കെയര്‍ വിസയ്ക്കായി പഞ്ചാബി നഴ്‌സ് നല്‍കിയത് 23,000 പൗണ്ട്; ടെസ്റ്റ് ട്യൂബ് ക്ലിനിക്കില്‍ മികച്ച ശമ്പളമുള്ള നഴ്‌സ് പ്രിന്‍സ് ജോതിനെ ചതിച്ചതു യുകെയില്‍ വേഗത്തില്‍ നഴ്‌സാകാം എന്ന് വിശ്വസിപ്പിച്ച്; ബ്രിട്ടനിലെ വെയ്ല്‍സ് കെയര്‍ ഹോമില്‍ വിസാ കച്ചവടം തടിച്ചു കൊഴുത്തത് മാധ്യമ ശ്രദ്ധയില്‍

പഞ്ചാബി നഴ്‌സ് നല്‍കിയത് 23,000 പൗണ്ട്; വെയ്ല്‍സ് കെയര്‍ ഹോമില്‍ വിസാ കച്ചവടം മാധ്യമ ശ്രദ്ധയില്‍

Update: 2024-10-08 06:43 GMT

കവന്‍ട്രി: രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി മുന്നേറുന്ന യുകെ കെയര്‍ വിസ തട്ടിപ്പിന് ഇരയായ പതിനായിരക്കണക്കിന് മനുഷ്യരെ ഇപ്പോള്‍ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല പദം ''ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍'' എന്ന് മാത്രമാകും. ഇവരെ കാണുന്നവര്‍ക്ക് പോലും ദയനീയത തോന്നും വിധമുള്ള അവസ്ഥ. സ്വന്തം വീടും കിടപ്പാടവും വരെ പണയപ്പെടുത്തി അതൊക്കെ കൈയ്യില്‍ നിന്നും ചോര്‍ന്നു തെരുവിലേക്ക് എപ്പോള്‍ ഇറങ്ങണം എന്ന ചോദ്യം മാത്രമാണ് ഇവര്‍ക്ക് മുന്‍പില്‍ അവശേഷിക്കുന്നത്.

കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളിയെ തേടിയെത്തിയ ഒരു സഹായ അഭ്യര്‍ത്ഥനയില്‍ യുകെ വിസയ്ക്കായി 14 ലക്ഷം ഏജന്റിന് നല്‍കി ചതിക്കപ്പെട്ട തൃശൂര്‍കാരിയുടെ കദന കഥയാണ് നിറയുന്നത്. ആര്‍ക്കും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ പെട്ടിരിക്കുന്ന യുവതിയുടെ അവസ്ഥ ഏറ്റവും നന്നായി അറിയുന്നതും അവര്‍ക്ക് തന്നെയാണ്. ആത്മഹത്യക്ക് മകളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ധൈര്യം കിട്ടുന്നില്ല എന്ന് പറയുന്ന 30 തികയാത്ത ഒരു യുവതിയുടെ അവസ്ഥ ആര്‍ക്കും വരുത്തരുതേ എന്ന് ചിന്തിക്കാന്‍ മാത്രം കഴിയുന്ന സാഹചര്യം.

