ഹൈദരാബാദ് കുപ്പായത്തിലേക്കും ഇന്ത്യയുടെ ട്വന്റി 20 കുപ്പായത്തിലും എത്തി.
എന്നാല്‍ ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും മാത്രം കളി മികവ് തെളിയിച്ച നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ അവരുടെ സംശയങ്ങളെയെല്ലാം ബൗണ്ടറി കടത്തിയാണ് നിതീഷ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റിനോട് അകലംപാലിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ പേസ് ബൗളിംഗും മധ്യനിരയില്‍ ബാറ്റിംഗിനും മികവുള്ള ഓള്‍റൗണ്ടര്‍ക്കായുള്ള ഇന്ത്യന്‍ ടീമിന്റെ അന്വേഷണമാണ് ഒടുവില് നിതീഷില്‍ എത്തി നില്‍ക്കുന്നത്.
സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഇന്നിംഗ്‌സ്
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്നതിന്റെ സമ്മര്‍ദത്തിനിടയില്‍ നാല് ടെസ്റ്റിന്റെ പരിചയസമ്പത്ത് മാത്രമുള്ള നിതീഷ് കിട്ടിയ അവസരത്തില്‍ തന്റെ മികവ് തെളിയിക്കുകയായിരുന്നു. 171 പന്തില്‍ 21-കാരന്‍ മൂന്നക്കം പിന്നിട്ടു. ഏറെനേരം മുള്‍മുനയില്‍ നിലനിന്ന ശേഷമായിരുന്നു നൂറിലെത്തിയത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിതീഷ് അല്‍പം സമ്മര്‍ദത്തിലായി. വാഷിങ്ടണ്‍ സുന്ദര്‍ കൂടി പുറത്തായതോടെ സമ്മര്‍ദം കൂടി. പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ഒരു എല്‍ബിഡബ്ല്യു നിതീഷ് അതിജീവിച്ചു. ഇതോടെ ടെന്‍ഷന്‍ വീണ്ടും കൂടി. നിതീഷിന്റെ അച്ഛന്‍ പ്രാര്‍ഥനകളോടെ കാണികള്‍ക്കിടയില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ ക്യാമറക്കണ്ണുകള്‍ തിരിഞ്ഞു.
പാറ്റ് കമ്മിന്‍സന്റെ ഓവറില്‍ ജസ്പ്രീത് ബുംറയ്ക്ക് സ്ട്രൈക്ക് നല്‍കി നിതീഷ് അടുത്ത അബദ്ധം ചെയ്തു. ആ ഓവറില്‍ ബുംറ പുറത്തായി. പിന്നീട് ക്രീസെലിത്തിയത് സിറാജായിരുന്നു. കമ്മിന്‍സിന്റെ ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ സിറാജ് അതിജീവിച്ചതോടെ എല്ലാവരുടേയും ശ്വാസം നേരെവീണു. ആ ഒരൊറ്റ വിക്കറ്റ് കൂടി വീണിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ നിതീഷിന് ക്രീസ് വിടേണ്ടി വരുമായിരുന്നു. പിന്നാലെ അടുത്ത ഓവറില്‍ ബോളണ്ടിനെ ബൗണ്ടറിയിലേക്ക് പറത്തി നിതീഷ് ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സന്തോഷക്കണ്ണീരോടെ അച്ഛന്‍ കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി.
കുടുംബത്തെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട ഒരു ദിവസമാണ് ഇതെന്നും തുടര്‍ച്ചായി വിക്കറ്റുകള്‍ പോയപ്പോള്‍ ആശങ്കയിലായെന്നും മുത്തിയാല റെഡ്ഡി പ്രതികരിച്ചു. '15 വയസ് മുതല്‍ ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് നിതീഷ്. ഇപ്പോഴിതാ അവന്റെ പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ എത്തി നില്‍ക്കുന്നു. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചതിന് ഒരുപാട് നന്ദി.'-മുത്തിയാല കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ തന്റെ ഇഷ്ടതാരവും റോള്‍ മോഡലുമായ വിരാട് കോലിയില്‍ നിന്നുതന്നെ ടെസ്റ്റ് ക്യാപ് സ്വീകരിച്ച് പെര്‍ത്തില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒടുവില്‍ മെല്‍ബണില്‍ സെഞ്ചുറിയുമായി നിതീഷ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത താരോദയമാകുമ്പോള്‍ യഥാര്‍ത്ഥ ഹീറോ ഗ്യാലറിയിലിരുന്ന കണ്ണീരണിഞ്ഞ ആ പിതാവാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആ പിതാവിന്റെയും മകന്റെയും ഹൃദയം തൊടുന്ന ജീവിത കഥ നിറയുകയാണ്.
