കനത്ത് മൂടല്‍മഞ്ഞ്; വഴിതിരിച്ച് വിട്ടിട്ടും അപകടം: അടിയന്തര ലാന്റിങ്ങിന് അനുമതി തേടി; താഴ്ന്ന് പറന്ന് നിലത്ത് മുട്ടിയതും അഗ്നിഗോളമായി മാറി; യാത്രക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു: വിമാനത്തില്‍ ഉണ്ടായിരുന്നത് 67 യാത്രക്കാരും അഞ്ച് ജീവനക്കാരും

Update: 2024-12-25 23:50 GMT

ആസ്താന: ലാന്റിങ്ങിനിടെ തീപിടിച്ച് കത്തിയമര്‍ന്ന് അപകടം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കസാഖിസ്ഥാനിലാണ് യാത്രാ വിമാനം തകര്‍ന്ന് വീണത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കനത്ത മൂടല്‍ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്റ് ചെയ്യാന്‍ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്‌നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കസാഖ് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

അസര്‍ബൈജാനിലെ ബാകു വിമാനത്താവളത്തില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂടല്‍ മഞ്ഞ് കാരണം വിമാനം ഇവിടേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു. വിമാനം ലാന്റ് ചെയ്യുന്നതിന്റെയും കത്തിയമരുന്നതിന്റെയും വിദൂര വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Tags:    

Similar News