ഗവര്‍ണറെ കണ്ടത് പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍; എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി; ഡി.എം.കെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി അന്‍വര്‍; ചുവന്ന തോര്‍ത്ത് തൊഴിലാളികളുടെ പ്രതീകമെന്നും വാദം
ഗവര്‍ണറെ കണ്ടത് പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍
മലപ്പുറം: വിവാദങ്ങള്‍ അഴിച്ചുവിട്ടു സര്‍ക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തില്‍ ആക്കിയ പി വി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍ എത്തി. ഇന്നും ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അന്‍വര്‍ സഭയില്‍ എത്തിയത്. കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന്റെ കൈയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഗവര്‍ണറെ കാണാന്‍ പോകാത്തത്. ഹൈകോടതിയില്‍ കേസ് വന്നാല്‍ സഹായിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ച് കത്ത് കിട്ടി. പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല. ഡി.എം.കെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. ചുവന്ന തോര്‍ത്ത് തൊഴിലാളികളുടെ പ്രതീകമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അന്‍വര്‍ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ കണ്ടത്. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അന്‍വര്‍ ഗവര്‍ണര്‍ക്ക് നല്‍കി.
എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കത്തില്‍ ആവര്‍ത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തും അതില്‍ പൊലീസ് പിടികൂടിയ സ്വര്‍ണത്തിലെ ഒരുഭാഗം രേഖകളില്‍ ഇല്ലാതാക്കി മുക്കുന്നതും ഉള്‍പ്പെടെ വിവരങ്ങളും ഗവര്‍ണര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്ന് കൂടിക്കാഴ്ചക്കുശേഷം അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് സന്ദര്‍ശനം. ചില തെളിവുകള്‍ കൂടി കൈമാറും. ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. താന്‍ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.