പ്രശാന്തുമായി മുന്‍പരിചയമില്ല; ഫോണ്‍വിളികളും ഉണ്ടായിട്ടില്ല; പരാതിക്കാരന്‍ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍; നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല; പോലീസ് മുമ്പാകെ ദിവ്യയുടെ മൊഴി; കൂടുതല്‍ പ്രതികളെ ചേര്‍ക്കാതെ കേസ് ദിവ്യയില്‍ തന്നെ നിര്‍ത്താന്‍ പോലീസ്
പ്രശാന്തുമായി മുന്‍പരിചയമില്ല;
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ മൊഴി. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കി.
പ്രശാന്തുമായി ഫോണ്‍വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. എതിര്‍പ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോള്‍ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നല്‍കാന്‍ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീന്‍ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടര്‍ അരുണ്‍ കെ. വിജയന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, അസി. കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രേഷ്മ എന്നിവരടുങ്ങന്ന അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. വൈകീട്ട് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി വനിതാ ജയിലിലേക്ക് വീണ്ടും അയച്ചു.
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. അതേസമയം കലക്ടറുടെ മൊഴി തള്ളിക്കൊണ്ട് കുടുംബം രംഗത്തുവന്നതോടെ കേസിലെ ഒരു തെറ്റുപറ്റി എന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള തന്റെ മൊഴി കളവാണോ എന്ന് പോലീസ് അന്വേഷിക്കട്ടെ എന്ന് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞു.
അതേസമയം എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.