ഡാനിയുടെ പാര്‍ട്ടിയെന്ന് അറിയാതെ ഈഞ്ചയ്ക്കലില്‍ എത്തി; എയര്‍പോര്‍ട്ട് സാജനെ കണ്ടതും സ്ഥലം വിട്ടു; പഞ്ഞിക്കിട്ടത് വെള്ളായണിക്കാരന്‍ നിതിനെ; തിരുവനന്തപുരത്തെ അധോലോകത്തെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ എയര്‍പോര്‍ട്ട് സാജന്‍; മകന്‍ ഡാനിയുടെ കൈക്കരുത്തില്‍ അച്ഛന്‍; ഓംപ്രകാശ് ശ്രമിക്കുന്നത് പ്രതാപം വീണ്ടെടുക്കാനോ?

Update: 2024-12-18 06:36 GMT

തിരുവനന്തപുരം: ഡാന്‍സ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ ഒന്നും അറിയില്ലെന്ന് ഓംപ്രകാശിന്റെ മൊഴി. ഡാനിയുടെ പരിപാടിയാണെന്ന് അറിഞ്ഞല്ല ഓംപ്രകാശ് പോയത്. ഡിജെ പാര്‍ട്ടിക്കിടെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓംപ്രകാശും സുഹൃത്തും പോകുമ്പോള്‍ സാജനാണ് പ്രകോപനമുണ്ടാക്കിയത്. ഓംപ്രകാശ് കടന്നുപോയ ശേഷമാണ് സുഹൃത്ത് നിതിനെ സാജന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തത്. എന്നാല്‍ വെള്ളയാണിക്കാരനായ നിതന്‍ പരാതി കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ കഴിയാത്തത്. ഓംപ്രകാശിനൊപ്പം ബാറിലെത്തിയ യുവതിക്കും പൊലീസ് നോട്ടിസ് അയച്ചു. എറണാകുളം സ്വദേശിയായ യുവതി ഉടന്‍ സ്‌റ്റേഷനിലെത്തുമെന്നാണ് സൂചന.

ഓംപ്രകാശുമായി ഏറ്റുമുട്ടിയ വലിയതോപ്പ് സ്വദേശി സാജന്‍,മകന്‍ ഡാനി എന്നിവരടക്കം കേസില്‍ പ്രതികളായ 25 പേര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായിരുന്നു. പാറ്റൂര്‍ കേസില്‍ ആഴ്ചതോറും ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഒപ്പിടാന്‍ എത്താറുള്ള ഓംപ്രകാശ് മാസങ്ങളായി കുളത്തൂരിലാണ് താമസം. കുളത്തൂരിലെ തമ്പൂരാന്‍മുക്കിലെ വീട്ടില്‍ നിന്നാണ് ഓംപ്രാശിനെ പിടിച്ചത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. താന്‍ ഒന്നിനും പോയിട്ടില്ലെന്നാണു ബാറിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഓംപ്രകാശിന്റെ മറുപടിയെന്നു പൊലീസ് പറഞ്ഞു. ബിസിനസുമായി ജീവിക്കുകയാണ് ലക്ഷ്യമെന്ന് ഓംപ്രകാശ് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഗുണ്ടകളെ നിരീക്ഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനും ഷാഡോ സംഘത്തിനും കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ദിവസം ബാറിലുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണ്‍ നമ്പരും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 25 പേര്‍ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. ഇനി ബാറിലെ ഏറ്റുമുട്ടലിന്റെ പേരില്‍ ആക്രമണം ഉണ്ടാകാതെ തടയുകയാണ് ലക്ഷ്യം. ഭീഷണിയെത്തുടര്‍ന്നു സാജന്റെ സംഘത്തിലെ പലരും സമൂഹമാധ്യമങ്ങളില്‍നിന്നു ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്. രാത്രി 9.30ന് കഴക്കൂട്ടം കുളത്തൂരുള്ള അതിഥിസത്കാര കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. ഈഞ്ചയ്ക്കല്‍ ബാറിലെ ഗുണ്ടാ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

