'വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്..; വേറൊരു ഏജന്റ് വിളിച്ചിട്ട് വന്നതാണ്'; അന്‍വറിന്റെ റാലിക്ക് എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം; പാലക്കാട്ടെ ആള്‍ക്കൂട്ടം പണം കൊടുത്ത് എത്തിച്ചത്
'വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്.
പാലക്കാട്: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമത്തിലാണ് പി വി അന്‍വര്‍. ഇടതു മുന്നണിയില്‍ നിന്നും പുറത്തുപോയതോടെ എങ്ങനെയെങ്കിലും യുഡിഎഫില്‍ ഇടംപിടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു അദ്ദഹം. ഇതിനായി സകല തരികിട നമ്പറുകളും പ്രയോഗിച്ചു. എന്നാല്‍, ഇപ്പോള്‍ യുഡിഎഫും വാതില്‍ കൊട്ടിയടച്ച അവസ്ഥയാണുള്ളത്. എങ്കിലും ശക്തിതെളിയിക്കുമെന്ന വാഗ്ദാനത്തില്‍ തരികട നമ്പറുകളുമായി എത്തിയിരിക്കയാണ് അന്‍വര്‍.
ഇന്ന് പാലക്കാട്ട് അന്‍വര്‍ ശക്തിപ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ പങ്കെടുപ്പിക്കാനായി എത്തിച്ചത് മണ്ഡലവുമായി യാതൊരു ബന്ധമില്ലാത്ത ആള്‍ക്കാരെയാണ്. അതും പണം കൊടുത്ത്. സിനിമാ ഷൂട്ടിംഗുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന ആളുകളെയാണ് ഏജന്റുമാര്‍ വഴി നിലമ്പൂര്‍ എംഎല്‍എ സ്ഥലത്ത് എത്തിച്ചത്. എന്നാല്‍, റാലി തുടുങ്ങി മാധ്യമങ്ങള്‍ ഇവരോട് സംസാരിച്ചു തുടങ്ങിയതോടെ പണി പാളി. ആര്‍ക്കും ഡിഎംകെയെയോ പി വി അന്‍വറിനെയോ അറിയില്ല.
നിഷ്‌കളങ്ങരായ ചില സ്ത്രീകള്‍ ഇതെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയും ചെയ്തു. ഞങ്ങള് വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്. ഇവിട റാലിക്ക് വന്നത് വേറൊരു ഏജന്റ് വിളിച്ചിട്ടാണ്. പണം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ത്രീ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സംസാരിച്ച പലരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഇതോടെ പൊളിയുന്നത് അന്‍വറിന്റെ പൊള്ളയായ അവകാശവാദങ്ങളാണ്. തട്ടിക്കൂട്ട് രാഷ്ട്രീയ പാര്‍ട്ടി പോലും അല്ലാത്ത സംഘടനയുണ്ടാക്കി രാഷ്ട്രീയ ഗിമ്മിക്കുകളാണ് അന്‍വര്‍ നടത്തുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് ജാഥയായാണ് റാലി എത്തിയത്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനും നടക്കും. രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. എന്നാല്‍ അതിന്റെ പകുതിയുടെ പകുതി ആളുകള്‍ പോലും പരിപാടിക്ക് എത്തിയതുമില്ല. ആള്‍ക്കാരെ എത്തിച്ചതാകട്ടെ പണം കൊടുത്തും.
നേരത്തെ യുഡിഎഫിന് മുന്നില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ച പി വി അന്‍വര്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന സൂചന നല്‍കിയിരുന്നു. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വിലപേശല്‍ നടത്താനാകുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. ആ പ്രതീക്ഷയിലാണ് കൂലിക്ക് ആളെ ഇറക്കി ഇപ്പോല്‍ രംഗത്തു വന്നിരുക്കുന്നതും.
കോണ്‍ഗ്രസിന് ലീഡ് നല്‍കുന്ന മാത്തൂര്‍, പിരായിരി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇവിടെ നിന്നും ആരും തന്നെ അന്‍വറിനെ പിന്തുണക്കാത്ത അവസ്ഥയാണുള്ളത്. അന്‍വര്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. റാലിയും പൊട്ടിയ സ്ഥിതിക്ക് ഇനി അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ച് തടിതപ്പാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.