റൗഡി ഹിസ്റ്ററി ഷീറ്റും നിരവധി ക്രിമിനല്‍ കേസുകളുമുളള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാനുള്ള നീക്കം; പത്തനംതിട്ട എസ് പിക്ക് പണി കിട്ടുമെന്ന് വന്നതോടെ അഭിഭാഷകനെ റൗഡി ലിസ്റ്റില്‍ നിന്നൊഴിവാക്കാന്‍ നീക്കം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷകന്‍; അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി വൈ എസ് പിക്ക് മേല്‍ എസ്പിയുടെ സമ്മര്‍ദം
തിരുവനന്തപുരം: പ്രമാദമായ കരിക്കിനേത്ത് കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി റൗഡി ഹിസ്റ്ററി ഷീറ്റും നിരവധി ക്രിമിനല്‍ കേസുകളുമുള്ള അഭിഭാഷകനെ നിയമിക്കന്‍ ശിപാര്‍ശ ചെയ്ത് പുലിവാല്‍ പിടിച്ച പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍ കുരുക്കഴിക്കാനുള്ള നീക്കം തുടങ്ങി. ആരോപണ വിധേയനായ അഭിഭാഷകന്‍ പ്രശാന്ത് വി. കുറുപ്പ് തന്നെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയാല്‍ പ്രശാന്തിന് അനുകൂലമായ തരത്തില്‍ നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയെന്ന് പറയപ്പെടുന്നു. പുതുതായി ചുമതലയേറ്റ ഡിവൈ.എസ്.പി ഇതോടെ വെട്ടിലായി.
റൗഡി ഹിസ്റ്ററി ഷീറ്റും നിരവധി ക്രിമിനല്‍ കേസുകളും ഉള്ള പ്രശാന്ത് വി. കുറുപ്പിനെ അക്കാര്യമെല്ലാം മറച്ചു വച്ച് കരിക്കിനേത്ത് കേസില്‍ സ്പെഷല്‍ പ്രോസിക്യുട്ടറാക്കാന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍ പ്രത്യേക താല്‍പര്യമെടുത്തുവെന്ന് കാട്ടി ആലപ്പുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പ്രശാന്തിനെതിരേ 15 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ 17ാമത്തെയാളാണെന്നും ചൂണ്ടിക്കാട്ടി മധുബാബു നല്‍കിയ പരാതിക്കൊപ്പം നിര്‍ണായകമായ തെളിവുകളും സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ പരാതി ഗൗരവമായി എടുത്ത് അന്വേഷണം ഡിഐജിക്ക് കൈമാറി. ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി എന്നാണ് അറിയുന്നത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് താന്‍ പ്രശാന്തിനെ ശിപാര്‍ശ ചെയ്തത് എന്നാണ് എസ്പിയുടെ വിശദീകരണം. പക്ഷേ, പ്രശാന്തിന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു വച്ചതെന്തിനെന്ന ചോദ്യത്തിന് എസ്പിക്ക് മറുപടിയില്ല. മധുബാബുവിന് തന്നോടുള്ള വ്യക്തി വിരോധമാണ് പരാതിക്ക് ഇടയാക്കിയത് എന്നാണ് പ്രശാന്തിന്റെ ആക്ഷേപം. കരിക്കിനേത്ത് കേസിന്റെ അന്വേഷണം തുടക്കത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ് മധുബാബു. കോടതിയില്‍ വരുമ്പോള്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്ന് ഭയന്നാണ് മധുബാബു പരാതി നല്‍കിയിരിക്കുന്നതെന്നും പ്രശാന്ത് പറയുന്നു.
എസ്പിയും പ്രശാന്തും അടുത്ത സുഹൃത്തുക്കളാണെന്നും ആ അടുപ്പം കാരണമാണ് ക്രിമിനല്‍ പശ്ചാത്തലം മറച്ചു വച്ച് പ്രശാന്തിനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശിപാര്‍ശ ചെയ്തത് എന്നാണ് മധുബാബുവിന്റെ പരാതിയില്‍ പറയുന്നത്. എസ്പിക്ക് പണി കിട്ടാതിരിക്കുന്നതിന് കൂടി വേണ്ടിയാണ് പ്രശാന്ത് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് വിവരം. കക്ഷിയായ വനിതയെ ഓഫീസിന് മുകളില്‍ നിന്ന് ചവിട്ടി താഴെയിട്ടതിന് 2023 ല്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഏറ്റവും ഒടുവിലത്തേത്. ഇതേ പോലുള്ള കേസുകളുടെ വിവരം മറച്ചു വയ്ക്കാനാണ് എസ്പി ഡിവൈ.എസ്.പിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് എന്നാണ് അറിയുന്നത്.