'കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്; കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ കൈമാറിയത്; ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്; നീതി നിര്‍വഹണത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'; ആന്റണി രാജുവിനും ജോസിനുമെതിരായ കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍

Update: 2026-01-03 16:19 GMT

തിരുവനന്തപുരം: ലഹരിക്കേസില്‍ പ്രതിയായ വിദേശിയ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും കൂട്ടുപ്രതിയായ മുന്‍ തൊണ്ടി ക്ലര്‍ക്ക് ജോസിനും തടവും പിഴയും വിധിച്ചുള്ള കോടതി ഉത്തരവില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. നീതി നിര്‍വഹണത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കുന്ന നടപടിയാണ് ഇരുവരുടേതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ ആന്റണി രാജുവിന് കൈമാറിയത്. ഇതേക്കുറിച്ച് മൂന്നുമാസത്തോളം ജോസ് മിണ്ടിയില്ലെന്നും പിന്നീട് തൊണ്ടി മുതല്‍ പരിശോധിക്കാതെ തിരികെ വാങ്ങിയെന്നും ഇതാണ് ക്രമക്കേടിന് ഇടയാക്കിയതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. വെറുമൊരു വീഴ്ചയായി ഇതിനെ കാണാന്‍ കഴിയില്ല.

കുറ്റകൃത്യം നടത്തിയവര്‍ കോടതി ഉദ്യോഗസ്ഥനും അഭിഭാഷകനുമാണെന്നത് ഗൗരവമേറിയ കാര്യമാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവര്‍ ചെയ്ത കുറ്റം നിസാരമായി കാണാന്‍ സാധിക്കില്ലെന്നും കോടതി ഉത്തരവിലുണ്ട്. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്. തൊണ്ടി മുതല്‍ വാങ്ങാന്‍ ഒരു അധികാരവും ആന്റണി രാജുവിനില്ല. ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.

വ്യാജരേഖ ചമച്ചത് ആന്റണി രാജു തന്നെയാണ്. കെ എസ് ജോസ് തൊണ്ടിമുതല്‍ കൈമാറിയത് കോടതി ഉത്തരവില്ലാതെയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി.

കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരെന്നും കോടതി. പ്രതികളുടെ പ്രവര്‍ത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും വിധി പകര്‍പ്പില്‍ പറയുന്നു. തെളിവ് നശിപ്പിക്കല്‍ ഒരു പ്രതിയെ അര്‍ഹമായ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി.ഇത് നീതിയുടെ പരാജയമെന്നും കോടതി പരാമര്‍ശമുണ്ട്.

ശിക്ഷാ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയില്‍ കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിന്റെ കാരണവും മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കോടതിയുടെ അധികാര പരിധിക്ക് മുകളിലുള്ള ശിക്ഷ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഈ ആവശ്യം സാധൂകരിക്കുന്ന ഒരു കാര്യവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ഉത്തരവിലുള്ളത്. അതിനാല്‍ ഉയര്‍ന്ന കോടതിയിലേക്ക് ശിക്ഷാവിധി കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളി, മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്‍ നിന്ന് കൊണ്ടുള്ള ശിക്ഷ വിധിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ വഞ്ചന തെളിഞ്ഞതിനാല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാല്‍, ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയില്‍ കേള്‍ക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് നേതാവ് പ്രതിയായ കേസില്‍ വിധി വരുന്നത്. തെളിവ് നശിപ്പിക്കല്‍, കള്ളതെളിവ് ഉണ്ടാക്കല്‍, ഗൂഡാലോചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെയും ജോസിനെയും കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ വഞ്ചനക്ക് ക്ലര്‍ക്കായ ജോസിനെ മാത്രമാണ് ഒരു വര്‍ഷം ശിക്ഷിച്ചത്. മറ്റു വകുപ്പുകളില്‍ തെളിവ് നശിപ്പിച്ചതിന് മൂന്നു വര്‍ഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്നു വര്‍ഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വര്‍ഷവുമാണ് ശിക്ഷിച്ചത്.

അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ആന്റണി രാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയും കോടതി ശികഷിച്ചത്. 1990 ഏപ്രില്‍ നാലിനായിരുന്നു സാല്‍വദോര്‍ പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂര്‍വ്വ കേസിന്റെ വിധിയാണ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയില്‍ നിന്നും ഉണ്ടായത്.

10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു തൊണ്ടി ക്ലര്‍ക്കിന്റെ സഹായത്തോടെ കോടതിയില്‍ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു. തൊണ്ടി വസ്ത്രം പ്രതിയുടെതല്ല പ്രതിഭാഗം വാദം അംഗീകരിച്ചാണ് നാലു വര്‍ഷത്തിനുശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെവിടുകയായിരുന്നു.

തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ നിര്‍ണായകമായത് ഫൊറന്‍സിക് റിപ്പോര്‍ട്ടായിരുന്നു. രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ സിബിഐക്ക് അയച്ച കത്തും ലഹരിമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. കെ.കെ.ജയമോഹന്‍ നടത്തിയ ഇടപെടലുകളും വലിയ അട്ടിമറി പുറത്തുകൊണ്ടുവന്നു.

ഫൊറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണായകമായി

ലഹരിക്കേസിലെ പ്രതി ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി അന്നത്തെ ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ പി.വിഷ്ണുപോറ്റി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചതോടെയാണ് ലഹരിക്കേസിലെ പ്രതിയും വിദേശ പൗരനുമായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്.

അടിവസ്ത്രത്തിലെ നൂലുകളും തുന്നല്‍പ്പാടുകളും ശാസ്ത്രീയമായി പരിശോധിച്ചാണ് വിഷ്ണുപോറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്നു കടത്തിയ വിദേശ പൗരന്റെ അടിവസ്ത്രത്തിന്റെ ഇടതു, വലത് അറ്റങ്ങളിലുള്ള തയ്യലുകള്‍ക്കും, താഴെയുള്ള തയ്യലിനും മറ്റു ഭാഗത്തെ തയ്യലുകള്‍ക്കുള്ളതുപോലെ കൃത്യതയില്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ വസ്ത്രത്തില്‍ കൃത്രിമം നടത്തിയതായി അനുമാനിക്കാം. അടിവസ്ത്രത്തിലെ ലേബല്‍ മാറ്റി വീണ്ടും തുന്നിച്ചേര്‍ത്തതായും കാണുന്നുണ്ട്. അതും കൃത്രിമം നടന്നതിനു തെളിവാണ്.

ചില ഭാഗങ്ങള്‍ തുന്നിയ രീതിയിലും ഉപയോഗിച്ച നൂലിലും വ്യത്യാസമുണ്ട്. അടിവസ്ത്രത്തിന്റെ ഉള്‍ഭാഗങ്ങള്‍ പല നൂലുകളിലാണ് തയ്ച്ചിരുന്നത്. അതെല്ലാം പരിശോധനയ്ക്കു വിധേയമാക്കി. ഇടതും വലതും അറ്റത്തുള്ള തയ്യലുകള്‍ക്കും താഴെയുള്ള തയ്യലിനും ചേര്‍ന്നുള്ള ഭാഗത്തെ തുണിയുടെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നു. ഇടതും വലതും അറ്റത്തുള്ള തയ്യലുകള്‍ക്കും താഴെയുള്ള തയ്യലിനും ഉപയോഗിച്ച നൂല്‍ കുറച്ചു പഴകിയതും വലിഞ്ഞതുമായിരുന്നു. ഈ മാറ്റങ്ങള്‍ അടുത്തിടെ സംഭവിച്ചതാകാമെന്നും വിഷ്ണുപോറ്റി കണ്ടെത്തി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അടിവസ്ത്രം ഫൊറന്‍സിക് വിഭാഗം പരിശോധിച്ചത്.

