ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് 'മെന്‍സ് കമ്മീഷന്‍'; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍; റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബം

ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് 'മെന്‍സ് കമ്മീഷന്‍'

Update: 2026-01-19 09:10 GMT

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് 'മെന്‍സ് കമ്മീഷന്‍'. ദീപകിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം യുവതി മനഃപൂര്‍വ്വം ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ചു ദീപക്കിന്റെ കുടുംബവും രംഗത്തുവന്നു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടത്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യയെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മരണത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെറ്റായ ആരോപണമാണ് യുവതി ഉയര്‍ത്തിയതെന്നും ഇതോടെ ദീപക് വലിയ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെ പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഉള്ളാട്ടുതൊടി ജോയിയുടെയും കന്യകയുടെയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിലാണ് സെയില്‍സ് എക്‌സിക്യൂട്ടിവ് ആയി ദീപക് ജോലി ചെയ്തു വന്നത്. വെള്ളിയാഴ്ച ജോലി ആവശ്യത്തിനായി ദീപക് കണ്ണൂര്‍ പയ്യന്നൂരിലേക്ക് ട്രെയിനില്‍ നിന്നിറങ്ങി ബസില്‍ പോകുന്നതിനിടെയാണ് തന്റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായി ആരോപിച്ച് അരീക്കോട് സ്വദേശിയായ യുവതി വിഡിയോ പകര്‍ത്തിയത്.

തൊട്ടുപിന്നാലെ സംഭവത്തിന്റെ വിശദീകരണവും വിലയിരുത്തലുമായി ശനിയാഴ്ചയും യുവതി മറ്റൊരു വിഡിയോ പുറത്തുവിട്ടു. ഇതോടെയാണ് ദീപക് മാനസിക സംഘര്‍ഷത്തില്‍ ആയതെന്നാണ് വിവരം. വര്‍ഷങ്ങളായി ദീപക്കിനെ അറിയാമെന്നും വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി തുടര്‍ച്ചയായി നടത്തിയതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ദീപക് ജോലി ചെയ്തുവന്ന വസ്ത്രസ്ഥാപനത്തിലെ ഉടമയും പറയുന്നത്.

ദീപക്കിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. അസ്വാഭാവിക മരണത്തിനുള്ള ബിഎന്‍എസ്എസ് 194 പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയ ശേഷം ബന്ധപ്പെട്ടവരുടെ മൊഴി കൂടി എടുത്ത ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്. സമൂഹമാധ്യമത്തില്‍ വിഡിയോ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രത്യേക എഫ്‌ഐആര്‍ വേണമോ എന്നതില്‍ പിന്നീടാകും നിലപാടെടുക്കുക. കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദീപക്കിന്റെ കട്ടിലില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഞായറാഴ്ച രാവിലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നല്‍കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞത്. കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒരു വക്കീലിനെ സമീപിക്കുമെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. നാട്ടുകാര്‍ക്കിടയിലും മറ്റും വിഡിയോ പ്രചരിപ്പിച്ച സംഭവം മകന് മാനസിക വിഷമം ഉണ്ടാക്കി. ഇതാവാം മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത മകന് ഇത്തരം ഒരു ആരോപണം താങ്ങാന്‍ സാധിച്ചുകാണില്ലെന്ന് ദീപക്കിന്റെ അമ്മ കന്യക പറഞ്ഞു. ഇനിയൊരാള്‍ക്കും ഇങ്ങനെ വരരുതെന്നും അമ്മമാര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാകരുതെന്നാണ് പ്രാര്‍ഥനയെന്നും മാതാവ് പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തുമണിയോടെ കിടപ്പുമുറിയിലേക്ക് പോയ ശേഷം രാവിലെ ഏഴരയ്ക്കു മുറി തുറക്കാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ദീപക്കിനെ മരിച്ചനിലയില്‍ കണ്ടത്. വിഡിയോ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളില്‍ നിന്നും മറ്റുമാണ് ദീപക് അറിഞ്ഞത്. സമൂഹമാധ്യമം ഉപയോഗിക്കാത്ത മാതാപിതാക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറും സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തി പരത്തിയതിന് യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കൗണ്‍സിലര്‍ ടി.രനീഷ് പറഞ്ഞു. കുടുംബവും ബിജെപിയും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News