വീടിന്റെ അതിര്‍ത്തിയിലുള്ള തോടുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം; പ്രതികാരം തീര്‍ക്കാന്‍ സിപിഐ വാര്‍ഡ് മെമ്പറുടെ മനസ്സില്‍ തെളിഞ്ഞത് വീടിനോട് ചേർന്ന ടോയിലറ്റ് ബുദ്ധി! 70ഓളം കുട്ടികള്‍ക്കും എട്ട് അധ്യാപകര്‍ക്കുമായി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഇരുനിലയിലും ശുചിമുറിയൊരുക്കി എയിഡഡ് കരുതല്‍; ചൂളിയാട്ടെ 'പുതു വിദ്യാഭ്യാസ മോഡല്‍' പാര്‍ട്ടി ഗ്രാമത്തില്‍

Update: 2025-04-05 10:17 GMT

കണ്ണൂര്‍: നവകേരളത്തിലെ വിദ്യാഭ്യാസ മോഡല്‍ ചര്‍ച്ചകളില്‍. ശ്രീകണ്ഠാപുരത്തെ പാര്‍ട്ടി ഗ്രാമമായ മലപ്പട്ടം ചൂളിയാട് എയ്ഡഡ് എല്‍പി സ്‌കൂളിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് ചിത്രങ്ങളിലുള്ളത് മൂന്ന് നിലയാണ്. രണ്ട് നിലകളിലായി ടോയ്ലറ്റും നിർമിക്കുന്നുണ്ട്. എന്നാൽ ഈ ടോയ്‌ലറ്റുകൾ ഒരു മതിലിനപ്പുറമുള്ള വീടിനോട് ചേർന്നാണ് നിർമിക്കുന്നത്. അതിനിടെ മലപ്പട്ടത്ത് വീടിനോട് ചേര്‍ന്ന് സ്‌കൂളിന്റെ മൂത്രപ്പുര നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് ഉന്നത തല സമ്മര്‍ദ്ദം കാരണമെന്ന ആരോപണവുമായി വീട്ടുകാരും എത്തുന്നു. 70ഓളം വിദ്യാർത്ഥികളും, 8 അധ്യാപകരും മാത്രമുള്ള സ്‌കൂളിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഇരുനിലകളിലുമാണ് ടോയ്‌ലറ്റ് നിർമിക്കുന്നത്.

സ്‌കൂളിന്റെ പഠന നിലവാരം വളരെ മോശമാണെന്നാണ് സൂചന. കുട്ടികൾ കുറവായിരുന്നതിനാലും, പഠന നിലവാരം മോശമായിരുന്നതിനാലും സ്‌കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ അത് രാഷ്ട്രീയ ഇടപെടലുകൾ കാരണം സ്‌കൂളിനെതിരെ നടപടിയെടുക്കാനും വിദ്യാഭ്യാസ വകുപ്പിനും കഴിയാതെയായി. പ്രദേശത്തെ കുട്ടികളിൽ ഏറെയും വയക്കര സ്‌കൂളിലാണ് പഠിക്കുന്നതും. പടുവിലായി വാർഡ് മെമ്പർ കൂടിയായ കെ കെ സുധാകരനാണ് സ്‌കൂളിന്റെ മാനേജർ. ഇയാളുടെ പാർട്ടി സ്വാധീനമാണ് അധികാരികളുടെ നിർദ്ദേശങ്ങൾ പോലും അവഗണിച്ച് ടോയ്‌ലറ്റ് നിർമ്മിക്കാൻ അവസരമൊരുക്കിയതും. ഒരേക്കറോളം വരുന്ന വസ്തുവിലാണ് ഈ എയ്ഡഡ് എൽപി സ്‌കൂൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന. നിലവിൽ സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് മൂത്രപ്പുരയുണ്ട്.

