ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് തവണ; കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റില്‍; കേസില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം

പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം

Update: 2025-01-13 12:29 GMT

പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തന് ഇരയാക്കിയ കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു. 42 പേര്‍ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനക്കേസിനെക്കാള്‍ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയില്‍ നടന്നത്. കേസില്‍ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്.

പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണത്തിന് ഇരയാക്കിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പീഡന ദൃശ്യങ്ങളും നമ്പരും ഉള്‍പ്പെടെ പ്രചരിപ്പിച്ചവരാണ് ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി പിടിയിലായത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നും എസ്.പി. പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും.

62 പേര്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതില്‍നിന്ന് ഇരട്ടിപ്പുകളും അവ്യക്തതകളും ഒഴിവാക്കിയാണ് 58 പ്രതികളാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയത്. ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ശേഷിക്കുന്നവരെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി. ദീപുവിന്റെ ഇടപെടലാണ് ഒരുവര്‍ഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങള്‍ക്ക് വഴിവെച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വെച്ച് നേരിട്ട് കണ്ടു. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കൊണ്ടുപോയി. മന്ദിരംപടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതില്‍ നാലുപേരാണ് പ്രതികള്‍. മറ്റൊരു ദിവസം പ്രക്കാനം തോട്ടുപുറത്തേക്കാണ് പെണ്‍കുട്ടിയെ യുവാക്കള്‍ കൊണ്ടുപോയത്. അടച്ചിട്ട കടയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് കുട്ടിയെ ഇവര്‍ വീടിന് സമീപം ഇറക്കിവിട്ടുവെന്നും പോലീസ് പറയുന്നു.

2024 ജനുവരി മാസത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി നാലു പേര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് എഫ്ഐആര്‍ പറയുന്നത്. പ്രതികളില്‍ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു. ഇവരെ കാണാന്‍ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയില്‍ വച്ചായിരുന്നു പീഡനം നടന്നത്.

പ്രതികളില്‍ ചിലര്‍ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. 13 -ാം വയസുമുതല്‍ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവില്‍ ആകെ 43 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്.

ആണ്‍സുഹൃത്തായ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പ്രതികളില്‍ പലരും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് പറയുന്നു.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. കാറില്‍ വെച്ച് രണ്ടുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണിലേക്ക് വന്നതും ഫോണില്‍നിന്നും അയച്ചതുമായ ദൃശ്യങ്ങളുടെ വിവരങ്ങളും ഇതുവഴി കണ്ടെത്താന്‍ കഴിയും.

ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്‍കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന്റെ ചുമതല ഡി.ഐ.ജി.ക്ക് കൈമാറി. ജില്ലാ പോലീസ് സൂപ്രണ്ട് അടക്കം 25 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. നിരവധി പ്രതികളുള്ള പോക്‌സോ കേസ് എന്ന പരിഗണനയിലാണ് അന്വേഷണ ചുമതല ഡി.ഐ.ജി. അജിതാ ബീഗത്തിന് കൈമാറുകയും അന്വേഷണസംഘം വിപുലപ്പെടുത്തുകയും ചെയ്തത്.

പത്തനംതിട്ട എസ്.പി. വി.ജി. വിനോദ്കുമാര്‍, ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ ഡി. ഷിബുകുമാര്‍, ടി.കെ. വിനോദ് കൃഷ്ണന്‍, ജിബു ജോണ്‍, വനിതാ എസ്.ഐ. കെ.ആര്‍.ഷെമിമോള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം.

മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്‌സാ കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News