ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയില്‍ ഇ.ഡി പൂട്ടുമുറുക്കുന്നു! പോറ്റിയുടെ 1.30 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു; 100 ഗ്രാം സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സ്വര്‍ണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകളും; മൂന്ന് സംസ്ഥാനങ്ങളിലെ റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും കള്ളപ്പണ രേഖകളും കസ്റ്റഡിയില്‍; ദേവസ്വം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന പണമിടപാട്
ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയില്‍ ഇ.ഡി പൂട്ടുമുറുക്കുന്നു
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 1.30 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് കേസിലെ പ്രധാന പ്രതികളുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഇ.ഡി. നടപടി സ്വീകരിച്ചത്. അതേസമയം, കേസിനെ 'കൂട്ടക്കൊള്ള' എന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീടും സ്ഥലവും മറ്റു വസ്തുവകകളും ഉള്‍പ്പെടെ 1.30 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ.ഡി വ്യക്തമാക്കി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാമിന്റെ സ്വര്‍ണക്കട്ടി പിടിച്ചെടുത്തെന്നും ഇ.ഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേരളം, ചെന്നൈ, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായാണ് ഇ.ഡി ഇന്നലെ 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' റെയ്ഡ് നടത്തിയത്.
സ്വര്‍ണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകളും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് 2019-നും 2024-നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവുകളും ഇ.ഡി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്റെ പൂര്‍ണ്ണ വ്യാപ്തി എന്നിവ കണ്ടെത്തുന്നതിനുമായിരുന്നു ഇഡി റെയ്ഡ്. കൂടാതെ ശബരിമലയിലെ മറ്റ് ക്രമക്കേടും വാജി വാഹന കൈമാറ്റവും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടന്നത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടന്നു.
അതിനിടെ, കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന പ്രതി ശങ്കര്‍ ദാസിന്റെ രോഗാവസ്ഥയും ചികിത്സയും പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എ. പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ കേസിനെ 'കൂട്ടക്കൊള്ള' എന്ന് വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ട ബാക്കി സ്വര്‍ണം എവിടെയാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. 'പഞ്ചാഗ്‌നി മധ്യേ തപസ്സു ചെയ്താലുമീ പാപ കര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ?' എന്ന് തുടങ്ങുന്ന അദ്വൈതം സിനിമയിലെ വരികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചത്. സമാനതകളില്ലാത്ത ഈ കേസില്‍ നിലവില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കപ്പുറം കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ബന്ധിച്ചു.