മകന്റെ അച്ഛന്‍!
മകന് ക്രിക്കറ്റര്‍ ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആഗ്രഹ സഫലീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച അച്ഛന്‍.
ജോലിയിലെ സ്ഥലംമാറ്റം ക്രിക്കറ്റ് കോച്ചിങ് സൗകര്യം ഇല്ലാത്ത സ്ഥലത്തേക്ക് ആണെന്നറിഞ്ഞപ്പോള്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച അച്ഛന്‍.
വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ട് ആരംഭിച്ച ബിസിനസ് തകര്‍ന്നപ്പോള്‍ എല്ലാവരാലും പരിഹസിക്കപ്പെട്ട അച്ഛന്‍.
കടം വാങ്ങിയ സുഹൃത്തുക്കള്‍ പണം തിരികെ കൊടുക്കാതെ കബളിപ്പിച്ചപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ അച്ഛന്‍.
ഒരു വര്‍ഷം ഒരു ക്രിക്കറ്റ് ബാറ്റ് മാത്രം മകന് വാങ്ങി നല്‍കാനുള്ള പരിമിത സാമ്പത്തിക സ്ഥിതിയിലേക്ക് ചുരുങ്ങിയ അച്ഛന്‍.
എല്ലാ പ്രയാസങ്ങള്‍ക്കുമിടയില്‍, കോച്ചിങ്, കിറ്റ്, ജേഴ്‌സി, ഭക്ഷണം, താമസം എല്ലാം കിട്ടുന്ന അക്കാദമിയില്‍ മകനെ എത്തിച്ച അച്ഛന്‍.
അവന്റെ ഉയര്‍ച്ച താഴ്ചകളില്‍ അവനോടൊപ്പം നല്ലൊരു ഭാവി സ്വപ്നം കണ്ട് നിലയുറപ്പിച്ച അച്ഛന്‍.
താന്‍ നിശ്ചയിക്കുന്നതല്ല, മകന്‍ നിശ്ചയിക്കുന്നതാണ് അവന്റെ കരിയര്‍ എന്ന ബോദ്ധ്യത്താല്‍ അവനൊപ്പം നിന്ന അച്ഛന്‍.
ഇന്ന് തന്റെ മകന്‍ ആദ്യ ടെസ്റ്റ് സീരീസില്‍ തന്നെ, അതും വിദേശമണ്ണില്‍, ടീം പ്രതിസന്ധിയില്‍ ആയ ഘട്ടത്തില്‍, കന്നി സെഞ്ച്വറി നേടി തന്റെ അച്ഛന്റെ പ്രയത്‌നങ്ങള്‍ വെറുതെ ആയില്ലെന്ന് തെളിയിച്ചിരിക്കുന്നു; അതും ഈ മത്സരത്തില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടവരുടെ മുന്നില്‍.
നന്ദി, മുത്യാല റെഡ്ഡി, മകനില്‍ വിശ്വാസം അര്‍പ്പിച്ചതിന്!
ഇനി അങ്ങോട്ട് മകന്റെ ഊഴമാണ്. ഇരുപത്തിയൊന്നുകാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ...
നിതീഷിന്റെ ആദ്യ കാല പരിശീലകനായ കുമാര്‍ സ്വാമി പറയുന്നതുപോലെ എല്ലാവരും അവരുടെ സിനിമയില്‍ നായകനാകാനാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ നിതീഷിന്റെ കാര്യത്തില്‍ അത് പക്ഷെ അവന്റെ അച്ഛനാണ്. ആ കണ്ണീര്‍ പറയുന്നതും മറ്റൊരു കഥയല്ല. മെല്‍ബണില്‍ നിതീഷ് സെഞ്ചുറി ആഘോഷിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും മകന്റെ കരിയറിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുത്യാല റെഡ്ഡിയെന്ന പിതാവിന് അവകാശപ്പെട്ടതാണ്.