സ്റ്റേജില്‍ നിന്ന് ലൈറ്റ് കണ്ണിലേക്കടിച്ചത് പലതവണ പറഞ്ഞിട്ടും ശരിയാക്കാതായപ്പോള്‍ പുറം തിരിഞ്ഞ് പാട്ട്; ചിട്ടകള്‍ ഒന്നുമില്ലാത്ത ജീവിതം; അവസാനകാലത്തും രവീന്ദ്രന്‍- യേശുദാസ് ഗാനങ്ങള്‍ സര്‍ക്കസാണെന്ന് പറഞ്ഞ് വിവാദം; ജയചന്ദ്രന്‍ സംഗീത ലോകത്തെ ധിക്കാരി

ജയചന്ദ്രന്‍ സംഗീത ലോകത്തെ ധിക്കാരി

Update: 2025-01-09 16:06 GMT

കോഴിക്കോട്: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഒരു പ്രമുഖ ടിവി ചാനലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പാടുകയായിരുന്നു, പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍. ആദ്യ പാട്ടിനുശേഷം അദ്ദേഹം പറയുന്നുണ്ട്, 'ലൈറ്റ് കണ്ണിലേക്ക് അടിക്കുന്നു, ആരെങ്കിലും ആ റിഫ്ളക്റ്റര്‍ ഒന്ന് മാറ്റണേ' എന്ന്. രണ്ടുപാട്ടുപാടിയിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ല. വീണ്ടും സ്റ്റേജിലെത്തിയ ജയചന്ദ്രന്‍ ഒരു പണിയൊപ്പിച്ചു. നേരെ സ്റ്റേജിന് പുറം തിരിഞ്ഞ് കാണികള്‍ക്ക് പൃഷ്ടഭാഗം കാട്ടിക്കൊണ്ട് ഗാനാലാപനം തുടങ്ങി! ഇതോടെ സംഘാടകര്‍ ഞെട്ടി. ഉടന്‍ തന്നെ റിഫ്ളക്്റ്റര്‍ ശരിയായി.

അതാണ് പി ജയചന്ദ്രന്‍. മലയാള സംഗീത ലോകത്തെ ധിക്കാരി. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്ന് പറയും. മലയാളത്തിലെ മിക്ക ഗായകരെയും പോലെ ബോഡി കോണ്‍ഷ്യസ് ആയിരുന്നില്ല അദ്ദേഹം. തണുത്തത് തിന്നാതെയും, ഇഷ്ടഭക്ഷണം മാറ്റിവെച്ചും, കണ്ഠ ശുദ്ധി നിലനിര്‍ത്തേണ്ട കാര്യമില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 

ബോറന്‍മാരെയും അരസികന്‍മാരെയും സഹിക്കുന്ന രീതിയും അദ്ദേഹത്തിന് ഇല്ലായിരുന്നു. പാട്ടുകളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ വെറുതെ അഭിമുഖത്തിന് വരുന്ന ചില പത്രക്കാരനെ ഇറക്കിവിട്ടതിന്റെ പേരില്‍, പലരും അദ്ദേഹത്തിനെതിരെ ഗോസിപ്പുകള്‍ എഴുതി. പക്ഷേ ജയചന്ദ്രന് അതെല്ലാം പുല്ലുവിലയായിരുന്നു. നഖക്ഷതങ്ങള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി ഏതാനും ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഈ ചിത്രങ്ങളില്‍ നല്ല പ്രകടനമായിരുന്നു, അദ്ദേഹം കാഴ്ചവെച്ചത്. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. തന്റെ സൈഡ് ബിസിനിസ് മാത്രമാണ് അഭിനയം എന്നാണ് ജയചന്ദ്രന്‍ തുറന്നടിച്ചത്.




ദേവരാജന്‍ മാസ്റ്ററുടെ കണ്ടെത്തല്‍

പാട്ടുകാരനാകണമെന്ന് ആഗ്രഹിച്ചും കഠിനമായി യത്നിച്ചുമൊന്നും പാട്ടുകാരനായ ആളല്ല ജയചന്ദ്രന്‍. സ്‌കൂളില്‍ അദ്ദേഹത്തിന് പ്രിയം മൃദൃഗമായിരുന്നു. 1958-ലെ സംസ്ഥാന യുവജനമേളയില്‍ മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍, മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം ജയചന്ദ്രനായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.

