എന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപം
മസൂദ് അസ്ഹറിന്റെ വിലാപം
ഇസ്ലാമബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ശരി വച്ചു. 1994 ല്‍ ഇന്ത്യയില്‍ അറസ്റ്റിലായ അസ്ഹറിനെ എയര്‍ ഇന്ത്യ ഐസി814 വിമാന റാഞ്ചല്‍ സംഭവത്തോടനുബന്ധിച്ച് വിട്ടയയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തവിടുപൊടിയായി. ഭവല്‍പൂരിലെ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പാണ് തരിപ്പണമാക്കിയത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2019 ലെ പുല്‍വാമ ആക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യതാവളമായിരുന്നു ക്യാമ്പ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലമാണിത്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന താവളമാണ്. റിക്രൂട്ട്മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്. ഇവിടെയുണ്ടായ വ്യോമാക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, അനന്തരവന്‍, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ 5 കുട്ടികള്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവന വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
'എന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ ഈ രാത്രി സന്തോഷത്താല്‍ അനുഗ്രഹീതരായി. അതില്‍ 5 പേര്‍ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്. എന്റെ അനന്തരവന്‍ ഫാസില്‍ ഭന്‍ജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവള്‍ ഫസില, എന്റെ സഹോദരന്‍ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു'-മസൂദ് അസ്ഹര്‍ പറഞ്ഞു.
തനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല. പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന സ്‌നേഹവാഹനത്തിന്റെ യാത്രയില്‍ ഒത്തു ചേരേണ്ടതായിരുന്നുവെന്നാണ് തോന്നുന്നത്. അവര്‍ക്ക് പോകേണ്ട നാളായി. പക്ഷേ ദൈവമല്ല അവരെ കൊന്നതെന്നും മസൂദ് കുറിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ സംസ്‌കാരചടങ്ങിലെ പ്രാര്‍ഥനകളിലേക്ക് മസൂദ് എല്ലാവരെയും ക്ഷണിച്ചിട്ടുമുണ്ട്.
യുഎന്‍ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് മസൂദ് അസ്ഹര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും സൂത്രധാരനാണ്. 2002 ല്‍ ജയ്ഷിനെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും തങ്ങളുടെ ക്യാമ്പ് നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യം പാക് അധികാരികള്‍ നല്‍കിയിരുന്നു. പാക് സൈന്യത്തിന്റെ 31 കോര്‍പ്‌സ് കന്റോണ്‍മെന്റില്‍ നിന്ന് ഏതാനും മൈല്‍ അകലെയാണ് മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ്. ഭവല്‍പൂരില്‍ രഹസ്യ ആണവ സംവിധാനം ഉണ്ടെന്നുവരെ മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.