ഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യത
ദളപതിയെ പൂട്ടാന്‍ സിബിഐ
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍താരവും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. മനഃപൂര്‍വമല്ലാത്ത നരഹത്യ (Culpable Homicide not amounting to murder) വകുപ്പുകള്‍ ചുമത്തിയാകും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുക. ഫെബ്രുവരി രണ്ടാം വാരത്തോടെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. നിലവില്‍, ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്.
വിജയ്ക്കൊപ്പം, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്സണ്‍ ദേവാശീര്‍വാദം ഉള്‍പ്പെടെയുള്ള തമിഴ്‌നാട് പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. ഇവര്‍ക്കെതിരെയും സമാനമായ വകുപ്പുകള്‍ ചുമത്തിയാകും കുറ്റപത്രം തയ്യാറാക്കുക.
ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സിബിഐ വിശദമായ അന്വേഷണമാണ് നടത്തുന്നത്. ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് താരത്തെ വീണ്ടും വിളിച്ചുവരുത്തിയത്.
നിശ്ചയിച്ചതിലും ഏഴ് മണിക്കൂറിലധികം വൈകി വിജയ് വേദിയിലെത്തിയത് എന്തുകൊണ്ട്, വലിയ ആള്‍ക്കൂട്ടവും തിരക്കുംമൂലം പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാന്‍ ഒരു പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും സൂപ്പര്‍ താരം എന്ന നിലയിലും അദ്ദേഹം എന്ത് നടപടികള്‍ സ്വീകരിച്ചു, സംഭവത്തിന് ശേഷം അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്തുകൊണ്ട് എന്നിവയാണ് വിജയില്‍ നിന്ന് സിബിഐ പ്രധാനമായും വ്യക്തത തേടുന്നത്.
10,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്ഥലത്ത് 30,000-ത്തിലധികം ആളുകള്‍ എത്തിയത് സംഘാടകരുടെ വീഴ്ചയാണോ എന്ന ചോദ്യം ഉയരുന്നു. തിരക്ക് വര്‍ധിച്ചിട്ടും പ്രസംഗം തുടര്‍ന്നതും, ഉടന്‍ തന്നെ ചെന്നൈയിലേക്ക് മടങ്ങിയതും സംശയാസ്പദമാണെന്ന് അന്വേഷണ സംഘം കരുതുന്നു. റാലിയില്‍ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ നേതൃത്വം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല' എന്നാണ് പോലീസ് സിബിഐക്ക് നല്‍കിയിരിക്കുന്ന മൊഴി.
പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും വിജയ് നല്‍കുന്ന മൊഴികളും തമ്മില്‍ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
വിജയ്യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശനങ്ങളും, ഇത് സമ്മര്‍ദ്ദ തന്ത്രമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.നിലവില്‍ സാക്ഷിയെന്ന നിലയിലാണ് വിജയ്യെ സിബിഐ വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും, ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹം പ്രതിപ്പട്ടികയില്‍ ഇടംപിടിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഈ കേസ് തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.
