മാഞ്ചസ്റ്ററിലെ വസതിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചു; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹെദര്‍ അലിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്; പരാതിക്ക് പിന്നാലെ പാക് താരത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് പോലീസ്; അറസ്റ്റ് നടപടിക്കിടെ പൊട്ടിക്കരഞ്ഞ് താരം

പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലി അറസ്റ്റില്‍

Update: 2025-08-08 17:31 GMT

ലണ്ടന്‍: ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു.പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി. പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍ ഷഹീന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് ഹൈദര്‍ അലിയെ അറസ്റ്റുചെയ്തത്. റസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ ഹൈദര്‍ അലി പൊട്ടിക്കരഞ്ഞെന്നും കുറ്റമൊന്നും ചെയ്തില്ലെന്നു വിളിച്ചു പറഞ്ഞതായും വിവരമുണ്ട്.

മാഞ്ചസ്റ്ററില്‍ നിന്നുള്ള പാക് വംശജയായ സ്ത്രീയുടെ പരാതിയിലാണ് ഹൈദര്‍ അലിക്കെതിരെ പൊലിസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ മാസം 23ന് മാഞ്ചസ്റ്ററിലെ ഒരു വസതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഹൈദര്‍ അലിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റ് പൊലീസ് യാത്രവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് ആറു വരെയാണ് പാക്കിസ്ഥാന്‍ എ ടീമിന് യുകെയില്‍ പരമ്പരയുണ്ടായിരുന്നത്. മത്സരത്തിനു ശേഷം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും മാത്രം യുകെയില്‍ തുടരുകയായിരുന്നു.ബാക്കി താരങ്ങളെല്ലാം പാക്കിസ്ഥാനിലേക്കു മടങ്ങിയിരുന്നു. അതേസമയം കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 24കാരനായ ഹൈദര്‍ അലിയെ പാക് ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസ് അവസാനിക്കുന്നതുവരെയാണ് ഹൈദര്‍ അലിയെ പാക്ക് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത്.

ബലാല്‍സംഗ കേസില്‍ ഹൈദര്‍ അലിക്ക് എല്ലാതരത്തിലുള്ള നിയമസഹായവും നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.അന്വേഷണവുമായി സഹകരിക്കുമെന്നും,കേസ് നടത്താന്‍ ഹൈദര്‍ അലിയെ പിന്തുണയ്ക്കുമെന്നുമാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

ഇംഗ്ലണ്ട് എ ടീമിനെതിരെ രണ്ട് ത്രിദിന മല്‍സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന പരമ്പരയില്‍ കളിക്കാനായി സൗദ് ഷക്കീലിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഷഹീന്‍സ് ടീം കഴിഞ്ഞ മാസമാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 55ഉം അവസാന ഏകദിനത്തില്‍ 71ഉം റണ്‍സെടുത്ത് ഹൈദര്‍ തിളങ്ങുകയും ചെയ്തിരുന്നു.

ഹൈദര്‍ അലി ഇതിനുമുന്‍പും അച്ചടക്ക നടപടി നേരിട്ടയാളാണ്. കോവിഡ് കാലത്ത് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ നടന്നതിന് യുഎഇയില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഹൈദര്‍ അലിയെ പുറത്താക്കിയിരുന്നു. 2021ലായിരുന്നു ഈ സംഭവം. പാക്ക് ക്രിക്കറ്റിലെ ബാറ്റിങ് പ്രതീക്ഷയായിരുന്ന ഹൈദര്‍ അലിക്ക് ഇതോടെയാണ് ദേശീയ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞത്. ഈ സംഭവത്തിനു ശേഷം ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനും എതിരായ പരമ്പരകളില്‍ താരത്തെ കളിപ്പിച്ചിരുന്നില്ല.

2020ല്‍ അരങ്ങേറ്റ മത്സരം കളിച്ച ഹൈദര്‍ അലി രണ്ട് ഏകദിനങ്ങളും 35 ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാന്‍ ജഴ്സിയില്‍ കളിച്ചിട്ടുള്ളത്.2023 ഏഷ്യന്‍ ഗെയിംസിലാണ് പാക്കിസ്ഥാന്‍ സീനിയര്‍ ടീമിനു വേണ്ടി ഒടുവില്‍ കളിച്ചത്.2020ല്‍ യശസ്വി ജയ്സ്വാള്‍ ദേശീയ ശ്രദ്ധ നേടിയ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനു വേണ്ടി ഹൈദര്‍ അലിയും കളിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പുതിയ പരിശീലകന്‍ മൈക്ക് ഹെസന്‍ ഹൈദര്‍ അലിയെ ദേശീയ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു.അതിനിടെയാണ് കേസും സസ്പെന്‍ഷനും.

Tags:    

Similar News