ഗൂണ്ടായിസം, ഭീഷണി, അടി, ചെകിട്ടത്തടി, കള്ളവോട്ട്, അട്ടിമറി; കോടതി ഇടപെടാതിരിക്കാന്‍ വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റി; വ്യാജ വോട്ടെന്ന് പറഞ്ഞ് 42000 ത്തോളം വോട്ടുകള്‍ മാറ്റിമറിച്ച് കേരള നഴ്‌സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 'ഗംഭീര' അട്ടിമറി; നിയമപോരാട്ടത്തിന് ഒരുങ്ങി യുഎന്‍എ

കേരള നഴ്‌സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 'ഗംഭീര' അട്ടിമറി

Update: 2025-07-07 11:24 GMT

തിരുവനന്തപുരം: കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചെന്ന ആരോപണത്തിന് ബലമേറിയതോടെ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. തിരഞ്ഞെടുപ്പിലെ ഫലം ഭരണാനുകൂല സംഘടനക്ക് വേണ്ടി അട്ടിമറിച്ചിരിക്കുകയാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ച് ഭരണാനുകൂല വിഭാഗങ്ങളുടെ വോട്ടുകള്‍ മാത്രം എണ്ണിയെന്നാണ് ആരോപണം. ഗുണ്ടായിസത്തിലൂടെ വ്യാജ വോട്ടര്‍മാരെയും അടക്കം കളത്തില്‍ ഇറക്കിയുള്ള അട്ടിമറിയാണ് നടന്നത്. ഒടുവില്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കേരള എന്‍ജിഒ യൂണിയന്‍, കെജിഒഎ, കെജിഎന്‍എ, കെഎന്‍യു സംഘടനകളുടെ സംയുക്ത വേദിയായ പ്രോഗ്രസീവ് നഴ്‌സസ് ഫോറത്തിന് ഉജ്വല വിജയമെന്ന് ദേശാഭിമാനിയില്‍ വാര്‍ത്തയും വന്നു. 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്ഥാനാര്‍ഥികള്‍ വന്‍വിജയം നേടിയത് എന്നാണ് ദേശാഭിമാനി അവകാശപ്പെട്ടത്. എന്നാല്‍, ജനാധിപത്യ ബഹുമാനമില്ലാതെ സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു എന്ന് യുഎന്‍എ ആരോപിച്ചു.

https://youtu.be/SoY3_QbNWo4

നാടകാന്തം അട്ടിമറി

ഒരുലക്ഷത്തി ആറായിരത്തി 400 വോട്ടാണ് ആകെ പോള്‍ ചെയ്തത്. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ഉച്ചയ്ക്ക് മുമ്പ് അവസാനിക്കേണ്ടതായിരുന്നു. തപാല്‍ വഴിയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍, വോട്ടെണ്ണല്‍ അവസാനിച്ചത് ശനിയാഴ്ച രാത്രി 12 മണിക്കാണ്. നാടകങ്ങളും, പൊലീസ് പീഡനവും, ഗൂണ്ടകളുടെ ആക്രമണവും, കള്ളക്കേസുകളും എല്ലാം ഉണ്ടായി. 2019 ല്‍ സിപിഎമ്മിന്റെ കയ്യിലിരുന്ന കേരളാ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ യുഎന്‍എ പിടിച്ചെടുത്തത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. യുഎന്‍എ മത്സരിക്കാന്‍ രംഗത്തിറങ്ങിയപ്പോള്‍, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒക്കെ സംഘടനകള്‍ ഒരുമിച്ച് മത്സരിച്ചിട്ടും അവരാകെ നേടിയത് 18,000 വോട്ടായിരുന്നു.

