സുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി; മറുപടി നല്‍കാന്‍ അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം; മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി
സുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി
കൊച്ചി: അതീവസുരക്ഷാമേഖലയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ സപ്തനക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടെയുള്ള ഏഴു നില അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹരജിയില്‍ മറുപടി നല്‍കാന്‍ പി.വി അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യ ശാസനം. എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപമുള്ള ഈ ബില്‍ഡുമായി ബന്ധപ്പെട്ട പരാതിയില്‍ മറുപടി നല്‍കാന്‍ അവസാന അവസരമായി മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കി.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി ഷാജിയുടെ ഹരജിയിലാണ് നടപടി. നേരത്തെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പാലിച്ചിരുന്നില്ല. ഇതോടെയാണ് അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. എടത്തലയില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം പ്രതിരോധ ഗസറ്റ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സപ്ത നക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടെയുള്ള അന്‍വറിന്റെ ഏഴുനില കെട്ടിടമുള്ളത്.
ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് ്രൈപവറ്റ് ലിമിറ്റഡ് 99 വര്‍ഷത്തെ പാട്ടത്തിന് സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മ്മിച്ച ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്. അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാത്ത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാവികസേന ആയുധസംഭരണ ശാല വര്‍ക്സ് മാനേജര്‍ 2016 മാര്‍ച്ച് 14ന് എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു.
എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അതു പരിഗണിക്കാതെയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ലഹരിപാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു. 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് ഈ കെട്ടിടത്തില്‍ ആലുവ എക്സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും ഇവിടെ നിന്നും മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ കെ.വി ഷാജി എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതു പരിഗണിക്കാതിരുന്നതോടെയാണ് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.