ഇടതുഭരണം തുടരരുതെന്ന് തുറന്നടിച്ച സച്ചിദാനന്ദനെ കടിച്ചുകീറി സൈബര്‍ പോരാളികള്‍; സച്ചിദാനന്ദനും സാറാ ജോസഫും കനഗോലുവിന്റെ ഏജന്റുമാരോ? മാഷിന് ഓര്‍മ്മയും യുക്തിയും നഷ്ടമായെന്ന് കരിവെള്ളൂര്‍ മുരളി; സൈബര്‍ വിഡ്ഢികള്‍ക്ക് തന്റെ ചരിത്രമറിയില്ലെന്ന് സച്ചിദാനന്ദന്‍; ഇടത് സാംസ്‌കാരിക കോട്ടയില്‍ വിള്ളല്‍
ഇടത് സാംസ്‌കാരിക കോട്ടയില്‍ വിള്ളല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്‌കാരിക ലോകം ഇപ്പോള്‍ ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദനെതിരെ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നേരിട്ട് രംഗത്തെത്തിയതോടെ പോര് മുറുകി. സച്ചിദാനന്ദനും സാറാ ജോസഫും ഏതോ ഗൂഢപദ്ധതിയുടെ ഭാഗമാണെന്നാണ് കരിവെള്ളൂര്‍ മുരളിയുടെ ആരോപണം.
സംസ്ഥാനത്ത് ഇടത് ഭരണം തുടരരുത് എന്നും അത് പാര്‍ട്ടിയുടെ ആന്തരിക തകര്‍ച്ചയ്ക്ക് കാരണമാകും എന്നും എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടത് ഇടതുപക്ഷ സൈബര്‍ പോരാളികളെ ചൊടിപ്പിച്ചിരിക്കുകയാണ്. അവര്‍ സച്ചിദാനന്ദനെതിരെ തിരിഞ്ഞിരിക്കുകയാണ്. മയത്തിലും, കടുപ്പിച്ചും പലതരത്തിലാണ് വിമര്‍ശനം.
ഇടതുഭരണം തുടര്‍ന്നാല്‍, അത് പാര്‍ട്ടിയുടെ ആന്തരിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന സച്ചിദാന്ദന്റെ കുറിപ്പ് മധ്യ വര്‍ഗ പൊതുബോധത്തിന്റെ ഭാഗമാണെന്നാണ് മിതമായ വിമര്‍ശനം. എന്നാല്‍, സൈബര്‍ പോരാളികളുടെ ആക്രമണത്തിന് ഈ മൃദുലത പ്രതീക്ഷിക്കേണ്ടതില്ല.
യുക്തി നഷ്ടപ്പെട്ട സച്ചിദാനന്ദന്‍ മാഷ്'; കരിവെള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് അമ്പുകള്‍
സച്ചിദാനന്ദനും സാറാ ജോസഫിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് കരിവെള്ളൂര്‍ മുരളി പ്രതികരിച്ചത്. സച്ചിദാനന്ദന്‍ മാഷിന് അടുത്തിടെയായി ഓര്‍മ്മയും യുക്തിയും നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണെന്നും, ഈ വിമര്‍ശനങ്ങളെ അത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നും കരിവെള്ളൂര്‍ പരിഹസിച്ചു.
സി.പി.എം നശിക്കാതിരിക്കാന്‍ അടുത്ത തവണ ഭരണം കിട്ടാതിരിക്കണമെന്ന എം.എന്‍ കാരശ്ശേരിയുടെ മുദ്രാവാക്യത്തിനൊപ്പം സച്ചിദാനന്ദനും സാറാ ജോസഫും കൈപൊക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കോടികള്‍ വാങ്ങി തന്ത്രങ്ങള്‍ മെനയുന്ന കനഗോലുവിന്റെ ഗൂഢപദ്ധതിയില്‍ ഇവര്‍ ഇരകളാവുകയാണെന്നും മുരളി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കരിവെള്ളൂര്‍ മുരളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
സച്ചിദാനന്ദന്‍ മാഷ് എന്താണ് പറയുന്നത്?