പ്രിന്‍സ് ജോതില്‍ നിറയുന്നത് പഞ്ചാബിന്റെ ധീരത, കണ്ടു പഠിക്കട്ടെ മലയാളികള്‍

ഇപ്പോള്‍ സമാനമായ ഒരു ജീവിത കഥയാണ് പഞ്ചാബിലെ മനസാ ജില്ലയിലെ ലക്മിര്‍വാല ഗ്രാമത്തില്‍ നിന്നുള്ള പ്രിന്‍സ് ജോത് കൗര്‍ എന്ന യുവതി ബ്രിട്ടീഷ് മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നത്. ഭട്ടിണ്ടയില്‍ ടെസ്റ്റ് ടുബ് ക്ലിനിക്കില്‍ സ്‌പെഷല്‍ നഴ്സ് ആയിരുന്ന പ്രിന്‍സ് ജോതിനു യുകെയില്‍ കൂടുതല്‍ അവസരം മുന്നിലുണ്ട് എന്ന് പറഞ്ഞു പറ്റിച്ചാണ് ആര്‍ത്തി പിടിച്ച വിസക്കച്ചവടക്കാരന്‍ 23,000 പൗണ്ട് കൈക്കലാക്കി കെയര്‍ വിസ നല്‍കിയത്. യുകെയില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രിന്‍സ് ജോതിന് താന്‍ അസ്സലായി പറ്റിക്കപെട്ടുവെന്ന് ബോധ്യമായി. താന്‍ മാത്രമല്ല തന്നെ പോലെ നൂറു കണക്കിന് ഇന്ത്യക്കാര്‍ യുകെയില്‍ എത്തി വഞ്ചിക്കപ്പെടുകയാണ് എന്ന സത്യം മനസിലാക്കിയതോടെയാണ് പ്രിന്‍സ് ജോത് ഒരു വീരവനിതയുടെ വേഷമണിഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തന്റെ കദന കഥയുമായി എത്തുന്നത്.

താനോ ചതിക്കപ്പെട്ടു, ഇനിയൊരു നഴ്‌സിനും ഈ ഗതി ഉണ്ടാകരുത് എന്ന ചിന്തയിലാണ് ഈ പഞ്ചാബി വനിതയുടെ തുറന്നു പറച്ചില്‍. കേരളത്തില്‍ നിന്നും എത്തി ചതിക്കപ്പെട്ടു നാട്ടിലേക്ക് മടങ്ങിയ ആയിരങ്ങള്‍ അഭിമാനവും നാണക്കേടും ഓര്‍ത്തു ഒരക്ഷരം ചതിയന്മാര്‍ക്ക് എതിരെ ശബ്ദിക്കാതെ മടങ്ങിയിടത്താണ് പ്രിന്‍സ് ജോത് ധീര വനിതാ എന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. ഇത്തരം പ്രിന്‍സ് ജോത് മാര്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ വ്യാജ വിസക്കച്ചവടത്തില്‍ നിന്നും ആയിരക്കണക്കിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ രക്ഷപ്പെട്ടേനെ. എന്നാല്‍ മറുനാടന്‍ മലയാളിയില്‍ നിന്നും ഉള്‍പ്പെടെ സഹായം സ്വീകരിച്ചു കൊടുത്ത പണത്തിന്റെ പാതി പോലും കിട്ടാതെ മടങ്ങിയവര്‍ വരെ ചതിച്ചവര്‍ക്ക് എതിരെ ശബ്ദിക്കാനോ നിയമ നടപടികള്‍ക്കോ തയ്യാറായില്ല എന്നതാണ് വാസ്തവം.

പരുത്തിയും ഗോതമ്പും നെല്ലും ഒക്കെ കൃഷി ചെയ്യുന്ന സാമാന്യം തരക്കേടില്ലാത്ത വീട്ടില്‍ നിന്നുമാണ് ഭേദപ്പെട്ട ശമ്പളവും ഉണ്ടായിരുന്ന പ്രിന്‍സ് ജോത് യുകെയുടെ തിളക്കം പറഞ്ഞു കേട്ട് പുതിയ സ്വപ്നങ്ങള്‍ നെയ്യുന്നത്. ടെസ്റ്റ് ട്യൂബ് ക്ലിനിക്കിന്റെ ശീതളിമയില്‍ ജോലി ചെയ്തിരുന്ന പ്രിന്‍സ് ജോതിനു കെയര്‍ വിസയില്‍ എത്തുമ്പോള്‍ ഒരു നഴ്‌സിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഒരു ജോലിക്കായാണ് താന്‍ വരുന്നതെന്ന് ഒരു നിഗമനവും ഉണ്ടായിരുന്നില്ല. വിസ കച്ചവട ഏജന്‍സി മറ്റൊരു തരത്തിലാണ് പ്രിന്‍സ് ജോതിനെ തെറ്റിദ്ധരിപ്പിച്ചത്. യുകെയില്‍ എത്തിയാല്‍ അവസരങ്ങള്‍ പ്രിന്‍സ് ജോതിന്റെ മുന്നില്‍ വന്നു നിരന്നു നില്‍ക്കും എന്ന വാക്കുകള്‍ അതേപടി ആ യുവതി വിശ്വസിക്കുക ആയിരുന്നു.