എന്നാൽ പരാതിക്കാരനോടുള്ള വ്യക്തി വൈരാഗ്യം കാരണമാണ് വീടിനോട് ചേർന്ന് ടോയ്‌ലറ് നിർമിക്കാൻ കാരണമെന്നും വ്യക്തമാണ്. കുറച്ച് കാലങ്ങളായി വീടിന്റെ മതിലിനോട് ചേർന്നുള്ള തോടുമായ് ബന്ധപ്പെട്ട് അതിർത്തി തർക്കം നിലനിൽക്കുകയാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിന്റെ പ്രതികാരമായാണ് വീട്ടുകാരോട് പാർട്ടി സ്വാധീനമുള്ള സ്‌കൂൾ മാനേജ്‌മെന്റിന്റെ ക്രൂരത. ചൂളിയാട് എല്‍.പി സ്‌കൂളിന്റെ ടോയ്ലറ്റ് നിര്‍മ്മാണത്തിനെതിരേ ആദ്യം പുറപ്പെടുവിപ്പിച്ചിരുന്ന ഡിഎംഒ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി അനുമതി നല്കിയിരിക്കുന്നതായാണ് ആരോപണം. സ്‌കൂളിന്റെ മൂത്രപ്പുര വീടിനോട് ചേര്‍ന്ന സ്ഥലത്ത് നിന്നും മാറ്റണമെന്നും, അവിടെ ഭിന്നശേഷി കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ ടോയ്ലറ്റ് മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ ഉന്നതര്‍ ഇടപെട്ട് ഈ ഉത്തരവില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍മ്മിതി.

കെട്ടിടത്തിന്റെ അവസാന ഘട്ട നിര്‍മ്മാണം തകൃതിയായി നടക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് വീടിന്റെ ഉടമയായ ദാമോദരന്‍ സ്‌കൂള്‍ മൂത്രപ്പുരയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് പരാതി നല്‍കുന്നത്. തുടര്‍ന്ന് ടെക്നിക്കല്‍ അസിസ്റ്റന്റ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂത്രപ്പുര നിര്‍മിക്കുന്നതില്‍ സ്‌കൂള്‍ മാനേജ്മെന്റ കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നല്‍കുകയും ചെയ്തു. പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ മൂത്രപ്പുര അവിടെ നിന്നും ഒഴിവാക്കാനും പകരം ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ടോയിലറ്റ് മാത്രം നിര്‍മ്മിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂടാതെ പരാതിക്കാരന്റെ വീട്ടിലേക്ക് തുറക്കുന്ന ജനല്‍ വിടവുകള്‍ ഒഴിവാക്കുന്നതിനും ഭിന്നശേഷി കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ടോയിലറ്റിന്റെ വെന്റിലേഷന്‍ ദുര്‍ഗന്ധത്തിനിടയാക്കാത്ത തരത്തില്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയതായും ചെയ്തു. ഭിന്നശേഷി വിഭാഗക്കാരല്ലാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നിലവില്‍ സ്‌കൂളില്‍ നിന്നു മാറി ഉപയോഗിച്ചു വരുന്ന ടോയിലറ്റും മൂത്രപ്പുരയും ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി ഉപയോഗിക്കേണ്ടതാണ് എന്ന നിര്‍ദേശം അധികാരികള്‍ നല്‍കിയിരുന്നു. മൂത്രപ്പുരയും ദുര്‍ഗന്ധത്തിനിടയാകാത്ത ടോയിലറ്റും അണുനാശിനികളുപയോഗിച്ച് സ്ഥിരമായി വൃത്തിയായി സൂക്ഷിക്കേണ്ടതാണ് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മനുഷ്യാവകാശ കമ്മീഷന്‍ പരിശോധന നടത്തിയ ശേഷം മൂത്രപ്പുര നിര്‍മ്മിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് വരുന്നതിന്റെ കാലയളവ് ഉപയോഗപ്പെടുത്തി മൂത്രപ്പുരയുടെ നിര്‍മാണം ദ്രുതഗതിയിലാക്കിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു. പല നിലകളിലായാണ് മൂത്രപ്പുരയുടെ നിര്‍മാണം. വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്നതിനായി വീട്ടുകാര്‍ക്ക് ദുര്‍ഗന്ധം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു.

മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്കും, സോക്ക് പിറ്റും ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിക്കണമെന്നും വെന്റിലേഷന്‍ പരാതിക്കാരന്റെ വീടിന്റെ ദിശയില്‍ നിര്‍മ്മിക്കരുതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് സ്‌കൂള്‍ മാനേജ്മെന്റ് മൂത്രപ്പുരയുടെ നിര്‍മാണം നടത്തുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഉത്തരവ് നിലവിലിരിക്കെയാണ് മൂത്രപ്പുരയുടെ നിര്‍മാണം തകൃതിയായി നടന്നത്. ഒടുവില്‍ ഉന്നതര്‍ ഇടപെട്ട് ഈ ഉത്തരവില്‍ മാറ്റം വരുത്തിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.

Tags:    

Similar News