സി.പി.എം. നശിക്കാതിരിക്കാന്‍ കേരളത്തില്‍ തുടര്‍ഭരണം ലഭിക്കാതിരിക്കണം, കോണ്‍ഗ്രസ് മുഴുവന്‍ ബി ജെ പി യിലേക്ക് പോയി നശിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കണം. അതിന് സി.പി.എം. നശിക്കാതെ എന്നെന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യണം. കാരശ്ശേരി മാഷ് തുടങ്ങി വെച്ച വിചിത്രമായ ഒരു മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദന്‍ മാഷും സാറടീച്ചറുമാണ്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം ) നെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യണമെന്ന കാരശ്ശേരിയുടെ കൗശല മുദ്രാവാക്യം ഒരു കോറസ്സായിരുന്നു. അതില്‍ കോണ്‍ഗ്രസ്സുകാരായി അറിയപ്പെടുന്ന ചില എഴുത്തുകാരും ഒപ്പമുണ്ടായിരുന്നു. പിന്നെ കോണ്‍ഗ്രസ്സാണോ ആര്‍.എം.പിയാണോ എന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും ഉറപ്പില്ലാത്ത ചിലരും. സച്ചിദാനന്ദന്‍മാഷും ഇതേ കാര്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോഴുള്ളതുപോലെ ഒരു കാമ്പെയിന്‍ സ്വഭാവം അതിനുണ്ടായിരുന്നില്ല.
സാമാന്യരാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം അറിയാം ഒരു തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ അതിന്റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോണ്‍ഗ്രസ്സ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികള്‍ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നത്.
കമ്യൂണിസ്റ്റുകാര്‍ എന്നെങ്കിലും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ കുടുംബത്തോടെ വിഷം കുടിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത കണ്ടത്തില്‍ കുടുംബവും മലയാള മനോരമയും 1957 ഏപ്രില്‍ 5 ന് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ദിവസം വാക്കുപാലിക്കാതെ ഒരു മോന്ത വിഷം പിന്നിലേക്ക് മാറ്റിവെക്കുകയായിരുന്നു. ആ കമ്യൂണിസ്റ്റ് വിരുദ്ധ വിഷമാണ് അന്നുതൊട്ട് അവര്‍ മലയാളികളെ കുടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്രയും മാരകമായ ഇടതു വിരുദ്ധ നിലപാടുള്ള മനോരമയുടെ സര്‍വ്വേയും റിപ്പോര്‍ട്ടും മുതല്‍ സച്ചിദാനന്ദന്‍ മാഷുടെ ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഗ്രഹവും ആഹ്വാനവും വരെ ഒരു തെരഞ്ഞെടുപ്പു വേളയിലെ ആസൂത്രിതമായ കാമ്പെയിനിന്റെ പല അടരുകള്‍ മാത്രമാണ്. ഇടതുപക്ഷത്തിനും സി.പി.എം നു മെതിരെ മനോരമയുടെ വിഷലിപ്തമായ നാവുകള്‍ കൊണ്ടു മാത്രം പറഞ്ഞാല്‍ ഏല്‍ക്കാത്തതുകൊണ്ടാവാണം, പല കാരണങ്ങളാല്‍ വിട്ടുപോയവരെക്കൊണ്ടു മുഴുവന്‍ അനുഭവമായും ആഖ്യാനമായും പാതി വെന്ത കഥകള്‍ മുഴുവന്‍ പാകപ്പെടുത്തി പറഞ്ഞു പരത്തുന്നത്.
ഒരു ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് കോണ്‍ഗ്രസ്സിനോടും ഇന്ത്യയോടും പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഗാന്ധിജി പറഞ്ഞിട്ടും ആരും അതിന് തയ്യാറായില്ല. 1947 മുതല്‍ 1977 വരെ ഇന്ത്യയുടെ കേന്ദ്രഭരണവും മിക്കവാറും സംസ്ഥാനങ്ങളുടെ ഭരണവും കയ്യടക്കിവെച്ചത് കോണ്‍ഗ്രസ്സാണ്. 1967 ല്‍ മാത്രമാണ് 9 സ്റ്റേറ്റുകളില്‍ കോണ്‍ഗ്രസ്സിതര സര്‍ക്കാരുകളുണ്ടായത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ നടപടിയായ അടിയന്തരാവസ്ഥ 21 മാസക്കാലം അടിച്ചേല്‍പ്പിച്ച് പത്രങ്ങളുടെ വായ മൂടിക്കെട്ടിയും പതിനായിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ തടവറകളിലിട്ട് കൊല്ലാക്കൊല ചെയ്തും എഴുത്തുകാരെയും കലാകാരരെയും പീഡിപ്പിച്ചും നൂറുകണക്കിന് യുവാക്കളെ അടിച്ചും ഇടിച്ചും ഉരുട്ടിയും കൊലപ്പെടുത്തിയും ചോരപ്പുഴകളൊരുക്കിയ അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസ് ആദ്യമായി കേന്ദ്രത്തില്‍ സ്ഥാനഭ്രഷ്ടമാകുന്നത്.
