എം.ആര്‍. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്‍

നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്‍

Update: 2025-08-01 12:03 GMT

പത്തനംതിട്ട: പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തി എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിവാദത്തിലായപ്പോള്‍ അതുണ്ടാക്കിയ കുടുക്കില്‍ നിന്ന് ഊരാന്‍ പമ്പ എസ്എച്ച്ഓ സി.കെ. മനോജിന്റെ ശ്രമം വലിയ കോമഡിയിലേക്ക്. പമ്പ-സന്നിധാനം റൂട്ടില്‍ വഴിവക്കില്‍ ഇരുന്ന് കച്ചവടം ചെയ്യുന്ന കപ്പലണ്ടി കച്ചവടക്കാരെ പിടികൂടി തൊണ്ടി മുതലായ 'കളിപ്പാട്ടങ്ങള്‍' ബന്തവസില്‍ എടുത്തിരിക്കുകയാണ് എസ്എച്ച്ഓ!

ഹൈക്കോടതി വിധി ലംഘിച്ചതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് കേസ് എടുത്തതും കളിപ്പാട്ടങ്ങള്‍ ബന്തവസിലെടുത്തതും. എസ്സിപിഓയുമായി റോന്ത് ചുറ്റുന്ന സമയം കഴിഞ്ഞ 16 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പമ്പ യു ടേണിന് സമീപം നാലുപേര്‍ കപ്പലണ്ടി വില്‍ക്കുന്നത് കണ്ടു. ഹൈക്കോടതി പമ്പയിലും പരിസരത്തും വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളതിനാല്‍ ഇവരെ പിടികൂടി കളിപ്പാട്ടങ്ങള്‍ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊതുസ്ഥലം കൈയേറി കച്ചവടം നടത്തിയതിനാണ് ഇവര്‍ക്കെതിരേ കേസ് എടുത്തത്.

ജൂലൈ 12 ന് രാത്രിയും പിറ്റേന്നുമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി എം.ആര്‍. അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയെന്ന വാര്‍ത്ത മറുനാടനാണ് പുറത്തു വിട്ടത്. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര വിവാദമായപ്പോള്‍ പമ്പ എസ്എച്ച്ഓ സ്വമേധയാ ഒരു കേസ് എടുത്തിരുന്നു. അതില്‍ ട്രാക്ടര്‍ ഓടിച്ച പോലീസുകാരന്‍ മാത്രമായിരുന്നു പ്രതി. വിഷയം ഹൈക്കോടതിയുടെ മുന്നില്‍ എത്തുകയും എഡിജിപിക്കെതിരേ രൂക്ഷവിമര്‍ശനം ഉണ്ടാവുകയും ചെയ്തു. എഡിജിപിക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി റിപ്പോര്‍ട്ടും നല്‍കി. ഇതോടെ അജിത്കുമാറിനെ പോലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മിഷണറാക്കി. ഇതോടെ പോലീസ് വെട്ടിലായി.


എന്നാല്‍, താന്‍ ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കുന്നയാളാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടിയാണ് പമ്പ എസ്എച്ച്ഓ തിരക്കിട്ട് കപ്പലണ്ടി കച്ചവടക്കാരെ പിടികൂടി 'കളിപ്പാട്ടം' കസ്റ്റഡിയില്‍ എടുത്തത്. ഇതിനെതിരേ സസ്പെന്‍ഷനിലുള്ള സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

കുറച്ച് നേരം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ( SHO) ആണ് നിങ്ങള്‍ എന്ന് സങ്കല്‍പ്പിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ ടാസ്‌ക്.

കേരള ഹൈക്കോടതിയുടെ നിരവധി ഉത്തരവുകള്‍ നിലനില്‍ക്കുന്ന ആരാധനാ കേന്ദത്തിലേക്ക് വരുന്ന ഭക്തജനങ്ങളുടെ സുരക്ഷയും അവര്‍ക്ക് തുല്യനീതിയോടെ തീര്‍ത്ഥാടനം നടത്താനുള്ള സാഹചര്യവും ഉറപ്പു വരുത്തുകയാണ് നിങ്ങളുടെ ജോലി എന്ന് കരുതുക.

ഇതില്‍ വരുന്ന വീഴ്ചകളും വിവാദങ്ങളും പരാതികളും പരിഗണിച്ച് ധാരാളം കോടതി വിധികള്‍ നിലവിലുണ്ട് എന്ന് കരുതുക.

