ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു; ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു; മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും സര്‍ക്കാര്‍ മദ്യമൊഴുക്കുന്നു; ബ്രൂവറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

ബ്രൂവറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

Update: 2025-03-02 12:50 GMT

കൊച്ചി: ബ്രൂവറിക്കെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികളെന്ന് ബ്രൂവറി വിഷത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് കാതോലികാ ബാവ പറഞ്ഞു.

സമൂഹത്തിലെ തിന്‍മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്ന അവസ്ഥാണുള്ളത്. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമെന്ന് കാതോലിക്കാബാവാ പറഞ്ഞു.

മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ കടന്നുപോകുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍പോലെയായി യുവജനങ്ങള്‍ മാറിയിരിക്കുന്നു. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

പുതുതലമുറ റീല്‍ ലൈഫില്‍ ജീവിക്കുന്നു, റിയല്‍ ലൈഫ് ഇല്ലതായി മാറിയിരിക്കയാണ്. കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കാതോലിക്കാബാവാ ആവശ്യപ്പെട്ടു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തിലാണ് കാതോലിക്കാബാവായുടെ പ്രതികരണം.

ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാലക്കാട് രൂപതയും രംഗത്തുന്നിരുന്നു. സാമ്പത്തിക ഉറവിടം വറ്റി വരണ്ടുപോകുമ്പോള്‍ ഏതെങ്കിലും വിധേന പണമുണ്ടാക്കാം എന്ന് കരുതുന്നത് തെറ്റാണെന്ന് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.

ജല ചൂഷണം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ബ്രൂവറിയുമായി മുന്നോട്ടുപോകുന്നത്. അതിനിടയാണ് ബ്രൂവറി വന്നാല്‍ ഉണ്ടാകുന്ന വിപത്തിനെ ചൂണ്ടിക്കാട്ടി പാലക്കാട് രൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് . എത്ര വലിയ നയപരമായ തീരുമാനം ആണെങ്കിലും , ബ്രൂവറി സാമൂഹിക വിപത്താണെന്ന് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ പറയുന്നു . കേരളത്തെ മദ്യ സംസ്ഥാനമായി മാറ്റുന്ന രീതിയാണ് ഇത് . വലിയൊരു ശതമാനം ആളുകളും ഈ വിപത്ത് ഒഴിവാക്കണമെന്നാണ് ആഗ്രഹിക്കുന്നത് , സാധാരണക്കാര്‍ക്ക് ജോലി നല്‍കാനാണെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നും മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വിമര്‍ശിച്ചു .

അതേസമയം എലപ്പുള്ളിയില്‍ സര്‍ക്കാര്‍ മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഒയാസിസ് കമ്പനി സിപിഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കി എന്ന് ആരോപിച്ചു ബിജെപിയും നേരത്തെ രംഗത്തുവന്നിരുന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിക്ക് രണ്ടു കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.

ഒയാസിസ് കമ്പനിയില്‍ നിന്നും സിപിഎം കൈകൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പ്രതികരിച്ചു. ആരോപണങ്ങള്‍ അവഞ്ജയോടെ തള്ളി കളയുന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.

അതേസമയം കൃഷ്ണകുമാര്‍ ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ട്. അദ്ദേഹത്തിന്റെ കൈവശം തെളിവുകളില്ല. ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. കോണ്‍ഗ്രസിന്റെ അക്കൗണ്ട് സുതാര്യമാണ്. ബ്രൂവറി വേണ്ട എന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ് എന്നും തങ്കപ്പന്‍ വ്യക്തമാക്കി.

Tags:    

Similar News