നഴ്സ് ആയി ജോലി ചെയ്യാം എന്ന് കരുതി എത്തിയ യുവതിക്ക് യുകെ ജീവിതം നല്‍കിയത് കയ്പുനീര്‍

യുകെയില്‍ എത്തി കൂടുതല്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുക, ആ രംഗത്ത് മികവ് നേടിയ ശേഷം തിരികെ ഇന്ത്യയില്‍ എത്തി സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു പ്രിന്‍സ് ജോതിന്റെ ലക്ഷ്യം. എന്നാല്‍ യുകെയില്‍ എത്തി ദിവസങ്ങള്‍ക്കകം തന്റെ സ്വപ്നങ്ങള്‍ തകരുകയാണ് എന്ന് പ്രിന്‍സ് ജോതിനു ബോധ്യമായി. വെയ്ല്‍സിലെ പ്രേംബൂക്ഷയര്‍ കൗണ്ടിയില്‍ ഉള്ള റിക്സ്റ്റാന്‍ മില്‍ കെയര്‍ ഹോമിലേക്കാണ് പ്രിന്‍സ് ജോത് കെയറര്‍ വിസയില്‍ എത്തുന്നത്.

നഴ്‌സിങ് ജോലിയിലെ മികവുറ്റ നാലു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കയ്യില്‍ പിടിച്ചാണ് ഒരു അക്കാദമിക് യോഗ്യതയും വേണ്ടാത്ത കെയര്‍ ജോലിക്കായി താന്‍ യുകെയില്‍ എത്തിയത് എന്ന് പ്രിന്‍സ് ജോത് മനസിലാക്കിയത് സാവധാനമാണ്. സ്പാര്‍ക് ലൈന്‍ ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഏജന്‍സി നടത്തുന്ന രാം മാഹി എന്ന ഏജന്റാണ് പ്രിന്‍സ് ജോതിനെ യുകെയില്‍ എത്തിക്കുന്നത്. യുകെ വിസയ്ക്കായി 570 പൗണ്ട് മാത്രം മുടക്കേണ്ടിടത്താണ് തന്റെ കയ്യില്‍ നിന്നും ഈ ചതിയന്‍ 26 ലക്ഷം രൂപ കൈക്കലാക്കിയത് എന്ന് പ്രിന്‍സ് ജോത് പറയുമ്പോള്‍ അവരുടെ മുഖം രൗദ്രഭാവം നിറയുകയാണ്.

നാല് മാസം മുന്‍പ് ആണ് പ്രിന്‍സ് ജോത് യുകെയില്‍ എത്തുന്നത്. വന്ന അന്ന് മുതല്‍ കഷ്ടതയാണ് തന്റെ ജീവിതത്തില്‍ എന്ന് കണ്ണീരോടെ പറയുകയാണ് ഈ നഴ്സ്. ശ്രുതി ഗുരുപാതി എന്ന നഴ്‌സും ഭര്‍ത്താവ് സൂര്യയും ചേര്‍ന്നാണ് ഇപ്പോള്‍ ഈ കെയര്‍ ഹോം നടത്തുന്നത്. ഒരൊറ്റ ദിവസം പരിശീലനമാണ് ഈ ജോലിക്കായി നിയോഗിക്കപ്പെടുമ്പോള്‍ തൊഴില്‍ ഉടമ നല്‍കിയത്. എന്താണ് ഈ ജോലിയെന്നോ ജോലിയുടെ സ്വഭാവമോ അറിയാതെ തള്ളിയിടുന്ന അനുഭവമാണ് തോന്നിയതെന്നും പ്രിന്‍സ് ജോത് പറയുന്നു. നഴ്സ് ആയിരുന്നിട്ടു പോലും വൃദ്ധ ജന പരിപാലനത്തില്‍ താന്‍ ഏറെ പ്രയാസപ്പെട്ട നാളുകളാണ് യുകെയില്‍ കാത്തിരുന്നതെന്നു പ്രിന്‍സ് ജോത് ചൂണ്ടിക്കാട്ടുന്നു. സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെട്ടു വരുമ്പോഴേക്കും കുറ്റങ്ങള്‍ കണ്ടു പിടിക്കുന്ന മാനേജ്‌മെന്റ് ശൈലിയിലാണ് കാത്തിരുന്നതെന്നും പ്രിന്‍സ് ജോത് പറയുന്നു.