30 കൊല്ലം തുടര്‍ച്ചയായും കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഒരു ലോകമഹായുദ്ധത്തില്‍ മരിച്ചു വീഴുന്നത്രയും മനുഷ്യരെ വെടി വെച്ചും കഴുമരത്തിലേറ്റിയും കൊന്നു തീര്‍ത്തിട്ടും കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ അവര്‍ക്ക് തുടര്‍ഭരണം നല്‍കരുതെന്ന ഈ വിചിത്ര മുദ്രാവാക്യം ആരും ഉയര്‍ത്തിയില്ലല്ലോ. 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി സ്വന്തം വസതിയില്‍ വെച്ച് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടപ്പോള്‍ അതുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ആയിരക്കണക്കിന് സിക്കുകാരെ കുത്തിയും വെട്ടിയും പെട്രോളൊഴിച്ച് കത്തിച്ചും കൂട്ടക്കുരുതി നടത്തി വിഭജനകാലത്തെ കലാപത്തെ ഓര്‍മ്മിപ്പിച്ച സിഖ് വംശഹത്യയുടെ ചോരക്കറയുള്ള കോണ്‍ഗ്രസ്സിനോട് ഏഴയലത്ത് തീപ്പെട്ടിയുരച്ചാല്‍ കത്തിപ്പടരുന്ന ഈ പഴയ വീരവിപ്ലവകാരികള്‍ക്ക് ഇപ്പോള്‍ തോന്നുന്ന പ്രണയത്തിന്റെ അര്‍ത്ഥമെന്താണ്. ഒരു വന്മരം കടപുഴകുമ്പോള്‍ ഭൂമി കുലുക്കമുണ്ടാകും എന്ന് ആ വംശഹത്യയെ ന്യായീകരിച്ചത് രാജീവ് ഗാന്ധിയല്ലേ ..
1931ലെ കറാച്ചി സമ്മേളനത്തില്‍ ഭൂപരിഷ്‌കരണം അംഗീകരിക്കുകയും കൃഷിഭൂമി കര്‍ഷകന് എന്ന തത്വം അജണ്ടയാക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. അരനൂററാണ്ടിലധികം ഇന്ത്യ ഭരിച്ചിട്ടും അത്ര തന്നെയും അതിലധികവും സംസ്ഥാനങ്ങള്‍ ഭരിച്ചിട്ടും 95 വര്‍ഷം കഴിഞ്ഞിട്ടും ഏതെങ്കിലും ഒരു സംസ്ഥാനത്തെങ്കിലും അത് നടപ്പാക്കിയിട്ടുണ്ടോ? അധികാരത്തില്‍ വന്നപ്പോഴെല്ലാം അഴിമതിയുടെ ചെളിക്കുളങ്ങളില്‍ തീപ്പന്നികളെപ്പോലെ മുങ്ങിത്തുടിച്ച് അടിസ്ഥാന ജനവര്‍ഗ്ഗങ്ങളെ ചതിച്ചു നിസ്വരാക്കിയ ചരിത്രമൊഴികെ എന്തുണ്ട് കോണ്‍ഗ്രസ്സിന് സ്വന്തമായി ? നെഹ്‌റു ഗവണ്മെന്റിന്റെ കാലത്ത് തന്നെ പാര്‍ലിമെന്റില്‍ അതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സിന്റെ ശത്രു പട്ടികയില്‍ എത്തിയ ആളല്ലേ രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധി.
