പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു കോടതി; ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ച് ദിവ്യ ജയിലില്‍ നിന്നും പുറത്തേക്ക്; വൈകുന്നേരം വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും
പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡി അനുവദിച്ചു. ഇതോടെ ദിവ്യയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ജയിലില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജറാക്കി. കസ്റ്റഡിയില്‍ വാങ്ങി. ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു കൊണ്ടാണ് ദിവ്യ കോടതിയില്‍ നിന്നും പുറത്തേക്ക് എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പോലീസ് അവരെ വിശദമായി ചോദ്യം ചെയ്യും.
വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നു നവീന്റെ കുടുംബം അറിയിച്ചു. നേരത്തെ എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്നാണു സിപിഎം തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുന്നതു പരിഗണനയിലില്ലെന്നു സിപിഎം നേതൃത്വം പറഞ്ഞു.
ജില്ലാ കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടു കണ്ണൂര്‍ കലക്ടറേറ്റിലേക്കു കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉയര്‍ത്തിയ വിവാദം കത്തിപ്പടരുമ്പോഴും സര്‍ക്കാരും റവന്യു വകുപ്പും മൗനം തുടരുകയാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത 24നു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്.
നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം അറിയിക്കാമെന്നാണു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, റവന്യു വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികള്‍ക്കും വിധേയമായേക്കാമെന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിടയില്ലെന്നാണ് ഔദ്യോഗികതലത്തിലെ സൂചനകള്‍.
യാത്രയയപ്പു യോഗവും ദിവ്യയുടെ പരാമര്‍ശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമായതിനാലാണിത്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍നീക്കങ്ങളില്‍ എഡിഎമ്മിനു ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ജോയിന്റ് കമ്മിഷണര്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇന്നു മുഖ്യമന്ത്രിക്കും കൈമാറിയേക്കും.
കണ്ണൂര്‍ കലക്ടര്‍ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റംവരെയും പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ പറഞ്ഞു. യാത്രയയപ്പു യോഗത്തിനു ശേഷം ചേംബറിലെത്തി 'തനിക്കു തെറ്റുപറ്റി'യെന്ന് എഡിഎം പറഞ്ഞതായി കണ്ണൂര്‍ കലക്ടര്‍ പൊലീസിനു നല്‍കിയ മൊഴി പുറത്തു വന്നതിനെത്തുടര്‍ന്നാണു മഞ്ജുഷയുടെ പ്രതികരണം. കേസ് അന്വേഷിക്കുന്ന കണ്ണൂരിലെ പ്രത്യേക അന്വേഷണ സംഘം ഇന്നു നവീന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നാണു സൂചന.