അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ വീണ് വയോധികയുടെ കൈ ഒടിഞ്ഞു; ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട് ജീവനക്കാര്‍ മുങ്ങി; പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടിലെ മാടപ്പള്ളി ബസിനെതിരേ പരാതി

അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ വീണ് വയോധികയുടെ കൈ ഒടിഞ്ഞു

Update: 2026-01-19 09:16 GMT

പത്തനംതിട്ട: അമിതവേഗതയില്‍ പായുന്നതിനിടെ സഡന്‍ ബ്രേക്കിട്ട സ്വകാര്യ ബസിനുള്ളില്‍ വീണ് പരുക്കേറ്റ വ്യദ്ധയെ ആശുപത്രിക്ക് മുന്നില്‍ റോഡില്‍ ഇറക്കി വിട്ട ശേഷം ജീവനക്കാര്‍ കടന്നു കളഞ്ഞുവെന്ന് പരാതി. ചെങ്ങന്നൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാടപ്പള്ളി ബസിലെ ജീവനക്കാരാണ് കുമ്പളാംപൊയ്ക കൊച്ചു മുറിയില്‍ ഓമന വിജയ (71) നോട് ക്രൂരത കാട്ടിയത്. ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ഇലന്തൂരിന് സമീപത്താണ് സംഭവം.

കോഴഞ്ചേരി സി. കേശവന്‍ സ്‌ക്വയറിന് സമീപത്തെ സ്റ്റോപ്പില്‍ നിന്നുമാണ് ഓമനയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും പത്തനംതിട്ടയിലേക്കുള്ള ബസില്‍ കയറിയത്. അമിത വേഗത്തിലായിരുന്ന ബസ് എന്ന് പറയുന്നു. തെക്കേമലയ്ക്കും ഇലന്തൂരിനും ഇടയില്‍ വച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഓമന ബസിനുള്ളില്‍ തന്നെ തെറിച്ച് വിഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇടത്കൈക്ക് പരുക്ക് പറ്റി എങ്കിലും ബസ് നിര്‍ത്താന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല.

മറ്റ് യാത്രക്കാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ബസ് പത്തനംതിട്ട ജനറലാശുപത്രി പടിക്കല്‍ എത്തി ഓമനയെ ഇറക്കി വിടുകയായിരുന്നു. പരുക്കേറ്റ കൈയും ആയി നടന്ന് ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇടത്കൈപ്പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് എതിരെ ഓമന ആറന്മുള പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Tags:    

Similar News