വാഹന പാര്‍ക്കിംഗ്, VIP പരിഗണന പാടില്ല, ക്യൂ സിസ്റ്റവും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക തുടങ്ങിയവയൊക്കയാണ് പോലീസിന്റെ പരിപാടികള്‍ എന്ന് കരുതുക.

അവിടെ നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ദര്‍ശന പുണ്യം നേടാന്‍ വരുമ്പോള്‍ കോടതിയുത്തരവ് ലംഘിച്ച് അയാളെ നിങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക ചരക്ക് വാഹനം വിട്ടുകൊടുത്ത് മലമുകളിലെത്തിച്ച് സുഖിപ്പിച്ചു എന്ന് കരുതുക.

ഈ സംഭവം ദൃശ്യങ്ങള്‍ സഹിതം നാട്ടിലെങ്ങും പാട്ടാവുകയും ബഹു. കോടതിയില്‍ എത്തുകയും ചെയ്തു എന്നു കരുതുക.

ഉന്നതനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനും ചരക്കു വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് നിങ്ങള്‍ ഊളത്തരം കാണിച്ചു എന്ന് കരുതുക.

അതും നാട്ടില്‍ പാട്ടായി നിങ്ങള്‍ ( ഇല്ലാത്ത) നാണം കെട്ടു എന്ന് കരുതുക.

വിവാദം കോടതിയിലെത്തിയ സ്ഥിതിക്ക് കോടതിയുത്തരവുകള്‍ നടപ്പാക്കാന്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി നിങ്ങളോട് ആവശ്യപ്പെടും എന്ന് കരുതുക.

ഇത് വരെ ഒരു ചുക്കും ചെയ്യാതെ മേലാളന്മാരെയും സെലിബ്രിറ്റികളെയും സേവിച്ചു സന്തോഷിപ്പിച്ചു നടന്നതിനാല്‍ ഉടനെ എന്തെങ്കിലും ചെയ്തു കൂട്ടി റിപ്പോര്‍ട്ട് ഉണ്ടാക്കണം എന്ന് കരുതുക.

ഈ സാഹചര്യത്തില്‍ SHO എന്ന നിലയില്‍ നിങ്ങള്‍ എന്ത് ചെയ്യും എന്നാണ് ചോദ്യം.

ഉത്തരത്തിന് ആറ് ഓപ്ഷനുകള്‍ താഴെയുണ്ട്. അതില്‍ ഒന്ന് തിരഞ്ഞെടുക്കുകയോ സ്വന്തമായി ഒരു ഉത്തരം പറയുകയോ ചെയ്യാം.

ശരിയുത്തരം തെളിവ് സഹിതം നാളെ ഈ നേരത്ത് ഞാന്‍ പോസ്റ്റ് ചെയ്യാം. എന്നിട്ട് തീരുമാനിക്കാം നമ്മളാണോ അവനാണോ മിടുക്കന്‍ എന്ന്. ??

ഓപ്ഷന്‍ 1) കോടതിയുത്തരവ് ലംഘിക്കുന്ന എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കും.

ഓപ്ഷന്‍ 2) കോടതിയുത്തരവ് ലംഘിക്കുന്ന VIP കപടഭക്തര്‍ക്കെതിരെ നടപടിയെടുക്കും.

ഓപ്ഷന്‍ 3) ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തി കള്ളന്മാരെയും പോക്കറ്റടിക്കാരെയും പിടികൂടി കേസെടുക്കും.

ഓപ്ഷന്‍ 4) നിരോധിത ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ഓപ്ഷന്‍ 5) ഗതാഗതം/ പാര്‍ക്കിംഗ് ലംഘിച്ച് യാത്രാദുരിതമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ഓപ്ഷന്‍ 6) ചോദിക്കാനും പറയാനും ആരുമില്ലാത്ത, കപ്പലണ്ടിവില്പനക്കാരെ പിടികൂടി അറസ്റ്റ് ചെയ്ത് കയ്യിലുള്ള 'കളിപ്പാട്ടങ്ങള്‍' ബന്തവസ്സിലെടുക്കും.

സമയമുള്ളവര്‍ SHO ആയി സങ്കല്‍പ്പിച്ച് ഉത്തരം കമന്റ് ചെയ്യണേ. എന്നെ പിടിച്ച് അകത്തിട്ടിട്ടില്ലെങ്കില്‍ നാളെ വൈകീട്ട് കാണാം ഡിയേഴ്‌സ്.

Tags:    

Similar News