പൊതുവഴി വീതി കൂട്ടാന്‍ പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എം എല്‍ എ അടക്കം നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നടപടി അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്ന പരാതിയില്‍; ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്ന് എച്ച് സലാം

എച്ച് സലാം എം എല്‍ എ അടക്കം നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Update: 2025-02-14 13:24 GMT

ആലപ്പുഴ: പൊതുവഴി വീതി കൂട്ടാന്‍ പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവത്തില്‍ എച്ച് സലാം എംഎല്‍എ അടക്കം നാലുപേര്‍ക്ക് എതിരെ കേസ്. റോഡ് വീതി കൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന മതില്‍ പൊളിച്ച സംഭവത്തില്‍ എച്ച്. സലാം ഒന്നാംപ്രതിയാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് സലാമടക്കം നാലുപേര്‍ക്കെതിരേ സൗത്ത് പോലീസ് കേസെടുത്തത്. പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കണ്ടാലറിയാവുന്ന മറ്റൊരാള്‍ നാലാംപ്രതിയുമാണ്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. പള്ളാത്തുരുത്തി സന്ധാരി റിവേഴ്‌സ് ക്യാപ്‌സ് എന്ന റിസോര്‍ട്ടിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ വിനോബ് നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 329(3), 324(5), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കേസ് ഇങ്ങനെ:

2024 ഡിസംബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ നഗരസഭയിലെ കളര്‍കോട് ഡിവിഷനില്‍പ്പെട്ട പള്ളാത്തുരുത്തിയില്‍ നിന്ന് വലിയപറമ്പ് ഭാഗത്തേക്കുള്ള 550 മീറ്റര്‍ റോഡ് നാലുമീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് 1.87 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ചുമാറ്റിയാലേ റോഡ് വീതി കൂട്ടാന്‍ കഴിയുമായിരുന്നുള്ളു. റിസോര്‍ട്ടുകാരുമായി എം.എല്‍.എ പലതവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനിടെ ദേവസ്വംകരി പാടശേഖരത്തിലെ മോട്ടോര്‍ പുരയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാനായി മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു. അതിനു തടസമായി നിന്ന മതില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. റിസോര്‍ട്ട് വക ഭൂമിയില്‍ അതിക്രമിച്ച് കയറി മതില്‍ പൊളിച്ചുനീക്കുകയും പൈപ്പ് ലൈന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോര്‍ട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

എം എല്‍ എയുടെ വിശദീകരണം

എ.സി. റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് 1.87 കോടി ചെലവില്‍ ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്‍ പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്കു പലതവണ നിര്‍ദേശം നല്‍കിയെങ്കിലും അതു പാലിക്കാതെ വന്നതോടെയാണ് മതില്‍ പൊളിക്കേണ്ടിവന്നതെന്നാണ് എം എല്‍ എയുടെ വിശദീകരണം. മതില്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഈസമയത്ത് പാടശേഖരത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയും നോട്ടീസ് നല്‍കിയിട്ടും നപടിയുണ്ടാവാത്ത സാഹചര്യത്തിലുമാണ് മതില്‍ പൊളിച്ചതെന്നാണ് വിശദീകരണം. ഹൗസ്ബോട്ട് കമ്പനി ഓഫീസിലേക്ക് അതിക്രമിച്ചുകയറി ആറുമീറ്റര്‍ നീളത്തില്‍ മതില്‍ പൊളിച്ചപ്പോള്‍ അതിനോടു ചേര്‍ന്നുള്ള പൈപ്പു ലൈനുകള്‍ക്ക് കേടുസംഭവിച്ചു. ഇതില്‍ ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നു പരാതിയില്‍ പറയുന്നുണ്ട്.

ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കി.

'എന്നോട് ഒരു റിപ്പോര്‍ട്ട് പോലും ചോദിക്കാതെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്. പൊതുമരാമത്ത് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്ത രീതി അസാധാരണം. സാധാരണക്കാര്‍ക്ക് വേണ്ടി നിന്നതില്‍ അഭിമാനമുണ്ട്. ആലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്', അദ്ദേഹം പറഞ്ഞു.

Similar News