യുഎന്‍എ ജയിച്ചതോടെ അവരുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനും മടിച്ചില്ല. നിയമപോരാട്ടത്തിലൂടെ അതിനെ നേരിട്ട് 2025 ല്‍ യുഎന്‍എ പുതിയ തിരഞ്ഞെടുപ്പിനെ നേരിട്ടു. വലിയ തോതില്‍ പ്രചാരണം നടന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ മുഴുവന്‍ വോട്ടുചെയ്തത് യുഎന്‍എക്കാണ്. യുഎന്‍എ നേതാക്കള്‍ തന്നെ ആശുപത്രികളില്‍ പോയി വോട്ടുകള്‍ ശേഖരിച്ച് അയയ്ക്കുകയായിരുന്നു. എല്ലാ വോട്ടുകളും സീല്‍ ചെയ്ത് അയച്ചതോടെ കൃത്രിമം കാണിക്കാനുള്ള സാധ്യതയും ഇല്ലായിരുന്നു. കാരണം കേരള നഴ്‌സിങ് കൗണ്‍സില്‍ അയച്ചുകൊടുക്കുന്ന ബാലറ്റിന് കൃത്യമായ സീരിയല്‍ നമ്പറും, ത്രഡുകളും, ഉണ്ട്. കൃത്യമായ ഫോണ്‍നമ്പറും, വിലാസവും സഹിതമായത് കൊണ്ട് കൃത്രിമം കാണിക്കുക സാധ്യമല്ല.

വോട്ടെണ്ണാന്‍ തുടങ്ങുകയും യുഎന്‍എ വിജയത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ എതിരാളികള്‍ കള്ളവോട്ടെന്ന് ആരോപിച്ച് ബഹളം വച്ചു. ഒരുലക്ഷത്തി ആറായിരത്തി 400 വോട്ടില്‍, 65,999 വോട്ടുമാത്രമേ സാധുവുള്ളു എന്ന് വിധിച്ചു. 43000 വോട്ട് മന:പൂര്‍വ്വം മാറ്റിക്കളഞ്ഞു. ഏകദേശം പകുതിയോളം വോട്ടുകള്‍ അസാധുവാണ്, കള്ളവോട്ടാണ് എന്നുപറഞ്ഞ് മാറ്റി വച്ചു. എഎന്‍എം നഴ്‌സുമാര്‍ക്കുള്ള പ്രതിനിധികളില്‍ 16,000 വോട്ടാണ് പോള്‍ ചെയ്തത്. അതില്‍ 6599 വോട്ടുമാത്രമേ സാധുവായി കണക്കാക്കിയുള്ളു. ബാക്കിയെല്ലാം അസാധുവാക്കി. കൃത്യമായി കിട്ടിയ വോട്ട് കളളവോട്ടാണെന്ന് ആരോപിച്ച് മാറ്റിവച്ചെങ്കിലും യുഎന്‍എ ജയിക്കേണ്ടതായിരുന്നു. എന്നാല്‍, ജയിച്ചില്ല. കാരണം എതിരാളികള്‍ കൂട്ടത്തോടെ കള്ളവോട്ട് നടത്തുകയായിരുന്നു. 30,000 വോട്ടിന് അവര്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തവണ എല്ലാവരും കൂടി മത്സരിച്ചിട്ട് 18,000 വോട്ടാണ് കിട്ടിയത്. എന്നാല്‍, ഇക്കുറി സിപിഎമ്മിന്റെ എന്‍ജിഒ സംഘടന 30,702 വോട്ടുകിട്ടിയെന്ന് പറഞ്ഞ്, എല്ലാ സീറ്റുകളിലേക്കും അവര്‍ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

