മകളുടെ ബാധ്യത ഭര്‍ത്താവിനാണെന്ന തരത്തിലുള്ള പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ല; അത് സൂചിപ്പിക്കുന്നത് ആഴത്തിലുള്ള പുരുഷാധിപത്യ പ്രവണത; ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ല; ഇന്ത്യന്‍ കോടതി വിധി ഉയര്‍ത്തിക്കാട്ടി പാക്കിസ്ഥാന്‍

Update: 2025-03-31 05:28 GMT

ഇസ്ലാമാബാദ്: സ്ത്രീപുരുഷ തുല്യതയെയും സ്ത്രീകളുടെ അവകാശങ്ങളെയുംക്കുറിച്ച് ഇന്ത്യയില്‍ മുമ്പ് ഉണ്ടായ സുപ്രധാന വിധി ഉദ്ധഹരിച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി പുതിയൊരു വിധി പുറപ്പെടുവിച്ചു. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട്, വിവാഹിതയായ മകള്‍ക്ക് അര്‍ഹതയില്ലെന്നു പെഷവാറിലെ ട്രൈബ്യൂണല്‍ എടുത്ത നിലപാട് സുപ്രീംകോടതി തള്ളി.

ട്രൈബ്യൂണല്‍ ആഗ്രഹിച്ച പോലെ, വിവാഹം കഴിച്ച മകള്‍ പിതാവിന്റെ ഉത്തരവാദിത്വത്തില്‍പ്പെടില്ലെന്നും ഭര്‍ത്താവാണ് അവളെ പരിപാലിക്കേണ്ടത് എന്നുമുള്ള ആശയം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇന്ത്യന്‍ സുപ്രീംകോടതി 2021-ല്‍ മധ്യപ്രദേശ് സ്വദേശിയായ അപര്‍ണാ ഭട്ടിന്റെ കേസില്‍ പുറപ്പെടുവിച്ച വിധി ഉള്‍പ്പെടെ വിവിധ വിധിന്യായങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഈ വിലയിരുത്തല്‍. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങളോട് പൊരുത്തപ്പെടില്ലെന്നും ഇതിന് പിന്നിൽ പുരുഷാധിപത്യ മനോഭാവം പ്രവർത്തിച്ചിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

പാകിസ്ഥാനില്‍ വനിതാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഇത്തരം വിവേചനപരമായ നയങ്ങള്‍ കോടതി അംഗീകരിക്കില്ലെന്നും സുപ്രീംകോടതി തന്റെ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News