സുഹൃത്തുക്കളുമായി ഒരു ഓട്ടോറിക്ഷ ബെറ്റുവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം; മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

Update: 2024-11-04 16:24 GMT

ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് പടക്കത്തിന് മുകളില്‍ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയില്‍ ദാരുണാന്ത്യം. ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

ദീപാവലി ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി എല്ലാവരും മദ്യപിച്ച ശേഷം പടക്കം പൊട്ടിക്കാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു ബെറ്റ് വെച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാര്‍ഡ് ബോര്‍ഡ് കൊണ്ട് മൂടി അതിന് മുകളില്‍ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താല്‍ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കള്‍ സമ്മാനമായി പറഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി.

ചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് മുകളില്‍ ശബരീഷ് ഇരിക്കുന്നത് വീഡിയോയില്‍ കാണാം. സുഹൃത്തുക്കള്‍ ആദ്യം ഒപ്പം നില്‍ക്കുന്നു. ഒരാള്‍ പടക്കത്തിന് തീ കൊളുത്തിയ ശേഷം എല്ലാവരും ഓടി മാറി. അല്‍പ നേരം കഴിഞ്ഞ് പടക്കം പൊട്ടി. പിന്നാലെ സുഹൃത്തുക്കള്‍ തിരിച്ചെത്തി. കുറച്ച് നേരം പെട്ടിയുടെ മുകളില്‍ തന്നെ ഇരിക്കുന്ന യുവാവ് പിന്നീട് കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് മരണ കാരണമായിട്ടുണ്ടാവണം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശബരീഷിന്റെ ആറ് സുഹൃത്തുക്കളെ പൊലീസ് പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കിയതായി സൗത്ത് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ജഗലസര്‍ പറഞ്ഞു.

സംഭവത്തിന് മുമ്പായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ജഗലസര്‍ പറഞ്ഞു.

Tags:    

Similar News