75,000 ത്തോളം വോട്ട് യുഎന്‍എ ഉറപ്പാക്കി വച്ചിരുന്നു. എന്നാല്‍, ആ വോട്ട് കള്ളവോട്ടാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുഎന്‍എയ്ക്ക് മൂന്നര ലക്ഷം അംഗങ്ങളുണ്ട്. എന്നാല്‍, സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. കള്ളവോട്ട് ചെയ്തതിനൊപ്പം, യുഎന്‍എയ്ക്ക് കിട്ടിയ വോട്ടുമുഴുവന്‍ കള്ളവോട്ടാണെന്ന് ആരോപിച്ച്് അസാധുവാക്കുകയും ചെയ്തു. ജനാധിപത്യത്തെ എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്നതിന് തെളിവാണിത്. ദീര്‍ഘകാലമായി സിപിഎം കയ്യാളുന്ന കേരള നഴ്‌സിങ് കൗണ്‍സില്‍ സിപിഎമ്മിന് നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു. നഴ്‌സുമാരെല്ലാം യുഎന്‍എയുടെ കീഴില്‍ അണിനിരന്നതോടെ, നഴ്‌സിങ് കൗണ്‍സില്‍ യുഎന്‍എ പിടിച്ചെടുത്താല്‍, സിപിഎമ്മിന്റെ തട്ടിപ്പുകള്‍ നടക്കാതെ വരും. സ്വകാര്യ ആശുപത്രി നഴ്‌സിങ് കോളേജുകള്‍ക്ക് അംഗീകാരം കൊടുക്കുന്നത് കെ എന്‍ സിയാണ്. നഴ്‌സുമാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നത് കെഎന്‍സിയാണ്. യുഎന്‍എ തലപ്പത്തേക്ക് വന്നാല്‍, കാര്യങ്ങള്‍ സുതാര്യമാകുകയും സിപിഎമ്മിന്റെ തട്ടിപ്പുകള്‍ നടക്കാതെ വരികയും ചെയ്യും.

എട്ട് സീറ്റുകളില്‍ മത്സരിച്ച യുഎന്‍എക്ക് എല്ലാ സീറ്റുകളും നഷ്ടമാകുകയായിരുന്നു. യുഎന്‍എയുടെ പോള്‍ ചെയ്ത 80 % വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനമാണ് നടന്നതെന്നും റിസള്‍ട്ട് പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് അട്ടിമറിക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജാസ്മിന്‍ ഷായുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു ഇലക്ഷന്‍ അവലോകനം...

2019 ല്‍ നടന്ന ഇലക്ഷനില്‍ യുഎന്‍എ ആകെ നേടിയ വോട്ട് 25000 ത്തോളമാണ്. അന്ന് യുഎന്‍എക്കെതിരെ ഇന്ന് 3 ആയി മത്സരിച്ച എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്നപ്പോഴും നേടിയത് 18000 ത്തോളം വോട്ട്.

ഇനി 2025 ലേക്ക് നോക്കാം....

യുഎന്‍എക്ക് ആകെ ലഭിച്ചത് 18899 വോട്ട്, വിജയിച്ച കെ.ജി.എന്‍.എക്ക് 30792, കെ.ജി.എന്‍.യുവിന് 6721, ഐ.എന്‍.എ 2500, ടി.എന്‍.എ.ഐ 2846 .

ആകെ പോള്‍ ചെയ്ത വോട്ട് 121500, വ്യാജ വോട്ടാണ് എന്ന പറഞ്ഞ് മാറ്റിവെച്ചത് 42000 ത്തോളം വോട്ടുകള്‍. യുഎന്‍എയുടെ കണക്ക് പ്രകാരം 70000-80000 വോട്ടുകള്‍ വരെ 75000 ഉറപ്പായും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വ്യാജമാണെന്ന് പറഞ്ഞ് മാറ്റി വെച്ച 42000 വോട്ട് (ഇതില്‍ എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുണ്ട്) ഉള്‍പ്പെടുത്തിയാലും ഞങ്ങളുടെ വോട്ടുകള്‍ എവിടെപ്പോയി?

ജൂലൈ 4 ന് രാവിലെ 10 മണിക്ക് ഇലക്ഷന്‍ തുടങ്ങും മുമ്പേ തലേ ദിവസം രാത്രി യുഎന്‍എ നേതാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം നടക്കുന്നു (FIR No.884/2025). രാവിലെ 10ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ വോട്ടുകള്‍ സൂക്ഷിച്ച സ്റ്റോറൂമിന്റെ കീ കാണുന്നില്ല. 2 മണിക്കൂറിന് ശേഷം ലഭിക്കുന്നു. വോട്ടുകള്‍ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് മാറ്റുന്നു, വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ടേബിളില്‍ വോട്ടുകള്‍ നിരത്തുമ്പോഴേക്കും കെ.ജി.എന്‍.എ നേതാവ് സുബ്രമണ്യന്‍ യുഎന്‍എ വോട്ടുകള്‍ കളളവോട്ട് ആരോപണം ഉന്നയിക്കുന്നു. വോട്ടുകള്‍ തുറക്കും മുന്‍പ് കള്ളവോട്ട് ഉണ്ട് എന്ന് സുബ്രമണ്യന് എങ്ങിനെ മനസ്സിലായി?

