ആവേശക്കൊടുമുടിയേറി പാലക്കാട്! കലാശക്കൊട്ടില്‍ കരുത്തറിയിച്ച് മുന്നണികള്‍; ബിജെപി സ്ഥാനാര്‍ഥിക്കൊപ്പം തുറന്ന വാഹനത്തില്‍ പ്രചരണത്തിന് ശോഭാ സുരേന്ദ്രന്‍; രാഹുലിനൊപ്പം സന്ദീപ് വാര്യരും മറ്റ് നേതാക്കളും; കാലുമാറ്റവും വിവാദങ്ങളും നിറഞ്ഞ പരസ്യപ്രചാരണത്തിന് സമാപ്തി; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍; ജനവിധി മറ്റന്നാള്‍

കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത്

Update: 2024-11-18 12:19 GMT

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിക്കലാശം. ഇനി വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളാണ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനും എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും തികഞ്ഞ ജയപ്രതീക്ഷയിലാണ്.

വിവാദങ്ങള്‍ക്കും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കും പിന്നാലൊണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപനത്തിലേക്ക് നീങ്ങുന്നത്. പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകള്‍ക്കാണ് ഈ കാലയളവില്‍ പാലക്കാട് സാക്ഷിയായത്.

പാലക്കാട് നഗരത്തില്‍ ആവേശം വാനോളം ഉയര്‍ത്തിയാണ് പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടന്നത്. നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞുകവിയുകയായിരുന്നു പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. റോഡ്‌ഷോയ്ക്കായി ട്രോളി ബാഗുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്.സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്‌ഷോയില്‍ രാഹുലിനൊപ്പം പങ്കെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ചു. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയില്‍ പങ്കെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്. സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും റോഡ്‌ഷോയില്‍ ആവേശം പകര്‍ന്നു.

റോഡ്‌ഷോയ്ക്ക് പിന്നാലെ എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്ത് സംഘമിച്ചു. കൊട്ടിക്കലാശത്തിനായി മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാര്‍ പാലക്കാട് സ്റ്റേഡിയം പരിസരം നിറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടുകളും പതാകയുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ അടക്കം ഉയര്‍ത്തിപിടിച്ചാണ് ഒത്തുചേര്‍ന്നത്. വാദ്യമേളങ്ങള്‍ റോഡ് ഷോയ്ക്ക് അകമ്പടിയേകി.

സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. അതേസമയം, യുഡിഎഫിനെ കടപുഴക്കി കടലില്‍ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരന്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതില്‍ കൂടുതല്‍ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

സ്ഥാനാര്‍ഥികള്‍ അവസാന മണിക്കൂറിലും മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള അവസാനതിരക്കിലായിരുന്നു. പ്രവര്‍ത്തകരും ആവേശത്തിമിര്‍പ്പിലാണ്. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും അവസാന ദിനം പ്രചാരണരംഗത്തുണ്ടായിരുന്നു. ട്രോളി ബാഗുമായാണ് നേതാവും പ്രവര്‍ത്തകരും പ്രചാരണത്തിനെത്തിയത്. പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവര്‍ പ്രചാരണത്തിനിറങ്ങി, വലിയ ആവേശത്തോടെയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനൊരുങ്ങുന്നത്. സ്റ്റെതസ്‌കോപ്പ് ധരിച്ച് കുട്ടികളുമുണ്ട് പ്രചാരണത്തിന്. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് പ്രചാരണം നയിച്ചത്.

പ്രചാരണം സമാപിക്കുന്നതിന്റെ തൊട്ടുതലേനാളായ ഞായറാഴ്ചയും ആലസ്യമില്ലാത്ത പ്രവര്‍ത്തനമായിരുന്നു മണ്ഡലത്തില്‍. എല്‍.ഡി.എഫില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മൂന്ന് പൊതുയോഗങ്ങളിലൂടെ അണികള്‍ക്കരികിലെത്തി. അടുത്തയിടെനടന്ന രാഷ്ട്രീയ സംഭവവികാസങ്ങളിലുള്ള അഭിപ്രായം പ്രകടിപ്പിച്ചു. എല്‍.ഡി.എഫിനായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, മന്ത്രി കെ. രാജന്‍, പി. സന്തോഷ് കുമാര്‍ എം.പി., പന്ന്യന്‍ രവീന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവരും പ്രചാരണരംഗത്തുണ്ടായിരുന്നു.

യു.ഡി.എഫിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാലക്കാട്ടെത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.എം. ഹസന്‍, എം.പി. മാരായ വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എഐ.സി.സി. സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി, പി.സി. വിഷ്ണുനാഥ്, മുസ്ലീംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഞായറാഴ്ച പ്രചാരണത്തിനുണ്ടായിരുന്നു.

എന്‍.ഡി.എ.യില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ചത്തെ പ്രചാരണങ്ങള്‍ക്ക് നേതൃത്വംനല്‍കി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, എം.ടി. രമേശ്, വയനാട്ടിലെ സ്ഥാനാര്‍ഥിയായിരുന്ന നവ്യാഹരിദാസ് തുടങ്ങിയവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കി. ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും 13-ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലുള്ള പ്രചാരണവും തിങ്കളാഴ്ച വൈകീട്ട് അവസാനിക്കും. വോട്ടെണ്ണല്‍ 23നാണ്.

Tags:    

Similar News