കാപ്പിക്കുരു പറിക്കാന്‍ രാധ എത്തിയത് രാവിലെ എട്ടരയോടെ; പതിയിരുന്ന കടുവ ചാടി വീണു; കഴുത്തില്‍ പിടിമുറുക്കി വലിച്ചിഴച്ചു കൊണ്ടു പോയത് 100 മീറ്ററോളം; ജീവന്‍ പോയന്ന് ഉറപ്പിച്ച ശേഷം തലയുടെ പിന്‍ഭാഗം ഭക്ഷിച്ചു; വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടത് ഈ വന്യത തിരിച്ചറിഞ്ഞ്; പഞ്ചാരക്കൊല്ലിയില്‍ നിറയുന്നത് ഭയപ്പാട്; ബന്ദിപ്പൂരിലെ വന്യമൃഗങ്ങള്‍ വയനാടിനെ വിറപ്പിക്കുമ്പോള്‍
മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തം. പഞ്ചാരക്കൊല്ലി സ്വദേശി രാധയെ അതിക്രൂരമായാണ് കടുവ കൊന്നത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയര്‍ത്തുന്നത്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. അതിനിടെ വെടിവയ്ക്കാന്‍ ഉത്തരവും ഇട്ടു.
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിലാണ് സംഭവം. ജനവാസ മേഖലയാണ് ഇത്. രാവിലെ എട്ടരയോടെയാണ് സംഭവം. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിച്ചു. കഴുത്തില്‍ പിടിമുറുക്കിയ കടുവ രാധയെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെ പിന്‍ഭാഗം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു. ആളുകള്‍ ഓടിയെത്തിയപ്പോള്‍ കടുവ കാട്ടിലേക്ക് മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. മന്ത്രിയെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. കടുവയെ പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
കടുവയെ വെടിവയ്ക്കാന്‍ നൂലാമാലകള്‍ ഏറെയാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കണമെന്നതാണ് ചട്ടം. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കാം. ഇവിടെ രാധയുടെ ശരീര ഭാഗം കടുവ തിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നരഭോജിയാണെന്നും അതീവ അപകടകാരിയാണെന്നും ഉറപ്പിച്ചാണ് വെടിവയ്ക്കാനുള്ള നടപടി.
അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തും, കേന്ദ്ര സര്‍ക്കാരിന്റെ കടുവാ സംരക്ഷണ നയങ്ങള്‍ കാരണം ഈ മേഖലയില്‍ വലിയ തോതില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ടാണ് പെട്രോളിംഗ് കൂട്ടുന്നത്.
പഞ്ചാരക്കൊല്ലി, പ്രിയദര്‍ശിനി, മണിയന്‍കുന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പലവിധമാണ്. ഉരുള്‍പൊട്ടല്‍ അടക്കമുള്ള ഭീഷണിയുള്ള പ്രദേശമാണ് ഇത്. ഇവിടെയാണ് കടുവയും സാധാരണക്കാരുടെ ഭീതിയായി എത്തുന്നത്. ആദിവാസികളെ പുരനധിവസിപ്പിച്ച പ്രിയദര്‍ശിനി തേയില തോട്ടത്തില്‍ 86 കുടുംബങ്ങളോളം ഉണ്ട്. എസ്റ്റേറ്റിന് പുറത്ത് നൂറോളം കുടുംബങ്ങളുമുണ്ട്. ഇവരെയെല്ലാം ആശങ്കയിലാഴ്ത്തിയാണ് കടുവാ ആക്രമണം. പുല്‍പ്പള്ളി അമരക്കുനി മേഖലയില്‍ ദിവസങ്ങളോളം വിറപ്പിച്ച കടുവ കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടത്. എട്ട് വയസോളം പ്രായമുള്ള പെണ്‍ കടുവയാണ് തൂപ്രയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. കൈക്കടക്കം പരിക്കേറ്റ നിലയിലായിരുന്നു കടുവ.
ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പത്ത് ദിവസത്തിനുശഷമാണ് കൂട്ടിലായത്. എല്ലാ ദിവസവും രാത്രി വൈകിവരെ കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ആദ്യം അമരക്കുനിയില്‍ നിന്നായിരുന്നു കടുവ ആടിനെ പിടികൂടിയത്. പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളില്‍ അഞ്ച് ആടുകളെ ഈ പ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്നും കടുവ പിടികൂടിയിരുന്നു. ഓരോ ദിവസവും വനംവകുപ്പ് കൂടും ക്യാമറകളും മാറ്റി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ തൂപ്രയിലെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പഞ്ചാരക്കൊല്ലിയിലെ കടുവയുടെ ആക്രമണം.