രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞു കയറി; റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില്‍ നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ ദുരന്തമുണ്ടാക്കി; പയ്യന്നൂരിന് വേദനയായി മൂന്നു വയസ്സുകാരി നോറയുടെ മരണം; അമിത വേഗത ജീവനെടുക്കുമ്പോള്‍

Update: 2025-05-02 03:58 GMT

കണ്ണൂര്‍ : അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതാണ് കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായി പയ്യാവൂര്‍ ചമതച്ചാലില്‍ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കുട്ടിയുടെ അമ്മയുടെ അമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാര്‍ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകളാണ് മരിച്ച നോറ.

നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കാര്‍ ഡ്രൈവര്‍ക്കെതിരെ പയ്യാവൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. തൊട്ടടുത്ത വീട്ടില്‍ നിന്നും റോഡിന്റെ ഓരം പറ്റി വീട്ടിലേക്ക് മടങ്ങുകായിരുന്നു നോറ. എല്ലാ അര്‍ത്ഥത്തിലും പാഞ്ഞു വന്ന കാര്‍ റോഡരികിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഇടിച്ചു കയറ്റി. അടുത്ത വീട്ടില്‍ പോയി സൗഹൃദം പങ്കിടലായിരുന്നു ഉദ്ദേശം.

ആ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ കളിപ്പിക്കുന്നത് നോറയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അതിന് വേണ്ടി അമ്മൂമ്മയുമായി പോയത് ആ കുട്ടിയുടെ ജീവനെടുക്കലായി. റോഡരികില്‍ നോറയുടെ ചെരുപ്പെല്ലാം എടുത്തു വച്ചിരിക്കുകയാണ്. ഇത് നാട്ടുകാര്‍ക്ക് സങ്കടക്കാഴ്ചയായി. ഇടിയുടെ ആഘാതത്തില്‍ നോറ തല്‍ക്ഷണം മരിച്ചു. മുത്തശ്ശിക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് ഏറ്റത്. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഇവരെ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ റോഡില്‍ നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില്‍നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ നോറയേയും അമ്മൂമ്മയേയും ഇടിക്കുകയായിരുന്നു.

Tags:    

Similar News