സര്‍വകലാശാല രണ്ടു മണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തു കൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ് വേര്‍ഡ് ഒരു മണിക്കൂര്‍ മുന്‍പ് നല്‍കി; ഇത് കിട്ടിയയുടന്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച പ്രിന്‍സിപ്പല്‍; പാലക്കുന്നില്‍ പുറത്തു വരുന്നത് ചോദ്യ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍
ഉദുമ: കണ്ണൂര്‍ സര്‍വകലാശാലയുടെ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചോദ്യങ്ങള്‍ വന്നതെന്ന് പോലീസും സ്ഥിരീകരിക്കുന്നു. ഈ മാസം രണ്ടിന് നടന്ന പരീക്ഷയുടെ ചോദ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് കേസെടുത്തു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. നാലാമത്തെ പരീക്ഷയായിരുന്നു ഇത്. മുന്‍പ് നടന്ന പരീക്ഷകളുടെയും ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന സംശയം ശക്തമാണ്.
സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തു കൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ് വേര്‍ഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. ഇത് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് തെളിയുന്നത്. ഒന്‍പത് വിദ്യാര്‍ഥികളാണ് ഇവിടെ കോഴ്സ് പഠിക്കുന്നത്. പാസ് വേര്‍ഡ് കിട്ടി പത്തുമിനിറ്റിനുള്ളില്‍ ഒന്‍പത് ചോദ്യങ്ങള്‍ പ്രിന്‍സിപ്പല്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടുവെന്നാണ് കണ്ടെത്തല്‍. പരീക്ഷയ്ക്കിടെ സര്‍വകലാശാല സ്‌ക്വാഡ് ക്ലാസ്മുറിയില്‍ നിരീക്ഷണത്തിനെത്തിയപ്പോള്‍ കുട്ടിയുടെ കൈയില്‍നിന്ന് കോപ്പിയടിക്കാനായി കൊണ്ടുവന്ന തുണ്ട് പേപ്പര്‍ പിടിച്ചു. ഈ ചോദ്യം പ്രിന്‍സിപ്പല്‍ ഗ്രൂപ്പിലിട്ടിരുന്നതാണെന്ന് വിദ്യാര്‍ഥി മറുപടി നല്‍കി. തുടര്‍ന്ന് സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ ബേക്കല്‍ പോലീസിനും പരാതി നല്‍കി. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഗ്രീന്‍വുഡ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കാസര്‍കോട് ഗവ. കോളേജിലേക്ക് സെന്റര്‍ അനുവദിച്ച സര്‍വകലാശാല നടപടി ക്രമക്കേടുകള്‍ വ്യാപകമായി നടക്കുന്നതിന് ഉദാഹരണമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ പറഞ്ഞു. കൃത്യമായ സംവിധാനം ഉറപ്പുവരുത്തുന്നത് വരെ മെയില്‍ ചെയ്ത് ചോദ്യപ്പേപ്പര്‍ പ്രിന്റ് എടുപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.
ഇനി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ കോളേജുകളില്‍ പരീക്ഷകള്‍ക്ക് നിരീക്ഷകരെ ഏര്‍പ്പെടുത്തും. എല്ലാ സ്വാശ്രയ കോളേജിലും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചു. പാസ്വേഡ് സഹിതം അയക്കുന്ന ചോദ്യക്കടലാസ് പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ അധികാരം. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താനാണ് നിര്‍ദേശം. ചോദ്യക്കടലാസ് ചോര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങിയ അന്വേഷണസമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. സാജു ചുമതലപ്പെടുത്തിയിരുന്നു. കോളേജിലെത്തി സമിതി തെളിവെടുപ്പ് നടത്തി. സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കാനാണ് സര്‍വകലാശാല തീരുമാനം.
ബിസിഎ ആറാം സെമസ്റ്ററിന്റെ എല്ലാ പരീക്ഷകളും റദ്ദാക്കില്ല. ഗ്രീന്‍ വുഡ്സ് കോളജില്‍ ഇനി പരീക്ഷാകേന്ദ്രമുണ്ടാകില്ല. അവിടെ നടക്കാനുള്ള രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ കാസര്‍കോട് ഗവ. കോളേജിലായിരിക്കും നടത്തുക. ഗ്രീന്‍വുഡ് കോളേജിലെ ചോദ്യക്കടലാസ് ചോര്‍ന്ന പരീക്ഷ റദ്ദാക്കി. മറ്റ് കോളേജുകളിലെ ഇതേ പരീക്ഷകള്‍ക്ക് അത് ബാധകമല്ല.