ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങളില്‍ റെഡ് അലര്‍ട്ട്
ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും അഭിഭാഷകരും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരുമാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരിക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റര്‍ അകലെ വരെ കേട്ടു. ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്. തിരക്കേറിയ ദിവസമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു. ആറുകിലോമീറ്റര്‍ ദൂരത്തോളം സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ക്ക് ചെയ്ത കാറിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടനം നടന്നിടത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. കോടതിയില്‍ ജോലിചെയ്യുന്ന ജീവനക്കാരും അഭിഭാഷകരുമാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും. ചാവേറാക്രമണമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. തെക്കന്‍ വസീറിസ്താനിലെ വാനയില്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് സുരക്ഷാ സേന തിരിച്ചടിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇസ്ലാബാദിലെ കോടതി സമുച്ചയത്തിന് സമീപത്തായി സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. പാക് തിരിച്ചടിയില്‍ രണ്ട് ടിടിപി ഭീകരവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചാവേര്‍ സ്‌ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
അതീവജാഗ്രതാ നിര്‍ദേശം
ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. വ്യോമസേനാംഗങ്ങള്‍ക്ക് പാക്കിസ്ഥാന്‍ കനത്ത മുന്നറിയിപ്പ് നല്‍കിയതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികരെല്ലാം സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ചാവേറാക്രമണപശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷമോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചടിയോ ഉണ്ടായേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാക്കിസ്ഥാനിലെ എല്ലാ വ്യോമതാവളങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് സൈന്യം, നാവികസേന, വ്യോമസേന ഉള്‍പ്പെടെയുള്ള സായുധ സേനകള്‍ അതീവ ജാഗ്രതയിലാണെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷക്കാനും ഏത് സാഹചര്യത്തിനും സജ്ജരായിരിക്കണമെന്നും പാക്ക് സെന്‍ട്രല്‍ കമാന്‍ഡ് വിവിധ സൈനിക മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യ-പാക് വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പാക് വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാപ്രോട്ടോക്കോളടിസ്ഥാനത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോട്ടാം (NOTAM) പുറപ്പെടുവിച്ചിട്ടുണ്ട്. ഫോര്‍വേര്‍ഡ് ബേസുകളിലെ ജെറ്റുകള്‍ ഉടനടി പറന്നുയരാന്‍ പാകത്തില്‍ തയ്യാറാക്കി നിര്‍ത്തണമെന്നും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തിരിച്ചടി ഭയന്നാണ് പാക്ക് ഒരുക്കങ്ങളെന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആക്രമണങ്ങളില്‍ നിന്ന് സൈനിക ജെറ്റുകളും മറ്റും സുരക്ഷിതമാക്കാനാവശ്യമായ പ്രത്യേക മുന്‍കരുതല്‍ നടപടി പാക്കിസ്ഥാന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. വ്യോമഗതാഗത നിയന്ത്രണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നവംബര്‍ 11 മുതല്‍ 12 വരെ വിമാന നിയന്ത്രണ നോട്ടീസ് (നോട്ടാം) പുറപ്പെടുവിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആക്രമണത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. സംഭവത്തില്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ 'വേഗത്തിലും സമഗ്രമായും' അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
