ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്; ഇടുക്കിയിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2024-10-11 07:21 GMT

ഇടുക്കി: ജില്ലയിലെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതു സംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ വിജിലന്‍സ് ഔട്ട്ലെറ്റുകളില്‍ പരിശോധന നടത്തിയത്.പരിശോധനയില്‍ ഉപ്പുതറ, കൊച്ചറ, പൂപ്പാറ, മൂന്നാര്‍, രാജാക്കാട് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ബീവറേജസ് ഔട്ട്ലെറ്റുകളില്‍ സ്വകാര്യ മദ്യകമ്പനികളില്‍ നിന്നും പണം കൈപ്പറ്റുന്നതടക്കമുള്ള ആക്ഷേപങ്ങളും സ്വന്തം നിലയില്‍ സ്റ്റാഫിനെ നിര്‍ത്തല്‍ തുടങ്ങി നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കൊച്ചറ ബിവറേജസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 20,000 രൂപയും കണക്കു ക്ലോസ് ചെയ്ത ശേഷം 5000 രൂപ കൂടുതലുള്ളതായി കണ്ടെത്തി പണം പിടിച്ചെടുത്തിരുന്നു.

ഉപ്പുതറയില്‍ ക്ലോസിങ്ങിനു ശേഷം കൂടുതലായി കണ്ട 15460 രൂപ പിടിച്ചെടുത്തിരുന്നു. പൂപ്പാറ ബിവറേജസ് ഷോപ്പില്‍ രണ്ടുപേരെ സഹായികളായി അനധികൃതമായി നിയമിച്ചതായി കണ്ടെത്തി. ഇവിടെ 2690 രൂപ സ്റ്റോക്കില്‍ കുറവായിരുന്നു. മൂന്നാറില്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ വന്ന 1027 രൂപ പിടിച്ചെടുത്തിരുന്നു.

രാജാക്കാട് ബില്‍ തുകയേക്കാള്‍ 13332 രൂപ കുറവുള്ളതായി കണ്ടെത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തിയിയിരുന്നു. മദ്യം പൊതിഞ്ഞു കൊടുക്കുന്നതിനായി വൗച്ചര്‍ എഴുതി പേപ്പര്‍ വാങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും പൊതിഞ്ഞു കൊടുക്കുന്നില്ലന്നും കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസ്, ഇന്‍സ്പെക്ടര്‍മാരായ ടിപ്സണ്‍ തോമസ്, കിരണ്‍ ടി ആര്‍, ഷിന്റോ പി കുര്യന്‍, അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Tags:    

Similar News