അതേ പാതയില്‍ അഴിമതിയും അക്രമവുമായി 2014 ല്‍ , 2019 ല്‍, 2024 ല്‍ 15 വര്‍ഷം തുടര്‍ഭരണം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ബി ജെ പി യുടെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ തുടര്‍ച്ചയെക്കുറിച്ചും നമ്മുടെ ആസ്ഥാന ബുദ്ധിജീവികള്‍ക്ക് പരാതിയില്ലല്ലോ. രു കാര്യം വ്യക്തമാണ് 'ഇന്ത്യയെ വിഴുങ്ങുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തലച്ചോറായി പ്രവര്‍ത്തിക്കുന്നത് RSS ആണെങ്കിലും അതിന്റെ ശരീരം മുഴുവന്‍ പഴയ കോണ്‍ഗ്രസ്സുകാരാണ്. പഴയ PCC പ്രസിഡന്റുമാര്‍, മുഖ്യമന്ത്രിമാര്‍, നൂറുക്കണക്കിന് എം.പിമാര്‍, എം എല്‍ എമാര്‍ . ബി ജെ പി യുടെ റിക്രൂട്ടിംഗ് സെന്റര്‍ ആയി മാറിയ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണം എന്ന് പറയുന്നത് ഭംഗ്യന്തരേണ ബി ജെ പി യെ ജയിപ്പിക്കണം എന്നു തന്നെയാണ്. ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് വഴങ്ങാത്ത ഇടതുപക്ഷ ബദലിന്റെ ഒരേയൊരു ശുഭപ്രതീക്ഷാ മുനമ്പാണ് കേരളം. ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ത്ത് യുഡിഎഫിനെ ഭരണമേല്‍പ്പിക്കണമെന്നത് ബി ജെ പി യുടെ അജണ്ടയാണ്. കേരളം പിടിക്കുകയെന്ന ഫാസിസ്റ്റ് ലക്ഷ്യത്തിന്റെ പകുതി ദൂരം പിന്നിടുക എന്നാണ് അത്തരം ഒരു അജണ്ടയിലൂടെ അവര്‍ ആഗ്രഹിക്കുന്നത്. 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ത്തെറിഞ്ഞ് അവിടെ പണിത രാമക്ഷേത്രത്തിന്റെ അടിത്തറയില്‍ വെക്കാന്‍ വെള്ളിക്കട്ടി കളുമായി ക്യൂനിന്നവരാണ് കേന്ദ്ര സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരെല്ലാം. ഒരിക്കലും കേരളത്തിലേക്ക് കടന്നുകയറാന്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളെ തടയിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല.
ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം തിരിച്ചറിയാന്‍ ശേഷിയുള്ള സച്ചിദാനന്ദന്‍ മാഷെയും സാറാ ടീച്ചറെയും പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണ്. ക്ഷമിക്കണം സര്‍,
പക്ഷേ, കേരളത്തിലെ സാധാരണ മനുഷ്യര്‍ നിങ്ങളുടെ അത്രയും ചിന്താശേഷിയും ബൗദ്ധികനിലവാരവും ഉള്ളവരാവണമെന്നില്ലെങ്കിലും അനുഭവം കൊണ്ടും ജീവിതം കൊണ്ടും അവര്‍ ചില ബോദ്ധ്യങ്ങളിലെത്തിച്ചേര്‍ന്നിട്ടുണ്ട്.
1. 65 ലക്ഷത്തോളം സാധാരണക്കാരായ ജനങ്ങള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്റെ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. അതിന് തുടര്‍ച്ച വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.
2. മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ലാ എന്ന വിലാപഗാനം കേട്ടുവളര്‍ന്ന 4 ലക്ഷം കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സര്‍ക്കാര്‍ വീടൊരുക്കി കൊടുത്തിട്ടുണ്ട്. അതിന് തുടര്‍ച്ച വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.
3. 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ പവര്‍കട്ടും ലോഡ് ഷെഡിംഗും കൊണ്ട് ഇരുളിലാണ്ടു കിടന്ന കേരളത്തെ ഒരിക്കല്‍ പോലും വെളിച്ചം കെട്ടുപോകാത്ത നാടാക്കി മാറ്റിയത് അവര്‍ കാണുന്നുണ്ട്. അതിന് അവര്‍ക്ക് തുടര്‍ച്ച വേണം.
4. യാത്രയ്ക്കുള്ള അവകാശം ജനാധിപത്യ അവകാശം കൂടിയാണ്. പാതാളക്കുഴികളായിരുന്ന റോഡുകളും വഴികളും സാര്‍വ്വദേശീയ നിലവാരമുള്ള റോഡുകളായി മാറിയിട്ടുണ്ട്. കരകളെയും ദേശങ്ങളെയും ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് പാലങ്ങള്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതിനും തുടര്‍ച്ച വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.