തുടര്‍ന്ന് വലിയ അക്രമണം ഉണ്ടാകുന്നു. വോട്ടെണ്ണല്‍ അനന്തമായി നീളുന്നു. റിട്ടേണിംഗ് ഓഫീസര്‍ സംശയമുള്ള ബാലറ്റുകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുന്നു. യുഎന്‍എക്ക് പോള്‍ ചെയ്ത വോട്ടുകള്‍ കാണുമ്പോഴേ വ്യാജമെന്ന് പറഞ്ഞ് മാറ്റിവെക്കുന്നു. പുറത്ത് പരക്കെ അക്രമണങ്ങളും. വെള്ളിയാഴ്ച രാത്രി 11.30 ഓടെ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച് ഒരു സുരക്ഷയുമില്ലാതെ ബാലറ്റുകള്‍ ഓഫീസില്‍ വെച്ച് പൂട്ടി ശനിയാഴ്ച രാവിലയേ ഇനി വോട്ടെണ്ണല്‍ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്നു. പുറത്ത് വന്‍ അടി നടക്കുന്നു. പോലീസ് സകലരെയും ഗേറ്റിന് പുറത്താക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ജനറല്‍ ആശുപത്രി വഴി സുഗമമായി കടക്കാനുള്ള മറ്റൊരു വഴിയുണ്ട് എന്നത് ഞങ്ങളറിഞ്ഞത് പിന്നീട്.

ശനിയാഴ്ചയും നാടകം തുടരുന്നു, രാവിലെ 1 KGNA ക്ക് അനുകൂലമായ വോട്ടുകളില്‍ പ്രത്രേക മഷിയുളള ബാലറ്റ് കണ്ടപ്പോള്‍ സംശയം രേഖപ്പെടുത്തുകയും ബഹളം വെക്കുകയും ചെയ്ത UNA, KGNU പ്രവര്‍ത്തകരോട് ചില കെട്ടുകള്‍ അങ്ങിനെയാണ് പ്രിന്റ് ചെയ്തതെന്ന റിട്ടേണിംഗ് ഓഫീസറുടെ വിചിത്രമായ മറുപടി.( എന്തായാലും ആ പ്രത്യേക കളറുള്ള കെട്ടുകളിലെ ബാലറ്റുകളില്‍ KGNA ക്ക് മാത്രം വോട്ട് ലഭിച്ചു എന്നത് 8 മത്തെ ലോക മഹാല്‍ഭുതമായി രേഖപ്പെടുത്തണം).

വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു.(ശനിയും, ഞായറും കോടതി അവധി ദിനങ്ങള്‍ ). വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല.

വാട്ട് എ ബ്രില്ലന്റ് ഇലക്ഷന്‍ സ്ട്രാറ്റജി സര്‍ജി...

അപ്പോള്‍ ബാക്കി നാളെ കോടതിയില്‍ കാണാം

Full View


കെ.ജി.എന്‍.യു, ഐ.എന്‍.എ എന്നീ സംഘടനകള്‍ക്ക് വേണ്ടിയാണ് അട്ടിമറി ശ്രമം നടക്കുന്നതെന്നാണ് യുഎന്‍എയുടെ ആരോപിച്ചത്. യുഎന്‍എക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് ആരോപണം. അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമയം വൈകി രാത്രിയുടെ മറവിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇതില്‍ യുഎന്‍എക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ 80 ശതമാനവും എണ്ണാതെ മാറ്റിവെക്കുകയാണ് ഉണ്ടായത്.

വ്യാജ ബാലറ്റുകള്‍ അടിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടിട്ടിരുന്നു. അക്രമവും, ഗുണ്ടായിസവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ല. ജൂലൈ 4 ന് 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച നഴ്‌സിംഗ് കൗണ്‍സിലില്‍ ജൂലൈ 5 രണ്ട് മണി കഴിഞ്ഞിട്ടും ആരംഭിക്കാതെ രാത്രിയുടെ മറവിലേക്ക് മാറ്റുകയാിരുന്നു. ഇത് അക്രമത്തിലൂടെ ഭരണം പിടിക്കാനുള്ള ശ്രമം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് ജാസ്മിന്‍ഷാ നേരത്തെ പറഞ്ഞിരുന്നു.

