മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാം; പീച്ചിയിലെ മര്‍ദനത്തില്‍ പോലീസുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ടിട്ടും നടപടി എടുത്തില്ല; ഇടനിലക്കാരന്‍ പണം വാങ്ങുന്ന സി സി ടിവി ദൃശ്യങ്ങളും പുറത്തു വിട്ടു ഔസേഫ്
മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാം
തിരുവനന്തപുരം: പീച്ചി പോലീസ് സ്‌റ്റേഷനിലെ മര്‍ദ്ദനത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാമറിഞ്ഞിട്ടും നടപടി എടുത്തില്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഡിജിപി വരെ വിവാദ വീഡിയോയെ കുറിച്ചു അറഞ്ഞിരുന്നു. എന്നിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടില്ല. ഇതിന് തെളിവായി ഡിജിപി പോലീസുകാര്‍ക്ക് എഴുതിയ കത്തും മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തില്‍ പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്താണ് പുറത്തായത്. മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തില്‍ പറയുന്നു. പീച്ചി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതാണെന്നും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്.
2023 മേയില്‍ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തില്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ ഉടമ കെ.പി ഔസേപ്പിനെയും മകനെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഔസേപ്പിനെയും മകന്‍ പോള്‍ ജോസഫിനെയും സ്റ്റേഷനില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതും അപമാനിച്ചതും. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
വിവരാകാശ നിയമപ്രകാരം ദൃശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് തള്ളുകയായിരുന്നു. അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി.ഔസേഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് മര്‍ദ്ദന വീഡിയോ അടക്കംപുറത്തുവന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് പൊലീസ് സ്റ്റേഷനിലേക്കും മര്‍ദനത്തിലേക്കും പിന്നീട് വലിയ നിയമപോരാട്ടത്തിലേക്കും നീണ്ടത്.
2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍, അന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരിയുടെ മകനും ഭക്ഷണം കഴിക്കാനെത്തി. ഇരുവരും ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. സഹോദരിയുടെ മകന് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞതോടെ ബാക്കി ഭാഗം പാഴ്‌സലെടുക്കാന്‍ ഇവര്‍ പറഞ്ഞു. ഇതിനിടെ ഇക്കാര്യം പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഇതോടെ ഹോട്ടല്‍ മാനേജര്‍ റോണി ജോണി സംഭവത്തില്‍ ഇടപെട്ടു. തര്‍ക്കം രൂക്ഷമായതോടെ റോണി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പൊലീസെത്തിയില്ല.
തുടര്‍ന്ന് ഇവര്‍ പരാതി ഇമെയിലായി അയച്ചു. ഇതിന്റെ പകര്‍പ്പ് നല്‍കാനായി റോണിയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പും കൂടി വൈകിട്ട് അഞ്ചു മണിയോടെ പീച്ചി പൊലീസ് സ്റ്റേഷനിലേക്കു പോയി. ഈ സമയം ദിനേഷും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദിച്ചെന്നും ബിരിയാണി ദേഹത്തേക്കിട്ടെന്നുമായിരുന്നു ദിനേഷിന്റെ പരാതി. ഇതോടെ, സ്റ്റേഷനിലെത്തിയ റോണിയെയും ലിതിനെയും എസ്എച്ച്ഒ പി.എം.രതീഷ് തടഞ്ഞുവച്ചെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്‌തെന്നും ഔസേഫ് പറയുന്നു. തുടര്‍ന്നാണ് ഔസേഫിനെ വിവരമറിയിക്കുന്നത്.
മകന്‍ പോള്‍ ജോസഫിനൊപ്പമാണ് താന്‍ സ്റ്റേഷനിലെത്തിയതെന്ന് ഔസേഫ് പറയുന്നു. ''അവിടെവച്ച് ഞങ്ങളും എസ്എച്ച്ഒയും തമ്മില്‍ തര്‍ക്കമുണ്ടായി. റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പിലടയ്ക്കുകയും കേസ് ഒത്തുതീര്‍പ്പാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ വധശ്രമത്തിനും ദിനേഷിന്റെ സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്തെ മകനെ ഉപദ്രവിച്ചെന്ന പേരില്‍ പോക്‌സോ ചുമത്തിയും കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. പോക്‌സോ കേസ് ചുമത്തിയാല്‍ മൂന്നൂ മാസത്തിനു ശേഷമേ ജാമ്യം ലഭിക്കൂ എന്നും അതുകൊണ്ട് എത്രയും വേഗം പരാതിക്കാരനുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു എസ്എച്ച്ഒയുടെ ഭീഷണി.
അഞ്ചു ലക്ഷം രൂപ തന്നെങ്കില്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്നായിരുന്നു ദിനേഷിന്റെ നിലപാട്. ഇതില്‍ മൂന്നു ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ടു ലക്ഷം രൂപ തനിക്കുമെന്നായിരുന്നു ദിനേഷ് പറഞ്ഞത്. ഇതോടെ വീട്ടിലേക്കു വരാന്‍ ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ദിനേഷ് സ്വന്തം കാറില്‍ വീട്ടിലെത്തി. നാല് ലക്ഷം രൂപ നല്‍കിയിട്ട് ഇത്രയും മതിയോ എന്നു ചോദിച്ചെങ്കിലും തന്റെ സഹോദരി ആശുപത്രിയിലാണെന്നും പണത്തിന് ആവശ്യമുള്ളതിനാല്‍ അഞ്ചു ലക്ഷം തന്നെ വേണമെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം രൂപ കൂടി നല്‍കി. സിസിടിവി ക്യാമറയ്ക്കു മുന്നില്‍വച്ചാണ് ഔസേഫ് പണം കൈമാറിയത്. ഇതോടെ സ്റ്റേഷനിലെത്തി ദിനേഷ് പരാതി പിന്‍വലിച്ചു. പിന്നീട് അരമണിക്കൂറിനു ശേഷമാണ് റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പില്‍നിന്ന് വിട്ടയച്ചത്.''
പൊലീസ് സ്റ്റേഷനില്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെന്നാണ് ഔസേഫ് പറയുന്നത്. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷം മുന്‍പാണ് പൊലീസ് സ്റ്റേഷനിലുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിജിഎം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.