പൂരം കലക്കല്‍ വിഷയത്തില്‍ എം ആര്‍ അജിത്കുമാറിനെതിരെ കടുത്ത നടപടിയില്ല; സസ്‌പെന്‍ഷന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ഡിജിപി; സര്‍ക്കാരിന് പുതിയ ശുപാര്‍ശ കൈമാറി; താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും; അസാധാരണ നീക്കത്തിലൂടെ മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചു റവാഡ ചന്ദ്രശേഖര്‍; ഇത് വിശ്വസ്തനെ രക്ഷിച്ചെടുക്കുന്ന പിണറായിസം!

പൂരം കലക്കല്‍ വിഷയത്തില്‍ എം ആര്‍ അജിത്കുമാറിനെതിരെ കടുത്ത നടപടിയില്ല

Update: 2025-08-26 03:46 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം. ആര്‍.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ അസാധാരണ നീക്കമാണ് ഡിജിപി റവാഡ ചന്ദ്രശേഖരന്‍ നടത്തിയത്. അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാക്കണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു. സസ്‌പെന്‍ഷന്‍ പോലുള്ള നടപടി ആവശ്യമില്ലന്നും ഡി ജി പി പറഞ്ഞു. മുന്‍ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശ എഴുതി ചേര്‍ത്തു. അജിത്തിനെ പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ കടുത്ത നടപടി വേണ്ട. മുന്‍ ഡി ജി പി യുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചത് സര്‍ക്കാര്‍ ആവശ്യപ്രകാരം ആണ്. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും. സര്‍ക്കാരിന് പുതിയ ശുപാര്‍ശ കൈമാറി. മുന്‍ ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശ എഴുതിച്ചേര്‍ത്തു.

അജിത്കുമാറിന് താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.തൃശൂര്‍പൂരം കലക്കല്‍, ഇന്റലിജന്‍സ് മേധാവി പി.വിജയനെതിരായ സ്വര്‍ണക്കടത്ത് ആരോപണം എന്നിവയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെ കുറ്റക്കാരനാക്കി മുന്‍ ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പരിശോധിച്ച് അഭിപ്രായമറിയിക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ഇത്.

ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പൂരം കലങ്ങിയതില്‍ അജിത്തിന് ഗുരുതരവീഴ്ചയെന്നാണ് മുന്‍ ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരത്തിനിടെ ഗുരുതരപ്രശ്‌നങ്ങളുണ്ടായിട്ടും സ്ഥലത്തുനില്‍ക്കാതെ ഉറങ്ങാന്‍ പോയത് ഗുരുതര കൃത്യവിലോപവും അനാസ്ഥയുമാണെന്നുമടക്കം അജിത്തിന്റെ വീഴ്ചകള്‍ ഇതില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മന്ത്രി കെ.രാജനും അജിത്തിനെതിരെ മൊഴിനല്‍കിയിരുന്നു. മുന്‍ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നത് അസാധാരണമാണ്.

അജിത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണിതെന്ന ആരോപണം ശക്തമാവുകയാണ്. നേരത്തേ ഒരുവട്ടം പൂരംകലക്കല്‍ റിപ്പോര്‍ട്ടില്‍ റവാഡയോട് നിലപാട് തേടിയെങ്കിലും, താന്‍ ആസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതിനാല്‍ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു മറുപടി നല്‍കിയത്. പി.വിജയനെതിരായ വ്യാജമൊഴിയില്‍ നടപടി വേണമെന്ന മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടും മടക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പുതിയ ഡിജിപി നിലപാട് അറിയിച്ചില്ല.

അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ പ്രത്യേക വിജിലന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയിലെത്തിയതെന്നും, ഇതിന് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാര്‍ വാദിച്ചു. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച അനുബന്ധ രേഖകളോ സാക്ഷി മൊഴികളോ കോടതി പരിഗണിച്ചില്ലെന്നും, റിപ്പോര്‍ട്ട് നന്നായി വായിച്ചു പോലും നോക്കാതെയാണ് വിധിയുണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഈ മാസം 30ന് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസിലെ വസ്തുതകള്‍ ശരിയായി വിലയിരുത്താതെ പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൂടാതെ, ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്കെന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പ്രത്യേക യൂണിറ്റാണ് അജിത് കുമാറിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

Tags:    

Similar News