അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മെഡല്‍ നല്‍കേണ്ടെന്ന് ഡിജിപി; മുഖ്യമന്ത്രിക്ക് കത്തയച്ചു; മെഡലുകള്‍ നാളെ വിതരണം ചെയ്യും
അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, തല്‍ക്കാലം നല്‍കേണ്ടെന്ന് ഡിജിപി
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മെഡല്‍ നല്‍കേണ്ടതില്ലെന്ന് ഡിജിപി. ഡിജിപിയുടെ ഓഫീസ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് ഡി.ജി.പി തീരുമാനിച്ചു.
മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.
എം.ആര്‍.അജിത് കുമാറിനൊപ്പം ഹരിശങ്കര്‍ ഐ.പി.എസ്സിനും മെഡല്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങ്. എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ ആണ് ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
എം ആര്‍ അജിത് കുമാറിന് ഇനിയൊരു അറിയിപ്പ് നല്‍കിയതിന് ശേഷമേ മെഡല്‍ നല്‍കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 267 പേരാണ് ഇത്തവണ പോലീസ് മെഡലിന് അര്‍ഹരായിരിക്കുന്നവര്‍. അജിത് കുമാറിനെ കൂടാതെ സൈബര്‍ ഡിവിഷന്‍ എസ്പി ഹരിശങ്കറാണ് മെഡലിന് അര്‍ഹനായ ഐപിഎസ് ഉദ്യോഗസ്ഥന്‍.
സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍ (സിപിഒ) മുതല്‍ എഡിജിപി വരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുള്ളത്. നാളെയാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.