കൈ ഒഴിഞ്ഞു കെയര്‍ ഹോം, താന്‍ ചതിക്കപ്പെടുന്നവരുടെ പ്രതീകമെന്നു യുവതിയും

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പ്രിന്‍സ് ജോതിനു എങ്ങനെ ജോലി നഷ്ടമായി എന്ന മാധ്യമ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ല എന്നായിരുന്നു കെയര്‍ ഹോം മാനേജ്‌മെന്റിന്റെ നിലപാട്. സ്ഥാപനത്തിന്റെ പോളിസിക്കും പെരുമാറ്റ സംഹിതയ്ക്കും എതിരായാല്‍ പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കും എന്ന മട്ടിലുള്ള മറുപടിയാണ് ഹോം മാനേജ്‌മെന്റ് നല്‍കിയത്. എല്ലാ ജീവനക്കര്‍ക്കും ഒരേ വിധത്തില്‍ ഉള്ള പരിശീലനവും ക്ലാസുകളുമാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് ആ നിലവാരത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെങ്കില്‍ അതിനു ഹോം മാനേജ്‌മെന്റ് ഉത്തരവാദിയല്ല എന്നും അവര്‍ വിശദീകരിക്കുന്നു.

മാത്രമല്ല പ്രിന്‍സ് ജോത് ഉള്‍പ്പെടെ ആരെയും നിയമനത്തില്‍ ഒരു വിസ ഏജന്‍സിയെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അവര്‍ വിശദമാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കെയര്‍ ഹോമുമായി സംസാരിച്ചത് വിസ കച്ചവടക്കാരനായ രാം മഹി ആണെന്നു പ്രിന്‍സ് ജോത് തറപ്പിച്ചു പറയുന്നു. മാത്രമല്ല മൊഹാലി, ഡല്‍ഹി, നേപ്പാള്‍ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ വിസ കച്ചവടം നടത്തുന്ന ലോബിക്ക് എതിരെ പോലീസ് നിയമ നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യവും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഇന്ത്യയില്‍ നിന്നെത്തി ചതിക്കപ്പെടുന്ന അനേകായിരം നഴ്‌സുമാരില്‍ ഒരാളുടെ മാത്രം മുഖമാണ് താനെന്നു പ്രിന്‍സ് ജോത് വിശദമാക്കുന്നു. താന്‍ ജീവനക്കാരി ആണെന്ന് തെളിയിക്കുന്ന ഒരു രേഖയും കെയര്‍ ഹോം നല്‍കിയിട്ടില്ല എന്നും പ്രിന്‍സ് ജോത് കുറ്റപ്പെടുത്തുന്നു. എച്ചഎം ആര്‍ സി നല്‍കുന്ന ശമ്പള സര്‍ട്ടിഫിക്കറ്റോ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറോ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിസ കാലാവധി തീരാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെ മറ്റൊരു ജോലി കണ്ടെത്താന്‍ നിര്‍ബന്ധിത ആയിരിക്കുകയാണ് ഈ യുവതി.

Tags:    

Similar News