വി.എസിന്റെ തട്ടകത്തില്‍ മകന്‍ അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന്‍ സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎം
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇടതുകോട്ട പൊളിക്കാന്‍ യുഡിഎഫ് തന്ത്രം മെനയുന്നു. വി.എസിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ തന്നെ കളത്തിലിറക്കിയാല്‍ അട്ടിമറി വിജയം നേടാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍, മലമ്പുഴയില്‍ വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ സുരേഷിന്റെ നിലപാട് നിര്‍ണ്ണായകമാകും.
വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ യുഡിഎഫ് ഓഫര്‍ സുരേഷ് തള്ളിക്കളയാനാണ് സാധ്യത. പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയാണെങ്കിലും വി.എസിനോടും കുടുംബത്തോടും ഇപ്പോഴും പുലര്‍ത്തുന്ന വൈകാരിക ബന്ധം സുരേഷിനെ പിന്നോട്ടുവലിക്കുന്നു. അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ യുഡിഎഫ് ടിക്കറ്റില്‍ എതിരാളിയായി നില്‍ക്കില്ലെന്ന സൂചനയാണ് സുരേഷുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്.
സ്ഥാനാര്‍ത്ഥിയാകാന്‍ യുഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ച കാര്യം സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. 'സിപിഎമ്മില്‍ നിന്ന് പുറത്തായിട്ട് 11 വര്‍ഷമായി, പക്ഷേ ഇന്നും ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്' എന്ന സുരേഷിന്റെ വാക്കുകള്‍ യുഡിഎഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വി.എസിന്റെ തട്ടകത്തില്‍ ആ കുടുംബത്തോടുള്ള സ്‌നേഹവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞു കിടക്കുമ്പോള്‍, അരുണ്‍കുമാറിനെ ഇറക്കി സുരേഷിന്റെ വഴി അടയ്ക്കാനാണ് സിപിഎമ്മിലെ ഒരു വിഭാഗം ആലോചിക്കുന്നത്. അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കില്ലെന്നാണ് സിപിഎം കരുതുന്നത്. ബിജെപിക്ക് അതിശക്തമായ സ്വാധീനമുള്ള മലമ്പുഴയില്‍ വിഎസ് വികാരം ശക്തമാക്കുകയാണ് സിപിഎം ലക്ഷ്യം. കേരളത്തില്‍ ഉടനീളം വിഎസ് അനുകൂലികള്‍ സിപിഎമ്മിന് പിന്നില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
മലമ്പുഴയില്‍ വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായാണ് സൂചനകള്‍. മലമ്പുഴ അല്ലെങ്കില്‍ കായംകുളം മണ്ഡലങ്ങളാണ് അരുണ്‍കുമാറിനായി പരിഗണനയിലുള്ളത്. വി.എസിന്റെ അഭാവത്തില്‍ മണ്ഡലത്തിലുണ്ടായ വിടവ് നികത്താന്‍ കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വരുന്നത് ഗുണം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. അരുണ്‍കുമാര്‍ വന്നാല്‍ ചിതറിപ്പോയ വി.എസ് അനുകൂലികളെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
വി.എസിന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ യുഡിഎഫ് രംഗത്തിറക്കിയാല്‍ അത് ഇടതുകോട്ടയില്‍ വിള്ളലുണ്ടാക്കും. എന്നാല്‍ അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ സുരേഷിന് കുടുംബത്തോടുള്ള കൂറ് കാരണം മത്സരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. ഇതോടെ യുഡിഎഫിന്റെ തുറുപ്പുചീട്ട് അപ്രസക്തമാകും. അലപ്പുഴ ജില്ലാ കമ്മിറ്റിയും അരുണ്‍കുമാറിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കായംകുളമാണ് ആദ്യ പരിഗണനയിലുള്ളതെങ്കിലും, രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മലമ്പുഴയില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കാം.
ഐ.എച്ച്.ആര്‍.ഡിയില്‍ ഉന്നത പദവിയിലിരിക്കുന്ന അരുണ്‍കുമാര്‍ രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നതോടെ മലമ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം പാടെ മാറും. വി.എസിനെ സ്‌നേഹിക്കുന്ന കേരളത്തിലെ വിഎസ് ഫാന്‍സിന്റെ വോട്ടാണ് സിപിഎം പ്രധാനമായും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
