കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി; ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതേവിട്ടു കോടതി; ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല; ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി

കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി

Update: 2026-01-19 06:37 GMT

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. ഒന്നാംപ്രതിക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഈമാസം 21ന് വിധിക്കും.

രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍മാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാന്‍ പാടില്ലെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും തനിക്കിതില്‍ പങ്കില്ലെന്ന് നിധിന്‍ വാദിച്ചിരുന്നു. ശരണ്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്നും ശരണ്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്നും നിധിന്‍ വാദിച്ചിരുന്നു. നാര്‍ക്കോ അനാലിസിസിന് ഉള്‍പ്പെടെ വിധേയനാകാന്‍ തയ്യാറാണെന്ന് നിധിന്‍ അറിയിച്ചിരുന്നു. അതേസമയം നിധിനുമായി 20 ലധികം തവണ ശരണ്യ ഫോണ്‍ വിളിച്ചിരുന്നുവെന്നത് അടക്കമാണ് തെളിവുകളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.

കൊലപാതക കുറ്റം അകന്നുകഴിയുകയായിരുന്ന ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചെങ്കിലും ഒടുവില്‍ അഴിക്കുള്ളില്‍ ആകുക ആയിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പുലര്‍ച്ചെ കുഞ്ഞുമായി കടല്‍തീരത്തെത്തിയ ശരണ്യ ആദ്യം കുട്ടിയെ വലിച്ചെറിഞ്ഞു. എന്നാല്‍ കുഞ്ഞ് മരിക്കാതെ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോള്‍, വീണ്ടും കുഞ്ഞിനെ എടുത്ത് കടല്‍ഭിത്തിയിലേക്ക് ആഞ്ഞു എറിഞ്ഞ് മരണം ഉറപ്പാക്കി. അതിനുശേഷം വീട്ടിലെത്തി ഒന്നുമറിയാത്ത രീതിയില്‍ ഉറങ്ങാന്‍ കിടന്ന ശരണ്യ, രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും തിരയുന്നതായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വൈകാരികമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായത്.

പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.

സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2025 ജനുവരിയില്‍ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും ഭര്‍ത്താവ് പ്രണവും. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തിയ പൊലീസ്, ശരണ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

Tags:    

Similar News