പിസ്റ്റോറിയസ് ഇപ്പോഴും സ്ത്രീവര്‍ഗ്ഗത്തിന് ഭീഷണി; പാരാലിമ്പിക്സ് താരത്തിന്റെ പുതിയ കാമുകിക്ക് ഉപദേശവുമായി കൊല്ലപ്പെട്ട റീവാ സ്റ്റീന്‍കാമ്പിന്റെ അമ്മ; കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ പിസ്റ്റോറിയസ് ജയില്‍ മോചിതനായത് 11 വര്‍ഷത്തിന് ശേഷം
പിസ്റ്റോറിയസ് ഇപ്പോഴും സ്ത്രീവര്‍ഗ്ഗത്തിന് ഭീഷണി
ജോഹന്നാസ ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ മോചിതനായ ലോകപ്രശസ്ത പാരാലിമ്പിക്സ് താരം ഓസ്‌ക്കാര്‍ പിസ്റ്റോറിയസിന്റെ പുതിയ കാമുകിക്ക് ഉപദേശവുമായി കൊല്ലപ്പെട്ട റീവാ സ്റ്റീന്‍കാമ്പിന്റെ അമ്മ. പിസ്റ്റോറിയസ് ഇപ്പോഴും സ്ത്രീവര്‍ഗ്ഗത്തിന് ഭീഷണിയാണെന്നാണ് കൊല്ലപ്പെട്ട കാമുകിയുടെ അമ്മ ആരോപിക്കുന്നത്. കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഈ മുന്‍ പാരാലിമ്പിക് താരം ഈ വര്‍ഷം ജനുവരിയിലാണ് പരോളില്‍ ഇറങ്ങിയത്.
11 വര്‍ഷംനീണ്ട ജയില്‍വാസത്തിനുശേഷമാണ് ഇയാള്‍ക്ക് പരോള്‍ ലഭിച്ചത്. 2013-ലെ വാലന്റൈന്‍സ് ഡേയില്‍ അടച്ചിട്ട കുളിമുറിയുടെ വാതിലിലൂടെ വെടിവെച്ചായിരുന്ന കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയിരുന്നത്. വീട്ടിലേക്ക് ആരോ നുഴഞ്ഞുകയറിയെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വാദം. ഇക്കാര്യം അറിയിച്ച് നിരവധി അപ്പീലുകള്‍ പിസ്റ്റോറിയസ് നല്‍കിയിരുന്നു.
കുളിമുറിയിലേക്ക് നാലുതവണയാണ് വെടിയുതിര്‍ത്തിരുന്നത്. ജനുവരി അഞ്ചുമുതല്‍ പരോള്‍ അനുവദിക്കുന്നതായി കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കെപ്പടുന്നതിന് മുന്‍പ്, പിസ്റ്റോറിയസ് എട്ടര വര്‍ഷം ജയിലിലും ഏഴ്മാസം വീട്ടുതടങ്കലിലും കഴിഞ്ഞിരുന്നു. ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചുകഴിഞ്ഞതിനാല്‍ പിസ്റ്റോറിയസിനെ സ്വതന്ത്രമാക്കി വിടാന്‍ പരോള്‍ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം നവംബറില്‍ തീരുമാനിക്കുകയായിരുന്നു. ഒരുകാലത്ത് കായിക ലോകത്തെ വിസ്മയമായിരുന്നു ഇപ്പോള്‍ 38 വയസ്സുള്ള ഓസ്‌കാര്‍ പിസ്റ്റോറിയസ്.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നടത്തുന്ന പാരാലിമ്പിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ സ്വര്‍ണമടക്കം നിരവധി നേട്ടങ്ങള്‍ക്കുടമയാണ് അദ്ദേഹം. 2012 ഓഗസ്റ്റില്‍, കാമുകിയെ കൊലപ്പെടുത്തുന്നതിന് ആറു മാസം മുന്‍പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഭിന്നശേഷിക്കാരനായ അദ്ദേഹം പങ്കെടുത്തിരുന്നു. 400 മീറ്റര്‍ സെമിഫൈനലിലെത്തുകയും ചെയ്തു. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം ഭിന്നശേഷിക്കാരെയും പങ്കെടുപ്പിക്കണമെന്ന് ശക്തമായി വാദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇരട്ട അംഗവൈകല്യമുള്ള ആദ്യ വ്യക്തിയുമാണദ്ദേഹം. പാരാലിമ്പിക്‌സില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്.
തന്റെ കൊല്ലപ്പെട്ട കാമുകിയുമായി രൂപസാദൃശ്യമുള്ള ഒരാളെ ഇപ്പോള്‍ തനിക്ക് കൂട്ടുകാരിയായി ലഭിച്ചതായി പിസ്റ്റോറിയസ് തന്നെയാണ്് വെളിപ്പെടുത്തിയത്. റീത്ത ഗ്രേലിങ് എന്നാണ് പുതിയ കാമുകിയുടെ പേര്. ഈ വിവരം പുറത്തറിഞ്ഞതിന് തൊട്ടു പിന്നാലെയാണ് റീവയുടെ അമ്മ താക്കീതുമായി രംഗത്ത് എത്തിയത്. പിസ്റ്റോറിയസ് വളരെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റീവയുടെ അമ്മ ജൂണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ജയിലില്‍ കഴിഞ്ഞ സമയത്തും പിസ്റ്റോറിയസിന് ദേഷ്യം നിയന്ത്രിക്കുന്നതിന് മതിയായ ചികിത്സ ലഭിച്ചിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മകളുടെ ഘാതകന്‍ വീണ്ടും പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചു എന്നും ജൂണ്‍ പറയുന്നു. പുതിയ കാമുകിയായ റീത്ത
ആകട്ടെ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. എന്നാല്‍ പിസ്റ്റോറിയസ് ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ബാറുകളിലും റസ്റ്റോറന്റുകളിലും ഒന്നും അദ്ദേഹം ഇപ്പോള്‍ പോകുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിസ്റ്റോറിയസിന്റെ ശിക്ഷാ കാലാവധി 2029 ല്‍ മാത്രമേ അവസാനിക്കുകയുള്ളുൂ. പരോള്‍ കാലാവധി എത്രകാലം ഉണ്ടാകും എന്നത് അദ്ദേഹത്തിനെ നിരീക്ഷിക്കാനായി ഏല്‍പ്പിച്ചവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനിക്കപ്പെടുക.