തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്‍കാത്തവര്‍ ചെന്ന് വീഴുന്നത് 'മേടപ്പത്ത് വിവാദത്തില്‍'

Update: 2025-03-22 06:27 GMT

തിരുവനന്തപുരം: പത്താമുദയത്തിന് പത്ത് തൈ എങ്കിലും നടണമെന്നാണ് വിശ്വാസം. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മേടമാസത്തില്‍ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിനത്തില്‍ സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കല്‍പം. സൂര്യതേജസ്സ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണല്ലോ മേടം. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതില്‍ത്തന്നെ മേടം പത്താണ് അത്യുച്ചം. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. പത്താമുദയ ദിനത്തിലെ സൂര്യാരാധന സവിശേഷ ഫലദായകമാണ്. ഈ ദിനത്തില്‍ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാല്‍ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള ശുഭദിനവുമാണിത്. അതിനാല്‍ കാര്‍ഷിക ആരംഭത്തിനു ഉത്തമദിനമായി കരുതിപ്പോരുന്നു. മേടമാസത്തിലെ പത്താം നാള്‍ ആണ് പത്താമുദയം വരുന്നത്. ഇതേ ദിവസമാണ് തിരുവനന്തപുരത്തെ സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം. മനോരമയാണ് പത്താമുദയ ദിവസത്തെ എകെജി സെന്റര്‍ ഉദ്ഘാടനം വാര്‍ത്തയാക്കി. ഇത് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ നിഷേധിക്കുകയും ചെയ്തു. അത്തരമൊരു ദിവസം നോക്കല്‍ നടന്നില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്.

പത്താംനാള്‍ വിത്തിടും. തൈകള്‍ നടും. അതു മാത്രമല്ല , ഗൃഹപ്രവേശനത്തിനും പത്താമുദയം അതിവിശിഷ്ടം, പത്താമുദയത്തിന് പുരവാസ്തുബലിയോ പാലുകാച്ചിയോ പുതിയ വീട്ടില്‍ താമസം തുടങ്ങിയാല്‍ ഐശ്വര്യം വന്നു നിറയും! ഒരു ഐതിഹ്യം കൂടി പറയാം. ലങ്കയിലെ കൊട്ടാരത്തില്‍ അനുവാദമില്ലാതെ സൂര്യരശ്മികള്‍ കടന്നുവെന്ന കാരണത്താല്‍ രാവണന്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിക്കാത്ത കാലം. മര്യാദ പുരുഷോത്തമനായ സാക്ഷാല്‍ ശ്രീരാമന്‍ ലങ്കേശനായ രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യഭഗവാന്‍ പരിപൂര്‍ണ തേജസ്സോടെ ഉദിച്ചുയര്‍ന്നത് പത്താംനാളാണ്. പത്താമുദയത്തിന് ! അങ്ങനെ എന്തുകൊണ്ടും ഐശ്വര്യസമ്പല്‍ സമൃദ്ധി കൊണ്ടുവരുന്ന ദിവസമാണ് പത്താമുദയം. ഈ വര്‍ഷത്തെ മേടപ്പത്ത് ഏപ്രില്‍ 23നാണ്. അന്നുതന്നെയാണ് പുതിയ എ.കെ.ജി സെന്ററിലേയ്ക്കുള്ള ഗൃഹപ്രവേശം, അല്ല ഉദ്ഘാടനം.( അത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കാം ) ആഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യസമ്പുഷ്ടമാകട്ടെ ശിഷ്ടകാലം-ഇങ്ങനെയാണ് മനോരമയില്‍ പുതിയ എകെജി സെന്റര്‍ ഉദ്ഘാടന വാര്‍ത്ത വരുന്നത്. തികച്ചും യാദൃശ്ചികമായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്ന് മനോരമ തന്നെ പറഞ്ഞിട്ടുണ്ട്. പത്തമുദയത്തിന്റെ പ്രസക്തിയാണ് ഇതിലൂടെ വിശദീകരിച്ചതും. എന്നിട്ടും ഗോവിന്ദന്‍ വിമര്‍ശനവുമായി വന്നു.

സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓപീസ് ഉദ്ഘാടന തീയതി നല്ല ദീവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറയുന്നു. ഏപ്രില്‍ 23നാണ് ഉദ്ഘാടനം. എങ്ങനെയാണ് ഒരു വാര്‍ത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്റെ പ്രധാന ഉദാഹരണം ആണത്. മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചത്. അതിനെ വേറൊരു തരത്തില്‍ അവതരിപ്പിച്ചു. തെറ്റായ പ്രവണതയാണത്. പൊതുവേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ അല്ലേ സംസ്ഥാന കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇതില്‍ ഒരു വ്യതിയാനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 23ന് അല്ലാതെ മറ്റൊരു ഒഴിവു ദിനവും ഇല്ലയോ എന്ന സംശയം ശക്തമാക്കുന്നതാണ് ഗോവിന്ദന്റെ പ്രതികരണം. പുതിയ കെട്ടിടത്തിന് മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എകെജി സെന്റര്‍ എന്ന് തന്നെ പുതിയ കെട്ടിടത്തിനും പേരു കൊടുത്തു. പുതിയ ബില്‍ഡിംഗിന് മറ്റൊരു പേരു കൊടുത്താല്‍ അത് കോടിയേരിയുടേതാകണം. അത് മനസ്സിലാക്കിയാണ് എകെജി സെന്റര്‍ എന്ന പേരു കൊടുത്തത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കെ കോടിയേരിയാണ് പുതിയ ആസ്ഥാന നിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത്. ഏറെ നൂലാമാലകള്‍ നിറഞ്ഞ ആ സ്ഥലം പലവിധ തന്ത്രങ്ങളിലൂടെ സിപിഎമ്മിന്റെ പേരിലേക്കാക്കിയതും അതില്‍ പരാതികള്‍ ഉയരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തതും കോടിയേരിയാണ്. തറക്കല്ലിട്ടതും പിണറായിയും കോടിയേരിയും ചേര്‍ന്ന്. അതിന് ശേഷമാണ് ആരോഗ്യം മോശമായതും മരണത്തിലേക്ക് കോടിയേരി പോയതും. ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടത്തിന് കോടിയേരിയുടെ പേര് ഉചിതവുമായിരുന്നു. പക്ഷേ കോടിയേരിയുടെ പേര് ഇടുന്നതിനെ ചില പ്രബലര്‍ അനുകൂലിച്ചില്ലെന്നാണ് സൂചന. ആ വിവാദം പാര്‍ട്ടിക്കുള്ളില്‍ കത്തുമ്പോഴാണ് പത്താമുദയ വിവാദവും സിപിഎമ്മിനെ തേടി എത്തുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംശയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് എകെജി സെന്റര്‍ ഉദ്ഘാടനം മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. മേയ് മാസം തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണ്. മേയ് ഒന്നിന് ഈ ആസ്ഥാനം ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം സിപിഎമ്മില്‍ സജീവമാണ്.

കേരളത്തിലെ സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.തിരുവനന്തപുരത്തെ ഗ്യാസ് ഹൗസ് ജങ്ഷനില്‍ നിലവിലെ എ.കെ.ജി. സെന്ററിന് സമീപം പാര്‍ട്ടി വാങ്ങിയ 32 സെന്റ് സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിക്കുന്നത്. നഗരസഭ, അഗ്‌നിരക്ഷാ സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എയര്‍പോര്‍ട്ട് അതോറിറ്റി, മൈനിങ് ആന്‍ഡ് ജിയോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങി ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി മന്ദിരത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം. വാര്‍ത്താ സമ്മേളനത്തിനുള്ള ഹാള്‍, സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ്, യോഗം ചേരാനുള്ള സൗകര്യം, സെക്രട്ടറിയേറ്റിന്റെ പ്രത്യേക മുറി, ഹാളുകള്‍, സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെല്ലാമുള്ള ഓഫീസ് മുറികള്‍, പിബി അംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ ആസ്ഥാനമന്ദിരത്തിലുണ്ടാകും. പരിമിതമായ താമസ സൗകര്യവും മന്ദിരത്തില്‍ സജ്ജീകരിക്കും. ഒമ്പത് നിലകളാണ് പുതിയ എ.കെ.ജി. സെന്ററിനുള്ളത്. ഇതിന് പുറമെ വാഹന പാര്‍ക്കിങ്ങിനായി രണ്ട് ഭൂഗര്‍ഭനിലകള്‍ വേറേയുമുണ്ട്.

പ്രമുഖ വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. ടെക്നോപാര്‍ക്ക് ഫേസ്-3, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ രൂപകല്‍പ്പന ചെയ്ത അയ്യര്‍ ആന്‍ഡ് മഹേഷിന്റെ ഉടമയും പ്രധാന ആര്‍ക്കിടെക്റ്റുമാണ് മഹേഷ്. 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ എ.കെ.ജി. സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

Tags:    

Similar News