പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം; തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചത് ഗൗരവത്തിലെടുത്ത് നേതൃത്വം; തൃണമൂല്‍ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം
പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം
മലപ്പുറം: യു ഡി എഫ് പ്രവേശനത്തിനായി മുന്നണി നേതൃത്വത്തിന് കത്ത് കൊടുത്ത് തന്റെ ശക്തി തെളിയിക്കാനായി മുന്‍ എം.എല്‍.എ പി.വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം യു.ഡി.എഫിലേക്കുള്ള അന്‍വറിന്റെ വഴി അടയ്ക്കുന്നു.
എങ്ങനെയും യു.ഡി.എഫിന്റെ ഭാഗമാകാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഡെറക് ഒബ്രിയാനെയും ലോക്സഭാ അംഗം മഹുവ മൊയ്ത്ര എം.പിയെയും എത്തിച്ച് നടത്തിയ സമ്മേളനമാണ് ഫലത്തില്‍ അന്‍വറിന്റെ സാധ്യതകള്‍ക്ക് തന്നെ തിരിച്ചടിയായത്.
സാമുദായിക സംഘടനാ നേതാക്കളെ കണ്ട് അവരുടെ പിന്തുണയില്‍ യു.ഡി.എഫിലെത്താനുള്ള തന്ത്രമാണ് ആദ്യം അന്‍വര്‍ പയറ്റിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പി.വി അന്‍വറിന് തന്നെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് പി.വി അന്‍വറും തൃണമൂല്‍ നേതാക്കളും മര്‍ക്കസ് നോളജ് സിറ്റി സന്ദര്‍ശിക്കാനെത്തുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവന ആദ്യത്തെ തിരിച്ചടിയായി.
കാന്തപുരം ഡല്‍ഹിലായതിനാല്‍ സന്ദര്‍ശനവും നടന്നില്ല. കോഴിക്കോട്, താമരശേരി ബിഷപ്പുമാരെ നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചെങ്കിലും സഭാനേതൃത്വവും പ്രതീക്ഷിച്ച പിന്തുണ നല്‍കിയില്ല. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ പിവിആര്‍ മെട്രോ വില്ലേജില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഭരണഘടനയും സംഘപരിവാറും സെമിനാറില്‍' കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും അവരാരും എത്തിയില്ല.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സണ്ണി ജോസഫ് എം.എല്‍.എ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് അവര്‍ അന്‍വറിനോട് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് തന്നെ നിര്‍ദ്ദേശം നല്‍കിയതോടൊണ് ഇരുവരും വരാതിരുന്നത്. മുസ്ലീം ലീഗില്‍ നിന്നാവട്ടെ മഞ്ചേരി എം.എല്‍.എ അഡ്വ.യു.എ ലത്തീഫും മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീനും പങ്കെടുത്തെങ്കിലും കോണ്‍ഗ്രസിന്റെ ബഹിഷ്‌ക്കരണം അന്‍വറിന് തിരിച്ചടിയാണ്. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രയാന്‍, മഹുവ മൊയ്ത്ര എന്നിവര്‍ക്കൊപ്പം അന്‍വര്‍ കണ്ടെങ്കിലും അത് കേവലം സൗഹൃദ സന്ദര്‍ശനം മാത്രമായി ഒതുങ്ങി. തൃണമൂല്‍ കോണ്‍ഗ്രസിന് യു.ഡി.എഫ് അംഗത്വം നല്‍കണമെന്നതടക്കം ഒരു ആവശ്യവും ഇരു നേതാക്കളും തങ്ങളോട് പങ്കുവെച്ചതുമില്ല.
സെമിനാറില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനല്ല മറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനാണെന്ന ഡെറക് ഒബ്രിയാന്റെ പ്രസംഗം കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്നിടങ്ങില്‍ കേവലം 10 ശതമാനം സ്ഥലത്ത്് മാത്രമേ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്നുള്ളൂവെന്നും തൃണമൂലാവട്ടെ ബി.ജെ.പിക്കെതിരെ 70 ശതമാനം സീറ്റുകളിലും വിജയിക്കുന്നുവെന്നു പറഞ്ഞാണ് ഡറക് കോണ്‍ഗ്രസിനെ കുത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ എടുക്കുന്നത് കോണ്‍ഗ്രസിന് ദോഷകരമാവുമെന്ന വികാരമാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃണമൂലിലേക്ക് പോകുമെന്നും അത് കോണ്‍ഗ്രസിനായിരിക്കും ക്ഷീണമാവുക എന്നതുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അത് ശരിവെക്കുന്നതായിരുന്നു സെമിനാറിലെ തൃണമൂല്‍ ദേശീയ നേതാവിന്റെ വാക്കുകളും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിച്ച മലയോര സമരയാത്രയില്‍ നിലമ്പൂരില്‍ പങ്കെടുത്ത പി.വി അന്‍വര്‍ വന്യജീവി പ്രശ്നത്തില്‍ പ്രതിപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സെമിനാറിലാകട്ടെ കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റെടുത്തെന്നാണ് രാജ്യസഭാ കക്ഷിനേതാവായ ഡറക് ഒബ്രയാന്‍ പ്രഖ്യാപിച്ചത്.
കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കലാണ് ലക്ഷ്യമെന്നും മുന്നണിയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നുമാണ് ഡെറക് മാധ്യമങ്ങളോട് പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വോട്ടിങ് ശതമാനം നേടി ദേശീയ പാര്‍ട്ടിയെന്ന നിലയിലേക്കുയരാനുള്ള സാധ്യതയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നോക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിലെ അസംതൃപ്തരെയും കോണ്‍ഗ്രസ് അസംതൃപ്ത നേതാക്കളെയും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇരു പാര്‍ട്ടികളില്‍ നിന്നും അറിയപ്പെടുന്ന ആരും തൃണമൂലിലേക്ക് എത്തിയിട്ടില്ല. സെമിനാറില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന ബത്തേരി ബിഷപ്പ് ഡോ. ജോസ് മാര്‍ തോമസും താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലും എത്താതിരുന്നതും ആശംസ സന്ദേശം മാത്രം അയച്ചതും അന്‍വറിന് സഭകളുടെ പിന്തുണ ഇല്ലെന്നതിനും തെളിവാണ്.
നേരത്തെ സെമിനാറിലും പ്രതിനിധി സമ്മേളനത്തിലും 15,000 പേര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് എത്തിയിരുന്നത്. സാമുദായിക സംഘടനകളുടെ പിന്തുണ നേടാന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസ് നേതാക്കളുടെ ബഹിഷ്‌ക്കരണവുമാണ് അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് വിലങ്ങ് തടിയാകുന്നത്.
തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചതും കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇന്ത്യാ മുന്നണിയില്‍ സഖ്യകക്ഷിയാണെങ്കിലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ചേരിതിരിഞ്ഞാണ് മത്സരിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സി.പി.എമ്മുമായി സഖ്യമായാണ് കോണ്‍ഗ്രസ് മത്സരിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം മമത ബാനര്‍ജി ഇതുവരെ അംഗീകരിക്കാന്‍പോലും തയ്യാറായിട്ടില്ല. പല സുപ്രധാന കാര്യങ്ങളിലും ഇന്ത്യാ മുന്നണിക്കെതിരായ നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ യു.ഡി.എഫ് സഖ്യകക്ഷിയാക്കിയാല്‍ അത് ദേശീയ തലത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ളത്. കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവരും തൃണമൂലിനെ സഖ്യകക്ഷിയാക്കേണ്ടതില്ലെന്ന നിലപാടുകാരാണ്. അന്‍വര്‍ പല തവണ ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളെ കണ്ടിട്ടും യു.ഡി.എഫില്‍ എടുക്കണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ് സീറ്റായ മഞ്ചേരിയോ, തിരുവമ്പാടിയോ ആണ് അന്‍വര്‍ ചോദിക്കുന്നത്. ഇതു രണ്ടും നല്‍കാനാവില്ലെന്ന നിലപാടാണ് ലീഗിനുള്ളത്. 2019തിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ പൊന്നാനി മണ്ഡലത്തില്‍ ലീഗിലെ ഇ.ട മുഹമ്മദ്ബഷീറിനെതിരെ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടും രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. ഇടത് എം.എല്‍.എ സ്ഥാനം വെടിഞ്ഞെത്തിയ മഞ്ഞളാംകുഴി അലിയെ പച്ചപ്പരവതാനി വിരിച്ച് സ്വീകരിച്ച് മത്സരിപ്പിച്ച വിജയിപ്പിച്ച് അഞ്ചാം മന്ത്രിയാക്കിയ ലീഗിന് പക്ഷേ രാജിവെച്ച അന്‍വറിനെ സ്വീകരിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട്.
അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് പി.വി അബ്ദുല്‍വഹാബ് എം.പിയും യു.എ ലത്തീഫ് എം.എല്‍.യെും വാദിക്കുമ്പോള്‍ അത് തലവേദനയാകുമെന്ന അഭിപ്രായമാണ് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.കെ ബഷീര്‍ എം.എല്‍.എക്കുമുള്ളത്. അതിനാല്‍ യു.ഡി.എഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ലീഗിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു ഉറപ്പും അന്‍വറിന് നല്‍കിയിട്ടുമില്ല. അന്‍വര്‍ രാജിവെച്ച നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന പി.വി അന്‍വറിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാലും പിന്തുണക്കുമെന്ന് പിന്നീട് അന്‍വര്‍ തിരുത്തിയെങ്കിലും കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കി നിലമ്പൂരില്‍ മത്സരിക്കാനാണോ അന്‍വറിന്റെ നീക്കമെന്നതും കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്.
അതിനാല്‍ യു.ഡി.എഫ് പ്രവേശനത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എം.വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡിയെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും ഒപ്പം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വം പ്രാധാന്യം നല്‍കുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഒപ്പമെത്തിയാല്‍ മധ്യതിരുവിതാകൂറിലും തിരുവിതാകൂറിലും മേല്‍ക്കൈനേടാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിന്.