പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം; സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്; ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കണമെന്നും നിര്‍ദേശം
പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം
കൊച്ചി: പൊതുനിരത്തില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നതിനും റോഡ് തടസ്സപ്പെടുത്തി സ്റ്റേജുകള്‍ കെട്ടുന്നതിനും എതിരെ നിര്‍ണായക വിധി പുറപ്പെടുവിച്ചു ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനില്‍ നിന്നും സുപ്രധാനമായ വിധിയും. പൊതുഇടങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി ഉത്തരവായി.
നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പന്തളം മന്നം ഷുഗര്‍ മില്ലിന് മുന്‍പില്‍ സി.പി.എം., ബി.ജെ.പി., ഡി.വൈ.എഫ്.ഐ. സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. അനധികൃത കൊടിമരങ്ങള്‍ നീക്കംചെയ്യുന്നകാര്യത്തില്‍ 2022 മുതല്‍ സര്‍ക്കാര്‍ പല ഉറപ്പുകളും നല്‍കിയെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
കൊടിമരങ്ങള്‍ താല്‍ക്കാലം നീക്കിയെങ്കിലും വീണ്ടും സ്ഥാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതി കര്‍ശനമായി ഇടപെടണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അനധികൃത കൊടിമരങ്ങള്‍ സംസ്ഥാനത്ത് സര്‍വവ്യാപിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്ന് തുടര്‍ച്ചയായ നിര്‍ദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. 2022 മുതല്‍ സര്‍ക്കാര്‍ പല ഉറപ്പുകളും നല്‍കി. കോടതി അത് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ലക്ഷ്യത്തിലെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ശന നിര്‍ദേശങ്ങളുമായി ഉത്തരവിറക്കിയത്.
അതിനിടെ പിണറായി പഞ്ചായത്തിലെ ഫ്‌ളക്‌സ് നീക്കാന്‍ ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോണത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി. സംസ്ഥാന പൊലീസ് മേഥാവിയോട് റിപ്പോര്‍ട്ട് തേടിയ സിംഗിള്‍ ബെഞ്ച് എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട് നല്‍കണമെന്നും നിര്‍ദേശിച്ചു. പുതിയ കേരളമെന്ന് പറഞ്ഞാല്‍ പോര അക്കാര്യത്തില്‍ ആത്മാര്‍ഥ വേണമെന്നും അനധികൃത ഫ്‌ളകസുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഇതിനിടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും വഴി തടസ്സപ്പെടുത്തി ആദായ നികുതി ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയതില്‍ പൊലീസ് കേസെടുത്തു. കോഴിക്കോടാണ് സംഭവം. പാര്‍ട്ടി ജില്ല നേതാക്കളായ പി. നിഖില്‍, കെ.കെ. ദിനേശന്‍, കെ.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഇസ്മയില്‍ എന്നീ അഞ്ചുപേരുള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ വേദിയില്‍ ജില്ല സെക്രട്ടറി എം. മെഹബൂബ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെയും സമരം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വഴി തടസ്സപ്പെടുത്തരുതെന്ന നിര്‍ദേശം ധിക്കരിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാതിരുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നതിനാലാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് നേതാക്കളുള്‍പ്പെടെ കണ്ടാലറിയാവുന്ന നിരവധി സി.പി.എം പ്രവര്‍ത്തകര്‍ ടൗണ്‍ ഹാള്‍ ഭാഗത്തുനിന്ന് റോഡിലൂടെ ന്യായ വിരോധമായി സംഘംചേര്‍ന്ന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നാണ് കേസ്.
പ്രകടനം വരുന്നത് കണ്ട്, പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം ലംഘിച്ച് ആദായനികുതി ഓഫിസിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് സമരക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. അറസ്റ്റ് ചെയ്താലുണ്ടാകുന്ന ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസുകാര്‍ ഡ്യൂട്ടിയില്‍ തുടര്‍ന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. വഞ്ചിയൂരില്‍ നേരത്തേ വഴിയടച്ച് നടത്തിയ സമരത്തിലെ കോടതി ഇടപെടല്‍ മുന്നില്‍കണ്ടാണ് പ്രമുഖ നേതാക്കളുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്താതിരുന്നത് എന്നും സി.പി.എം പറഞ്ഞവര്‍ക്കെതിരെ മാത്രം പൊലീസ് കേസെടുക്കുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.