പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുന്നതിനായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ഭീമന്‍ കരാറിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കുന്നു. ഏകദേശം 3.25 ലക്ഷം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആയുധക്കരാറായി മാറും. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുെട മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്‍പ് കരാറിന് അന്തിമരൂപം നല്‍കുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധക്കരാറായി ഇത് മാറും. ഇതിന്റെ ഭാഗമായി നൂറോളം വിമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്. 114 റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. 2024 ഡിസംബറിലാണ് അവസാനമായി വ്യോമസേനയ്ക്ക് 'സി' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് രാജ്യത്തെത്തിച്ചത്. കൂടാതെ 26 'എം' വേരിയന്റ് റഫാലുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ കരാര്‍ പ്രകാരമുള്ള 114ല്‍ 100 റഫാല്‍ വിമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് സൂചന. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുക. കൃത്യതയുള്ള ദൗത്യങ്ങള്‍ക്കു പേരുകേട്ട ഇരട്ട എന്‍ജിന്‍, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ ജെറ്റാണ് റഫാല്‍. ഇന്ത്യയ്ക്ക് ഇതിനോടകം 36 റഫാല്‍ യുദ്ധവിമാനങ്ങളുണ്ട്. നാവികസേനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഫാല്‍ വേരിയന്റാണ് 'എം' വേരിയന്റ്. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിലായിരിക്കും 'എം' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക. ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ഇന്ത്യയുടെ ആകാശക്കരുത്ത് ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം വര്‍ദ്ധിക്കും.
