പാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍; ഈ വിശദീകരണവും അവിശ്വസനീയം; പലോടന്റെ വീഴ്ചയില്‍ ലഡു വിതരണം ചെയ്ത് പാലോട്ടെ യൂത്ത് കോണ്‍ഗ്രസും; ആ ഓഡിയോ പുറത്തു വന്നത് വന്‍ ഗൂഡാലോചന?

Update: 2025-07-28 02:16 GMT

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം വന്ന വഴി കണ്ടെത്തി കോണ്‍ഗ്രസ്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപി എടുക്കും. സംഭാഷണം പുറത്തുവന്നത് തന്റെ വീഴ്ചയാണെന്ന് പുല്ലമ്പാറ എ.ജലീല്‍ സമ്മതിച്ചു. ഫോണ്‍ സംഭാഷണം പുറത്തുപോയത് പുല്ലമ്പാറ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെംമ്പറായ രതീഷ് വഴിയാണ്. പാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍ പറഞ്ഞു. പാലോട് രവിക്കുണ്ടായ സ്ഥാനചലനത്തില്‍ തനിക്ക് ദുഖമുണ്ട്. രതീഷിനെ വിശ്വസിച്ചാണ് ഫോണ്‍ സംഭാഷണം അയച്ചതെന്നും ചതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഒരേ ഒരാള്‍ക്ക് മാത്രമാണ് ഫോണ്‍ സംഭാഷണം അയച്ചുകൊടുത്തതെന്നും സംഭാഷണം ചോര്‍ന്നതായി അറിഞ്ഞപ്പോള്‍ രതീഷുമായി താന്‍ തെറ്റിയെന്നും ജലീല്‍ പറഞ്ഞു. ആര്‍ക്കാണ് ജലീല്‍ ഫോണ്‍ സംഭാഷണം അയച്ചു കൊടുത്തതെന്ന് കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നുവെന്നും സംഭാഷണം ചോര്‍ന്നതില്‍ താന്‍ മാപ്പ് ചോദിച്ചിരുന്നതായും ജലീല്‍ പ്രതികരിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചിരുന്നു. രതീഷിനെതിരേയും നടപടി വരും. പാലോട് രവിയുടെ അതിവിശ്വസ്തനാണ് ജലീല്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ പാലോട് രവിയുമായുള്ള ബന്ധം മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ഓഡിയോ വിട്ടതെന്ന വാദം സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. പാലോട് രവിയുടെ അതിവിശ്വസ്തനായിരുന്നു പുല്ലമ്പാറ ജലീല്‍. വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക പ്രസിഡന്റായി മുതിര്‍ന്ന നേതാവ് എന്‍. ശക്തനെ നിയമിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഫോണ്‍സംഭാഷണവിവാദത്തില്‍ പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് കെപിസിസി നേതൃത്വം ചുമതല താത്കാലിക പ്രസിഡന്റിന് നല്‍കിയത്. തിങ്കളാഴ്ച ശക്തന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. മുന്‍ നിയമസഭാ സ്പീക്കറായിരുന്ന ശക്തന്‍ കെപിസിസി വൈസ് പ്രസിഡന്റാണ്.

പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജന്മനാടായ പാലോട് ലഡു വിതരണംചെയ്ത് ആഹ്‌ളാദപ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെയും പുറത്താക്കി. പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിനെയാണ് പുറത്താക്കിയത്. ഇതോടെ പാലോട് രവിക്കെതിരെ വന്‍ ഗൂഡാലോചന നടന്നുവെന്ന് വ്യക്തമാവുകയാണ.് ശനിയാഴ്ച രാവിലെയാണ് വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നത്. ഇത് വിവാദമായതോടെ വൈകീട്ട് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പകരം ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് എന്‍. ശക്തനെ താത്കാലിക പ്രസിഡന്റായി നിയമിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചത്. കെപിസിസി പുനഃസംഘടനയ്‌ക്കൊപ്പമാകും സ്ഥിരം അധ്യക്ഷനെ നിയമിക്കുക.

അതിനിടെ ചെയ്യാത്ത തെറ്റിനാണ് പാലോട് രവി ശിക്ഷയനുഭവിക്കുന്നതെന്ന് എന്‍. ശക്തന്‍ പറഞ്ഞു. എന്നാല്‍, ഉപയോഗിക്കാന്‍പാടില്ലാത്ത ചില വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രവര്‍ത്തകരെ വിരട്ടാനായി എന്തെങ്കിലും പറഞ്ഞേക്കാം. അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പോകണമെന്നാണ് പറഞ്ഞത്. നല്ല ഡിസിസി പ്രസിഡന്റായാണ് പാലോട് രവി പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളില്‍വന്നത് ശരിയല്ല. പൂര്‍ണസംഭാഷണം കേള്‍ക്കുമ്പോള്‍ പാലോട് രവിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മനസ്സിലായെന്നും ശക്തന്‍ പറഞ്ഞു.

എന്നാല്‍ വിവാദ ഫോണ്‍സംഭാഷണത്തില്‍ പാലോട് രവിക്ക് ജാഗ്രതക്കുറവുണ്ടായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിശദീകരിച്ചിട്ടുണ്ട്. ഉപയോഗിച്ച വാക്കുകളില്‍ കുറേക്കൂടി ശ്രദ്ധ വേണമായിരുന്നു. സദുദ്ദേശ്യത്തോടെയാണ് പറഞ്ഞതെങ്കിലും ജാഗ്രതക്കുറവുണ്ടായി. ഡിസിസി പ്രസിഡന്റിന്റെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പാലോട് രവി നല്‍കിയ രാജിക്കത്ത്, എഐസിസിയുമായും സംസ്ഥാനത്തെ നേതാക്കളുമായും ആലോചിച്ചാണ് സ്വീകരിച്ചത്. കെപിസിസി ആവശ്യപ്പെട്ടിട്ടാണോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കൂടുതല്‍ സജീവമാകേണ്ടതിന്റെ ആവശ്യകത ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തകനെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ആരെയും മോശമാക്കി പറഞ്ഞിട്ടില്ല. കൂടുതല്‍ ഐക്യത്തോടെ സജീവമാകേണ്ടതിന്റെ കാര്യമാണ് പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

വിവാദ ഫോണ്‍ സംഭാഷണം മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തത് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നാണ് നടപടി നേരിട്ട എ ജലില്‍ പറയുന്നത്. രതീഷ് എന്നയാളാണ് താനും പാലോട് രവിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നും ഫോണ്‍ സംഭാഷണം അയച്ചുകൊടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്നും ജലീല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'സംഘടനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള, എനിക്ക് സ്വാതന്ത്ര്യമുള്ള നേതാവ് എന്ന നിലയിലാണ് അങ്ങനെയെല്ലാം സംസാരിച്ചത്. സംസാരിച്ചതില്‍ തെറ്റില്ല, ഒരാള്‍ക്ക് പങ്കുവെച്ചതില്‍ എനിക്ക് തെറ്റ് പറ്റി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്ഥാനത്ത് എത്തേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കാരണം ഇത്തരമൊരു നഷ്ടം പാലോട് രവിക്ക് സംഭവിച്ചതില്‍ ദുഃഖമുണ്ട്', എ ജലീല്‍ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറയുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.

Tags:    

Similar News