'ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ; എന്നിട്ടാകാം ടോള്‍ പിരിവ്'; പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി; നിര്‍ണായക കോടതി വിധി തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ഹര്‍ജിയില്‍
'ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ; എന്നിട്ടാകാം ടോള്‍ പിരിവ്';
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ, എന്നിട്ടു മതി ടോള്‍ പിരിവെന്ന് കോടതി പറഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വിശദീകരിച്ചു.
തകര്‍ന്ന റോഡുകള്‍ നന്നാക്കുമെന്ന് ദേശീയപാത അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍ സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നുവെന്നും സര്‍വിസ് റോഡ് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി.
റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
നേരത്തെ പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്. അതേസമയം പാലിയേക്കരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നടപടി ഉണ്ടാകണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കരാര്‍പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതിനെയടക്കമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നത്. ഒരുമാസത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.