പൊലീസ് ഓംപ്രകാശിന് ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപത്തിലാണ് ഇയ്യാളെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാന്‍ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം വന്നത്. സംഘം കൂടി സംഘര്‍ഷം,പൊതുജനശല്യം തുടങ്ങി ആറ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. നഗരമദ്ധ്യത്തിലെ ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറിലാണ് സാജന്‍ നടത്തിയ ഡി.ജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്. വെള്ളനാട് സുരേന്ദ്രന്റെ ബാറിലായിരുന്നു ആക്രമണം. ഓംപ്രകാശ് വിവാഹ മോചിതനായെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാ തലവന്മാരില്‍ എയര്‍പോര്‍ട്ട് സാജന് നല്ല കരുത്തുണ്ടുത്രേ. ഇത് തകര്‍ക്കാനുള്ള ഓംപ്രകാശിന്റെ ശ്രമമാണ് ഈഞ്ചയ്ക്കലില്‍ കണ്ടെതെന്നും പോലീസ് വിലയിരുത്തുന്നു.

സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി ഓംപ്രകാശ് തടസപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടല്‍. പരിപാടി നടക്കുന്നതിനിടെ ഓംപ്രകാശും നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റം ഉണ്ടായതിനെത്തുടര്‍ന്ന് ബാറിനുള്ളില്‍ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുകൂട്ടരും സ്ഥലംവിട്ടു. എയര്‍പോര്‍ട്ട് സാജനെ കണ്ടെതും ഓംപ്രാകാശ് മുങ്ങിയത് പോലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് ഗ്യാങ് കൂടുതല്‍ കരുത്തരായതിന് തെളിവായി പോലീസ് ഇതിനെ വിലയിരുത്തുന്നു.

പാറ്റൂരില്‍ റിയല്‍ എസ്റ്റേറ്റുമായി ഉണ്ടായ തര്‍ക്കത്തില്‍ നിധിന്‍ എന്ന ചെറുപ്പക്കാരനെ വെട്ടിയ കേസിലാണ് അവസാനമായി ഓംപ്രകാശ് നഗര പരിധിയില്‍ അറസ്റ്റിലാകുന്നത്.രണ്ടു മാസം മുന്‍പ് കൊച്ചിയിലെ ലഹരിക്കേസില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന വ്യക്തിയാണ് നിതിന്‍. ഡാനിയും ഈ ബിസിനസ്സില്‍ ഇറങ്ങിയതാണ് ബഹമുണ്ടാക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇഞ്ചക്കലിലെ സംഘര്‍ഷം. വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവിലാണ് സംഘത്തിന്റെ ഇപ്പോഴത്തെ ഓപ്പറേഷനുകള്‍. എയര്‍പോര്‍ട്ട് സാജന്റെ മകനായ ഡാനിയാണ് ഓം പ്രകാശിന്റെ എതിര്‍ചേരിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്‌കുമാര്‍ വധ കേസില്‍ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായത്.

ഓം പ്രകാശിന്റെ അസാന്നിധ്യത്തില്‍ അതുവരെ ഭയന്ന് നിന്നവര്‍ പലരും സ്വന്തം സംഘത്തെ വളര്‍ത്തി. എയര്‍പോര്‍ട്ട് സാജനൊപ്പം മകന്‍ ഡാനിയും വളര്‍ന്നു. നഗരത്തിലെ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഡാനി വാര്‍ത്തയില്‍ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്. ഡാനിയുടെ സംഘം ഉപേക്ഷിച്ചതിനായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

അപ്രാണി കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും കളത്തിലിറങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടും വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടികളുമായിരുന്നു പ്രധാന വരുമാനമാര്‍ഗം. പരസ്യമായ ക്വട്ടേഷന്‍ ഇടപാടുകളില്ലായിരുന്നു. പാറ്റൂരിലെ അടിപിടിയില്‍ ഓംപ്രകാശിന്റെ ശത്രുക്കള്‍ക്ക് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസില്‍ ഒളിവിലായിരുന്ന ഓം പ്രകാശിനെ ഗോവയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ കൊച്ചിയില്‍ വന്‍കിട ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും കാലമായി എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാര്‍ട്ടികളുടെ പ്രധാന സംഘാടകന്‍.

ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമാണ്. ഇഞ്ചക്കലില്‍ ഡാനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘര്‍ഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

Tags:    

Similar News