5. ആശുപത്രികളെല്ലാം ഏറ്റവും ആധുനികമായ കെട്ടിടങ്ങളും സംവിധാനങ്ങളും കൊണ്ട് അതുല്യമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 1 മുതല്‍ 12 വരെയും കേരളത്തിലാണ്. സൗജന്യമായി ചികിത്സ മാത്രമല്ല, സര്‍ജറികളും നല്‍കുന്ന ലോകത്തി ലെത്തന്നെ മികച്ച ആരോഗ്യ സംവിധാനത്തിന് തുടര്‍ച്ച വേണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കോവിഡ് പോലെ ഒരു മഹാമാരി വന്നപ്പോള്‍ കേരളത്തെ LDF സര്‍ക്കാര്‍ കാത്തതുപോലെ ഭാവിയിലും പ്രതിസന്ധി ഘട്ടത്തില്‍ കാത്തുരക്ഷിക്കണമെന്ന് കേരളജനത ആഗ്രഹിക്കുന്നുണ്ട്.
6. മാറാടും പൂന്തുറയും വിഴിഞ്ഞവും എണ്ണമറ്റ വര്‍ഗ്ഗീയ കലാപങ്ങളും കൊണ്ട് രക്തപങ്കിലമായ നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കണമെന്നും ഒരു വര്‍ഗ്ഗീയ കലാപം പോലുമില്ലാത്ത 10 വര്‍ഷം പോലെ സമാധാനത്തിന്റെ നാളുകള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
7. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പറ്റിയ തെറ്റ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരുവുകള്‍ മാലിന്യമലകള്‍ നിറഞ്ഞ് ദുസ്സഹമായിട്ടുണ്ട്. കോര്‍പ്പറേഷനുകളുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്. സംസ്ഥാന ഭരണത്തില്‍ ഭരണമികവിന്റെയും അച്ചടക്കത്തിന്റെയും തുടര്‍ച്ചയുണ്ടാവണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്.
ഇനിയും എഴുതിയാല്‍ അതൊരു ഗ്രന്ഥമായിത്തീരും. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓര്‍മ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദന്‍ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കും. എന്തായാലും ഇക്കാര്യത്തില്‍ സാമാന്യ യുക്തിക്കു നിരക്കാത്ത ഈ രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്ന ഇടത് പ്രൊഫൈലുകളെ വിഡ്ഢികള്‍ എന്ന് വിളിച്ചുകൊണ്ടാണ് സച്ചിദാനന്ദന്‍ തിരിച്ചടിച്ചത്. താന്‍ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് വരിക്കുകയും ഫാസിസത്തിനെതിരെ പോരാടി കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തയാളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ഞാന്‍ ഒരു പദവിക്കും വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ല. എന്നെ വിമര്‍ശിക്കുന്ന അജ്ഞര്‍ക്ക് വേണ്ടി ഇത് പറയുന്നതില്‍ നാണക്കേടുണ്ട്,' സച്ചിദാനന്ദന്‍ കുറിച്ചു. മാര്‍ക്‌സിസം എന്നാല്‍ ദരിദ്രരുടെയും ശബ്ദമില്ലാത്തവരുടെയും കൂടെ നില്‍ക്കലാണെന്നും അല്ലാതെ ഉപരിവര്‍ഗ്ഗത്തിന്റെ വികസനം പറഞ്ഞ് നടക്കലല്ലെന്നും ആധുനിക മാര്‍ക്‌സിസ്റ്റ് ചിന്തകനായ ജാക്ക്വേസ് റണ്‍സിയറെ ഉദ്ധരിച്ച് അദ്ദേഹം സര്‍ക്കാരിനെ കുത്തി.
കേരളം ഉറ്റുനോക്കുന്ന സാംസ്‌കാരിക കലഹം
സര്‍ക്കാര്‍ നിയോഗിച്ച രണ്ട് അക്കാദമി തലവന്മാര്‍ തമ്മിലുള്ള ഈ പോര് സി.പി.എമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും തുടര്‍ഭരണ മനോഭാവത്തെയും സച്ചിദാനന്ദന്‍ ചോദ്യം ചെയ്യുമ്പോള്‍, അതിനെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി അനുകൂലികള്‍ നേരിടുന്നത്.
