പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം; ചെന്നൈയില്‍ നിന്ന് പറന്നെത്തിയ വിമാനത്തിന് കൊളമ്പോ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ പരിശോധന; തിരച്ചില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്ന്; ഭീകരര്‍ അനന്ത്‌നാഗില്‍ വനത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായും സംശയം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം
കൊളംബോ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ വിമാനത്തിലായിരുന്നു പരിശോധന. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്നാണ് ശനിയാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷാ പരിശോധന നടത്തിയത്. ചെന്നൈയില്‍ നിന്ന് പറന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു പരിശോധന.
സംശയിക്കുന്ന ആറുഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ, ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ഒരുഭീകരന്‍ കടന്നുകൂടിയെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തിരച്ചിലുണ്ടായത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 122 ഫ്‌ളൈറ്റ് ഇന്ന് ഉച്ചയ്ക്ക് 11:59 നാണ് ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. അതേ തുടര്‍ന്ന് സമഗ്രമായ സുരക്ഷാ പരിശോധന ഉണ്ടായതായി ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ, പ്രദേശികാധികൃതരുമായി ചേര്‍ന്നായിരുന്നു തിരച്ചില്‍ എന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വ്യക്തമാത്തി.
പരിശോധനയ്ക്ക് ശേഷം വിമാനത്തിന് ക്ലിയറന്‍സ് നല്‍കി. എന്നാല്‍, സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി സിംഗപ്പൂരിനുളള യുഎല്‍ 308 വിമാനം വൈകി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു.
അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന കിട്ടിയതായും റിപ്പോര്‍ട്ട്. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്.
പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചില്‍ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളില്‍ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്ന് ഗുജ്ജറുകള്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന മണ്‍വീടുകളിലും സൈന്യം പരിശോധന പരിശോധന നടത്തി.