നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്! ഓംപ്രകാശിന്റെ സഞ്ചാരവും സാഗര്‍ ഏലീയാസ് ജാക്കിയെ പോലെ; ശ്രീനാഥ് ഭാസിയെ കണ്ടെന്നും കെട്ടിപ്പിടിച്ച് പിരിഞ്ഞെന്നും തുറന്നു പറച്ചില്‍; പ്രയാഗ മാര്‍ട്ടിന് സിനിമയില്‍ കാണും പോലെ രൂപഭംഗിയല്ല; അഭിമുഖം നല്‍കി ഓംപ്രകാശ്
കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാന്‍. ലഹരി ഉപയോഗിക്കാന്‍ കഴിയില്ല.
തിരുവനന്തപുരം: സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ എത്തിയതെന്ന വിശദീകരണവുമായി ഗുണ്ടാനേതാവ് ഓംപ്രകാശ്. കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഓംപ്രകാശ്. നടനേയും നടിയേയും കണ്ടത് ഓംപ്രകാശും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മയക്കു മരുന്ന് കച്ചവടില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാന്‍. ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. രണ്ട് കേസുകള്‍ മാത്രമാണ് എനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് കമ്മിഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ലൈനാണ് തനിക്കുള്ളത്. വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. പക്ഷേ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറയുന്നു. കേരള കൗമുദിയാണ് ഈ അഭിമുഖം നല്‍കുന്നത്. തന്നെ കേസില്‍ പെടുത്തിയ പോലീസിനെ രൂക്ഷമായി ഓംപ്രകാശ് വിമര്‍ശിക്കുന്നുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസെന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇരുപതാംനൂറ്റാണ്ടില്‍ മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട ഡയലോഗാണ്. ഇതേ വഴിയിലാണ് താനെന്ന് പറഞ്ഞു വയ്ക്കുകയാണ് ഓംപ്രകാശും.
മയക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താന്‍ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ്തതാണെന്നും ഇയാള്‍ പറയുന്നു.റൂമില്‍ മദ്യമുണ്ടായിരുന്നു. പല സുഹൃത്തുക്കളും എത്തി. എന്നാല്‍ പലരെയും എനിക്ക് പരിചയമില്ല. അക്കൂട്ടത്തില്‍ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഭാസിയെ പരിചയപ്പെട്ടു. ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്‍ഡ് നല്‍കി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി നടി പ്രയാഗയാണെന്ന് പിന്നീടാണ് മനസിലായത്. സിനിമയില്‍ കാണുന്ന പോലെ രൂപഭംഗിയുണ്ടായിരുന്നില്ല.റൂമില്‍ നിന്ന് ഒഴിഞ്ഞ ഒരു കവര്‍ മാത്രമാണ് പൊലീസ് കണ്ടെടുത്തത്. അതും എന്റെ റൂമില്‍ നിന്നല്ല. എന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല.
ഓംപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ട തമ്മനം ഫൈസല്‍, പാര്‍ട്ടി നടന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ബ്രഹ്‌മപുരം സ്വദേശി അലോഷി കെ. പീറ്റര്‍, ഭാര്യ സ്നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു. ലഹരിപ്പാര്‍ട്ടിയിലേക്ക് താരങ്ങളെയടക്കം എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവര്‍. പാര്‍ട്ടിക്കെത്തിയ മറ്റ് 14 പേര്‍ക്കും പൊലീസ് നോട്ടീസ് നല്‍കും. നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്തു. പ്രയാഗ മാര്‍ട്ടിനില്‍ നിന്നും വിവരങ്ങള്‍ തേടി.
ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തെ അറസ്റ്റിലായിരുന്നു. പാര്‍ട്ടിക്ക് കൊക്കെയ്നെത്തിച്ചത് ബിനുവാണെന്നാണ് പോലീസ് പറഞ്ഞു വയ്ക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പ്രയാഗ നല്ല കുട്ടിയാണെന്നും ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാന്‍ ശ്രമിക്കരുതെന്നും പിതാവ് മാര്‍ട്ടിന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാസപരിശോധനയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ സിപ്പ് ലോക്ക് കവറില്‍ കൊക്കെയ്ന്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഓംപ്രകാശിന് ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് നല്‍കിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതിയേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.