ദിവസേന ഓരോ പെഗ് അടിക്കുന്നത് നല്ലതെന്ന് കരുതുന്നവർക്കൊരു മുന്നറിപ്പ്; ഒരാഴ്ച കൊണ്ട് നിങ്ങളുടെ ശരീരത്തിലെത്തുന്നത് 14 യൂണിറ്റ് മദ്യം; നിങ്ങൾ പോലും അറിയാതെ നിങ്ങളൊരു അമിത മദ്യപാനി ആയോ; ആഴ്ചയിൽ എത്ര യൂണിറ്റ് മദ്യം സേവിച്ചെന്നറിയാൻ ഓൺലൈൻ കാൽക്കുലേറ്റർ; മദ്യപാനം ശീലമാണെങ്കിൽ ഈ കാൽക്കുലേറ്റർ ഒന്ന് പരീക്ഷിച്ച് നോക്കാം

Update: 2025-05-24 06:03 GMT

ലണ്ടൻ: എല്ലാ ദിവസവും ഓരോ പെഗ് അടിക്കുന്നത് നല്ലതനാണെന്ന് കരുതുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഈ കണക്കുകൾ ഒന്ന് ശ്രദ്ധിക്കണം. ദിവസേന ഒരു പെഗ് കുടിക്കുന്നതിലൂടെ ഒരാഴ്ചയിൽ 14 യൂണിറ്റ് മദ്യമാണ് നിങ്ങളുടെ ശരീരത്തിലെത്തുന്നത്. അതായത്, 6 പൈന്റ് ബിയർ അല്ലെങ്കിൽ ഒന്നര കുപ്പി മദ്യം. ഇത്രയും അളവിൽ മദ്യപിക്കുന്നുണ്ടെങ്കിൽ നിങ്ങളൊരു അമിത മദ്യപാനിയാണ്. ഈ അളവ് നിങ്ങൾളുടെ ആരോഗ്യത്തെ ബാധിക്കാൻ കാരണമാകും.

ആഴ്ചയിൽ നിങ്ങൾ എത്ര അളവിൽ മദ്യം സേവിക്കുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന കാൽകുലേറ്റർ ഉണ്ടെങ്കിൽ നല്ലതല്ലേ ? ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ ആണ് ഇത്തരത്തിൽ ഒരു കാൽക്കുലേറ്റർ അവരുടെ ഓൺലൈൻ സൈറ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ ഒരു അമിത മദ്യപാനിയാണെന്ന് തിരിച്ചറിവുണ്ടാക്കാൻ ഈ കാൽക്കുലേറ്റർ സഹായിച്ചേക്കാം. നിങ്ങൾക്ക് മദ്യപാനം ശീലമാണെങ്കിൽ ഈ കാൽക്കുലേറ്റർ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.

കുറഞ്ഞ വീര്യമുള്ള ബിയറിന്റെ ഒരു പൈന്റ്, സാധാരണ വീര്യമുള്ളത്, ഉയർന്ന വീര്യമുള്ളത്, സ്റ്റാൻഡേർഡ് ഗ്ലാസ് വൈൻ, ആൽക്കപോപ്പ്, സ്പിരിറ്റിന്റെ ഒറ്റ ഷോട്ട്, ഇരട്ട ഷോട്ട് എന്നിങ്ങനെ നിരവധി ഓപ്‌ഷനുകൾ ഡെയ്‌ലി മെയിൽ അവരുടെ സൈറ്റിൽ നൽകിയിരിക്കുന്ന കാൽക്കുലേറ്ററിലുണ്ട്. ഇതിൽ നിങ്ങൾ ദിവസവും എത്ര അളവിൽ മദ്യപിക്കുന്നു എന്ന് തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന ഓപ്‌ഷൻറെ കണക്ക് പ്രകാരമാണ് ആഴ്ചയിൽ എത്ര യൂണിറ്റ് മദ്യം നിങ്ങൾ കുടിച്ചുവെന്ന് കണക്കാക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസ് ശുപാർശ ചെയ്യുന്നതിനേക്കാൾ അളവിൽ നിങ്ങൾ മദ്യപിക്കുന്നുണ്ടോ എന്നും സൈറ്റിൽ നൽകിയിരിക്കുന്ന ഗ്രാഫിലൂടെ നിങ്ങൾക് മനസിലാക്കാൻ സാധിക്കും.

നാഷണൽ ഹെൽത്ത് സർവീസ് നൽകുന്ന നിർദ്ദേശങ്ങൾ :

1. പുരുഷന്മാരും സ്ത്രീകളും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം പതിവായി കഴിക്കരുതെന്നാണ്

ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

2. നിങ്ങൾ ആഴ്ചയിൽ 14 യൂണിറ്റ് വരെ കുടിക്കുന്നുണ്ടെങ്കിൽ, ഇത് 3 ദിവസമോ അതിൽ കൂടുതലോ ദിവസങ്ങളിലായി ചെയ്യുന്നതാണ് നല്ലത്.

3. നിങ്ങൾ മദ്യപാനം കുറയ്ക്കാൻ ആഗ്രഹിക്കുന്നൊരു വ്യക്തിയാണെങ്കിൽ ആഴ്ചയിൽ മദ്യപിക്കാത്ത ഒന്നോ അതിൽ കൂടുതൽ ദിവസങ്ങളോ കണ്ടെത്താൻ കഴിയണം.

4. നിങ്ങൾ ഗർഭിണിയോ, ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന ഒരാളോ ആണെങ്കിൽ മദ്യപാനം തീർത്തും ഉപേക്ഷിക്കുക. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യ സുരക്ഷയ്ക്കും പ്രധാനമാണ്.

ഒരു യൂണിറ്റ് മദ്യം കുടിക്കുമ്പോൾ 10 എംഎൽ അല്ലെങ്കിൽ 8ഗ്രാം ആൽക്കഹോൾ നിങ്ങളുടെ ശരീരത്തിലെത്തുന്നു. ഒരു പാനീയത്തിന്റെ ആകെ അളവ് (എംഎൽ) അതിന്റെ എബിവി (ശതമാനമായി അളക്കുന്നത്) കൊണ്ട് ഗുണിച്ച് ലഭിക്കുന്ന സംഖ്യയെ 1,000 കൊണ്ട് ഹരിച്ചാൽ ഏത് പാനീയത്തിലും എത്ര യൂണിറ്റുകൾ ഉണ്ടെന്ന് നിങ്ങൾക്ക് കണക്കാക്കാം. ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം പതിവായി കഴിക്കരുതെന്നും മദ്യപാനം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആഴ്ചയിൽ മദ്യപിക്കാത്ത ഒന്നോ അതിൽ കൂടുതൽ ദിവസങ്ങളോ കണ്ടെത്തണമെന്നും നാഷണൽ ഹെൽത്ത് സർവീസ് നിർദ്ദേശിക്കുന്നു.

Tags:    

Similar News