ഉത്തര കൊറിയയിൽ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കും; കളികൾ ലൈവായി കാണാനാകില്ല; മത്സരങ്ങൾ പരിശോധിച്ച് സെൻസർ ചെയ്യും; ഇംഗ്ലീഷ് സന്ദേശങ്ങളും പരസ്യങ്ങളും ഒഴിവാക്കും; ആ രാജ്യത്തെ താരങ്ങളുടെ കളി കാണാനും വിലക്ക്
പ്യോങ്യാങ്: ചരിത്രത്തിലാദ്യമായി ഉത്തര കൊറിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി. എന്നാൽ, കടുത്ത സെൻസർഷിപ്പോടെ മാത്രമേ മത്സരങ്ങൾ കാണികൾക്ക് മുന്നിലെത്തൂ എന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയൻ താരങ്ങൾ കളിക്കുന്ന രംഗങ്ങൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, 90 മിനിറ്റ് ദൈർഘ്യമുള്ള മത്സരങ്ങൾ എഡിറ്റിംഗിന് ശേഷം 60 മിനിറ്റായി ചുരുക്കുമെന്നും വാർത്തകളുണ്ട്.
ബ്രെന്റ്ഫോർഡിന്റെ കിം ജി സൂ, വോൾവ്‌ഹാംപ്ടണിന്റെ വാങ് ഹീ ചാൻ തുടങ്ങിയ ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യില്ല. തത്സമയ സംപ്രേക്ഷണം ഉണ്ടാകില്ല. പകരം, ഔദ്യോഗിക ഏജൻസികൾ മത്സരങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ ടിവിയിൽ പ്രദർശിപ്പിക്കൂ. സ്റ്റേഡിയത്തിലെ ഇംഗ്ലീഷ് സന്ദേശങ്ങളും പരസ്യങ്ങളും നീക്കം ചെയ്ത് പകരം കൊറിയൻ ഗ്രാഫിക്സുകളും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ഉൾപ്പെടുത്തും. എൽ.ജി.ബി.ടി.ക്യു ബാനറുകൾ, യൂണിഫോമുകൾ, വാണിജ്യ പരസ്യങ്ങൾ എന്നിവയും പൂർണ്ണമായും ഒഴിവാക്കും.
കഴിഞ്ഞ വർഷം ഇതേക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. സംപ്രേക്ഷണാവകാശത്തെക്കുറിച്ചോ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഈ തീരുമാനം ഉത്തര കൊറിയൻ ഫുട്ബോൾ ആരാധകർക്കിടയിൽ ആവേശമുണ്ടാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തെ കർശന നിയന്ത്രണങ്ങൾ പ്രദർശനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.