കേരളാ നഴ്‌സിംഗ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1.22 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. യുഎന്‍എ മത്സരിച്ച 8 സീറ്റിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കപ്പെടുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പു തന്നെ അട്ടിമറിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

അതിനിടെ കേരള നഴ്സിങ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിനടുത്ത് കള്ളവോട്ട് നടന്നതായും നഴ്സിങ് ചുമതലയുള്ള വരണാധികാരികളുടെ അറിവില്ലാതെ ഇത്രയും വ്യാജ ബാലറ്റുകള്‍ അവിടെ എത്തില്ലെന്നും കേരള ഗവ. നഴ്സസ് യൂണിയന്‍ ആരോപിച്ചു.

അറുപത് ശതമാനത്തിന് മുകളില്‍ കള്ളവോട്ട് പിടിക്കപ്പെട്ടിട്ടും അതു മാറ്റിവച്ച് വോട്ടിങ് നടപടികളിലൂടെ മുന്നോട്ട് പോകുന്നത് വ്യക്തമായ അജണ്ട തയ്യാറാക്കി നടപ്പിലാക്കിയതിന്റെ ഭാഗമായാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയന്‍ സംസ്ഥാന ജന. സെക്രട്ടറി എസ്.എം. അനസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ ആക്രമണം

യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യു.എന്‍.എ ഭാരവാഹികളായ നൈജു, മാത്യു, എബിച്ചന്‍ എന്നിവര്‍ക്കെതിരെ അക്രമമുണ്ടായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 3 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തു. കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷന്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാനെത്തിയ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്ക് നേരെയാണ് ആക്രമമുണ്ടായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തമ്പാനൂര്‍ മാഞ്ഞാലിക്കുളം ഭാഗത്ത് നിന്നും ആര്‍എംഎസിലേക്ക് ആഹാരം കഴിക്കാന്‍ പോകുന്നതിനിടെയാണ് പരാതിക്കാര്‍ക്കെതിരെ അക്രമമുണ്ടായത്. മാഞ്ഞാലിക്കുളത്തുള്ള ഹോട്ടല്‍ ഹൈലാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. ഓട്ടോറിക്ഷ ഡ്രൈവര്‍ പരാതിക്കാരില്‍ ഒരാളായ മാത്യുവിനെ അസഭ്യം പറയുകയും ചെകിട്ടില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ മാത്യുവിനെ നിലത്ത് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മാത്യുവിനെ പ്രതി വയറ്റിലും, നെഞ്ചിലും ചവിട്ടി പരിക്കേല്‍പ്പിച്ചു.

തടയാന്‍ ശ്രമിച്ച മറ്റ് ഭാരവാഹികളെയും ഒപ്പമുണ്ടായിരുന്ന പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. 3 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളിലൊരാള്‍ കയ്യില്‍ കരുതിയിരുന്ന ആയുധം കൊണ്ട് നൈജുവിന്റെ തലയില്‍ ഇടിച്ചു. പിന്നാലെ ആര്‍എംഎസ് ഭാഗത്ത് നിന്നും ഓട്ടോറിക്ഷയില്‍ വന്ന പ്രതികളിലൊരാള്‍ പരാതിക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം എബിച്ചന്റെ ചെകിട്ടില്‍ ആഞ്ഞടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരും, ഹോട്ടല്‍ ജീവനക്കാരും, സെക്യുരിറ്റികളും ഓടിയെത്തിയതോടെ പ്രതികള്‍ ഓട്ടോയില്‍ സ്ഥലം വിടുകയായിരുന്നു.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 296(b), 126(2), 115(2), 118(1), 3(5) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം, പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ പിടികൂടാനായില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് യുഎന്‍എ നേതാക്കള്‍ പറയുന്നത്. നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിലെന്ന് സംഘടന സംശയിക്കുന്നതായാണ് സൂചന.

Tags:    

Similar News