ദേവരാജന്‍ മാസ്റ്ററുടെ കണ്ടെത്തലായിരുന്നു ജയചന്ദ്രന്‍. യേശുദാസ് ഉള്ളപ്പോള്‍ ഇനി ഒരു ഗായകന്‍ എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ജയചന്ദ്രന്‍. ദേവരാജന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്, മലയാളിയുടെ പുരുഷ സങ്കല്‍പ്പത്തിന് ഇണക്കുന്ന ഗായകന്‍ എന്നായിരുന്നു. 70കളിലെയും 80കളിലെയും പ്രതാപകാലത്തിനുശേഷം, 99ലെ നിറം എന്ന കമല്‍ ചിത്രത്തിലൂടെയാണ് ജയചന്ദ്രന്‍ തിരിച്ചുവന്നത്. നിറത്തിലെ പ്രായം നമ്മില്‍ മോഹം തമ്മില്‍ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള അവാര്‍ഡ് അദ്ദേഹം നേടി. പിന്നെ മരണത്തിന് മാസങ്ങള്‍ മുമ്പുവരെ അദ്ദേഹം ജീവമായിരുന്നു.





പുതുതലമുറാ സംവിധാകരുമായും ജയചന്ദ്രന്‍ എന്ന ചൂടന്‍ എളുപ്പത്തില്‍ സിങ്ക് ആവുമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ പ്രിയപ്പെട്ട ഗായകനായിരുന്നു അദ്ദേഹം. ശിശുസഹജമായ നിഷ്‌കളങ്കതയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് ന്യൂജന്‍ മ്യൂസിക്ക് ഡയറക്ടര്‍ ബിജിപാല്‍ ഒരിക്കല്‍ പറഞ്ഞത്. 'അദ്ദേഹത്തിന്റെ ഉള്ളിലെ കുറുമ്പുകാരന്‍ കുട്ടിയെ നമ്മള്‍ കണ്ടറിഞ്ഞു ഔചിത്യപൂര്‍വം ട്രീറ്റ് ചെയ്താല്‍ മതി, ബാക്കിയെല്ലാം എളുപ്പമാവും. ഏത് കടുകട്ടി പാട്ടും നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചു പാടിഫലിപ്പിക്കാന്‍ കഴിയുന്ന ഗായകനാണ് അദ്ദേഹം.''-ബിജിബാല്‍ പറയുന്നു. സമകാലീനരായ മിക്ക യുവസംഗീതസംവിധായകരും ജയചന്ദ്രന്റെ ശബ്ദത്തില്‍ നിന്ന് ഹിറ്റുകളുണ്ടാക്കി.

രവീന്ദ്രന്‍-യേശുദാസ് പാട്ടുകള്‍ സര്‍ക്കസ്

തന്റെ അപ്പോഴത്തെ മൂഡ് അനുസരിച്ച്, എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം, ജയചന്ദ്രനെ പല വിവാദങ്ങളിലും കൊണ്ടെത്തിച്ചു. രണ്ടുവര്‍ഷം മുമ്പ്, അദ്ദേഹം, ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന, അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രനെതിരെ പറഞ്ഞ് വലിയ വിവാദമായി. മലയാള സിനിമാഗാനരംഗത്ത് ദേവരാജന്‍ കൊണ്ടുവന്ന മെലഡി, രവീന്ദ്രന്‍ മാറ്റി സര്‍ക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. സ്വരം തൃശൂരിന്റെ 'ജയസ്വരനിലാവ്' പരിപാടിയില്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയില്‍ വെച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. അവര്‍ തമ്മില്‍ ഒന്നായി, ഞാന്‍ പുറത്തായി. നല്ലൊരു പാട്ട് തരാന്‍ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജന്‍, ബാബുരാജ്, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍ എന്നിവര്‍ മാത്രമാണ് മാസ്റ്റര്‍ എന്നു വിളിക്കാന്‍ യോഗ്യര്‍. ജോണ്‍സനെ മുക്കാല്‍ മാസ്റ്റര്‍ എന്നു വിളിക്കാം'' -ജയചന്ദ്രന്‍ പറഞ്ഞു. ഇത് വലിയ വിവാദമായി. പക്ഷേ പിന്നീട് അദ്ദേഹം ഈ പരാമര്‍ശങ്ങളില്‍ ഖേദവും രേഖപ്പെടുത്തിയിരുന്നു.




പക്ഷേ യേശുദാസും, രവീന്ദ്രനും, ജയചന്ദ്രനും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നെന്നാണ് രവി മേനോനെപ്പോലുള്ള പാട്ടെഴുത്തുകാര്‍ പറയുന്നത്. അപ്പോഴത്തെ ഒരു മൂഡ് അനുസരിച്ച് കുട്ടികളെപ്പോലെ പ്രതികരിക്കുന്ന ജയചന്ദ്രന്റെ ഒരു വാവിട്ട വാക്ക് മാത്രമായാണ് അവര്‍ ഈ പ്രസ്താവനയെ കണക്കാക്കിയത്.

Tags:    

Similar News