ഇന്റര്‍പോള്‍ കത്തയച്ചു

രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ സിബിഐക്ക് അയച്ച കത്തും ലഹരിമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. കെ.കെ.ജയമോഹന്‍ നടത്തിയ ഇടപെടലുകളും നിര്‍ണായകമായി. കേസിന്റെ ആരംഭം 1990 ഏപ്രിലിലാണ്. ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി പിടികൂടി. പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കേസ് പരിഗണിച്ചു.

പ്രതിക്കു വേണ്ടി ഹാജരായ സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു. ആന്‍ഡ്രൂ സാല്‍വദോദിനു കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിചാരണയ്ക്കു ശേഷം ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രധാന തൊണ്ടിവസ്തുവായ അടിവസ്ത്രം പ്രതിക്കു ചേരാതെ വരികയും അതു പ്രതിയുടേത് അല്ലെന്ന് വാദിക്കുകയും ചെയ്തതോടെയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കി. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ പറ്റുന്നില്ലെന്നു കോടതി ഉറപ്പിക്കുകയും ചെയ്തിരുന്നു. കുറ്റവിമുക്തനായ ആന്‍ഡ്രൂ ഉടന്‍ തന്നെ രാജ്യം വിടുകയും ചെയ്തു.

പ്രതിയെ പിടികൂടിയപ്പോള്‍ ഊരിവാങ്ങിയ അടിവസ്ത്രം വിചാരണവേളയില്‍ ചെറുതായതില്‍ അപ്പോള്‍ തന്നെ കെ.കെ.ജയമോഹന് അട്ടിമറി മണത്തിരുന്നു. എന്നാല്‍ കാലം കാത്തുവച്ച കാവ്യനീതി പോലെ അട്ടിമറി രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. ഓസ്ട്രേലിയയിലെത്തിയ ആന്‍ഡ്രൂ അവിടെ ഒരു കൊലക്കേസില്‍ പ്രതിയായി മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ എത്തി. അവിടെ തടവില്‍ കഴിയുമ്പോള്‍ സഹതടവുകാരനുമായി ആന്‍ഡ്രൂ രഹസ്യം പങ്കുവച്ചതാണ് ഇപ്പോള്‍ ആന്റണി രാജുവിന് കെണിയായത്.

രഹസ്യം വെളിപ്പെടുത്തി സഹതടവുകാരന്‍

കേരളത്തിലെ ലഹരിക്കേസില്‍ അഭിഭാഷകന്റെയും കോടതി ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം ആന്‍ഡ്രൂ സഹതടവുകാരനോടു പറഞ്ഞു. ഇക്കാര്യം സഹതടവുകാരന്‍ കൊലക്കേസ് അന്വേഷിച്ച സംഘത്തോടു പറഞ്ഞു. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ സഹതടവുകാരന്റെ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സിബിഐ ഈ കത്ത് കേരളാ പൊലീസിനു നല്‍കി. തൊണ്ടിമുതലിലെ കൃത്രിമം ചൂണ്ടിക്കാട്ടി കെ.കെ.ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികള്‍ മുടങ്ങി. ഇതിനിടെ തിരഞ്ഞെടുപ്പ് വിജയിച്ച് ആന്റണി രാജു എംഎല്‍എയായി. 2005ല്‍ ഐജിയായിരുന്ന ടി.പി.സെന്‍കുമാര്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2006ല്‍ വഞ്ചിയൂര്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കിയെങ്കിലും നടപടികള്‍ നീണ്ടു. തുടര്‍ന്ന് 2014ല്‍ കേസ് നെടുമങ്ങാട് കോടതിയിലേക്കു മാറ്റുകയായിരുന്നു. പല കാരണങ്ങളാല്‍ മുപ്പതിലേറെ തവണ കേസ് മാറ്റിവച്ചു. അവസാനഘട്ടത്തില്‍ വഞ്ചനാക്കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷി വിധിച്ചിരിക്കുന്നത്.

Tags:    

Similar News